Sorry, you need to enable JavaScript to visit this website.

ആർ.എസ്.എസ് പ്രവർത്തകന്റെ കൊല; ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ

പാലക്കാട്- മമ്പ്രത്ത് ആർ.എസ്.എസ് പ്രവർത്തകനെ കൊല്ലാൻ ഉപയോഗിച്ചുവെന്ന കരുതുന്ന ആയുധങ്ങൾ കണ്ടെത്തി. പാലക്കാട് കണ്ണനൂരിലെ ഹൈവേയുടെ അരികിൽനിന്നാണ് വടിവാളുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വടിവാളിൽനിന്ന് രക്തക്കറയും മുടിയും കണ്ടെത്തി. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്. ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ തൃശൂർ ജില്ലയിലേക്ക് രക്ഷപ്പെട്ടുവെന്നാണ് പോലീസ് നിഗമനം. 
ഇന്നലെ രാവിലെ ഒമ്പതു മണിയോടെ നടന്ന സംഭവത്തിൽ എലപ്പുള്ളി തേനാരി മണ്ഡൽ ആർ.എസ്.എസ് ബൗദ്ധിക് പ്രമുഖ് എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസിൽ സഞ്ജിത്(27) ആണ് കൊല്ലപ്പെട്ടത്. മമ്പ്രത്തെ ഭാര്യ വീട്ടിൽ നിന്ന് പാലക്കാട്ടെ ജോലിസ്ഥലത്തേക്ക് ഭാര്യയെ ബൈക്കിൽ കൊണ്ടു പോകുമ്പോഴാണ് കാറിലെത്തിയ നാലംഗ സംഘം യുവാവിനെ ആക്രമിച്ചത്. കാർ കൊണ്ട് ബൈക്കിലിടിച്ച് വീഴ്ത്തിയതിനു ശേഷം വടിവാളു കൊണ്ട് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച ഭാര്യയെ വലിച്ചു മാറ്റിയായിരുന്നു അക്രമണം. അക്രമികൾ കാറിൽ സ്ഥലം വിട്ടതിനു ശേഷം സഞ്ജിത്തിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്.ഡി.പി.ഐ ആണ് സംഭവത്തിനു പിന്നിലെന്ന് ബി.ജെ.പി- ആർ.എസ്.എസ് നേതൃത്വം ആരോപിച്ചു. എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അത് നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയക്കൊലപാതകമാണ് നടന്നത് എന്നാണ് പ്രാഥമിക നിഗമനം എന്നും പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് എന്നും ജില്ലാ പോലീസ് സൂപ്രണ്ട് ആർ.വിശ്വനാഥ് അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സംഘ്പരിവാർ ഇന്നലെ ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് ആറു വരെ മലമ്പുഴ നിയമസഭാ മണ്ഡലത്തിൽ ഹർത്താൽ ആചരിച്ചു. 
ഇതിനിടെ അക്രമം നേരിൽ കണ്ട ഒരാൾ കുഴഞ്ഞു വീണു മരിച്ചു. മരുതറോഡ് സ്വദേശി രാമു(56) ആണ് രക്തം തളം കെട്ടി നിന്ന സ്ഥലത്ത് കുഴഞ്ഞു വീണത്. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
പാലക്കാട് നഗരത്തിലെ ഒരു ധനകാര്യസ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് സഞ്ജിത്. മറ്റൊരു ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ ഭാര്യ അർഷിതക്ക് ഒപ്പം മമ്പ്രത്തെ ഭാര്യവീട്ടിൽ നിന്ന് ജോലിക്ക് ഇറങ്ങിയതായിരുന്നു. വീട്ടിൽ നിന്ന് കഷ്ടിച്ച് അര കിലോമീറ്റർ നീങ്ങിയപ്പോഴേക്കും അക്രമിക്കപ്പെട്ടു.  
എലപ്പുള്ളിയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി നിലനിൽക്കുന്ന ആർ.എസ്.എസ്- എസ്.ഡി.പി.ഐ സംഘർഷത്തിന്റെ തുടർച്ചയാണ് കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂന്നു മാസം മുമ്പ് ആർ.എസ്.എസ് പ്രവർത്തകനെതിരേ ആക്രമണമുണ്ടായി. അതിന്റെ ചുവടു പിടിച്ച് ഒരു എസ്.ഡി.പി.ഐ പ്രവർത്തകന് വെട്ടേറ്റു. സംഘർഷാവസ്ഥ നീറിപ്പുകഞ്ഞു കൊണ്ടിരിക്കുകയാണ്. ആ സംഘർഷങ്ങളിലെല്ലാം സഞ്ജിതും ഉൾപ്പെട്ടിരുന്നു. ആൾ നിരവധി കേസുകളിൽ പ്രതിയാണ്. 
എസ്.ഡി.പി.ഐ ആസൂത്രിതമായി നടപ്പിലാക്കിയതാണ് കൊലപാതകമെന്ന് ബി.െജ.പി ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് ആരോപിച്ചു. സംസ്ഥാനത്ത് ഭരണകൂടത്തിന്റെ മത ഭീകര സംഘടനകൾ അഴിഞ്ഞാടുന്നതിന്റെ തെളിവാണ് സംഭവമെന്നും അദ്ദഹം പറഞ്ഞു. പോലീസ് നടപടിയുണ്ടായില്ലെങ്കിൽ പ്രതിരോധിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോപണം എസ്.ഡി.പി.ഐ നിഷേധിച്ചു. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും പോലീസ് സത്യസന്ധമായ അന്വേഷണം നടത്തണമെന്നും ജില്ലാ പ്രസിഡന്റ് ഷഹീർ ചാലിപ്പുറം ആവശ്യപ്പെട്ടു. സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കാനാണ് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിർദ്ദേശം. ആറുച്ചാമി- സുനിത ദമ്പതികളുടെ മകനാണ് സഞ്ജിത്. ഒമ്പത് മാസം പ്രായമുള്ള രുദ്രകേശവ് ഏകമകനാണ്. സഹോദൻ ശരത്. 

 

Latest News