അബഹ - ഖമീസ് മുശൈത്തിലെ പ്രിൻസ് സുൽത്താൻ റോഡിൽ കാറിടിച്ച് രണ്ടു വനിതകൾക്ക് പരിക്കേറ്റു. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് വനിതളെ കാറിടിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷകൾ നൽകി പരിക്കേറ്റവരെ ആംബുലൻസുകളിൽ ഖമീസ് മുശൈത്ത് ജനറൽ ആശുപത്രിയിലേക്ക് നീക്കിയതായി അസീർ റെഡ് ക്രസന്റ് വക്താവ് അഹ്‌മദ് അൽമഇ പറഞ്ഞു.
ഈ പ്രദേശത്ത് അപകടങ്ങൾ തടയുന്നതിന് അടിയന്തിര പോംവഴികൾ ഏർപ്പെടുത്താൻ ഗതാഗത സുരക്ഷാ കമ്മിറ്റിയുമായി ഏകോപനം നടത്തുന്നുണ്ടെന്ന് ഖമീസ് മുശൈത്ത് നഗരസഭ പറഞ്ഞു. ഈ സ്ഥലം അടക്കം നഗരത്തിൽ അപകട സാധ്യത കൂടിയ പ്രദേശങ്ങളിൽ കാൽനടയാത്രക്കാർക്കു വേണ്ടി മേൽപാലങ്ങൾ നിർമിക്കുന്നതിനെ കുറിച്ച് സമഗ്ര പഠനം നടത്തുന്നുണ്ടെന്നും നഗരസഭ പ്രസ്താവനയിൽ പറഞ്ഞു. ഇരുവശത്തുമായി നിരവധി വ്യാപാര സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും പ്രവർത്തിക്കുന്ന ഇവിടെ റോഡ് മുറിച്ചുകടക്കാൻ മേൽപാലം നിർമിക്കുകയാണ് സമാന അപകടങ്ങൾ തടയാൻ ഏറ്റവും മികച്ച പോംവഴിയെന്ന് നാട്ടുകാരും മാധ്യമപ്രവർത്തകരും പറയുന്നു.