മഡ്രീഡ് - ഈ സീസൺ തന്നെ ഉറ്റുനോക്കുന്ന ഏറ്റവും ആവേശകരമായ പോരാട്ടത്തിൽ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ പ്രി ക്വാർട്ടർ ആദ്യ പാദത്തിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ റയൽ മഡ്രീഡ് ഇന്ന് നെയ്മാറിന്റെ പി.എസ്.ജിയെ നേരിടും. രണ്ട് കളിക്കാരുടെ മാത്രമല്ല കോച്ചുമാരുടെയും ഭാവി നിർണയിക്കുന്നതായിരിക്കും ഈ പോരാട്ടം. രണ്ടു ടീമുകളുടെയും ശക്തിദൗർബല്യങ്ങളിലൂടെ.
ഗോൾകീപ്പർമാർ: അത്‌ലറ്റിക്കൊ ബിൽബാവോയുടെ കേപയെയാണ് തനിക്ക് ഇഷ്ടമെന്ന കാര്യം റയൽ കോച്ച് സിനദിൻ സിദാൻ മറച്ചുവെച്ചിട്ടില്ല. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഡേവിഡ് ഡിഗിയ ഏതാണ്ട് റയലിൽ ചേർന്നതുമായിരുന്നു. കെയ്‌ലോർ നവാസ് ഒരുവിധം അതിജീവിക്കുകയായിരുന്നു. എന്നാൽ നിർണായക സന്ധികളിൽ ടീമിന്റെ രക്ഷക്കെത്തുന്ന സ്വഭാവമുണ്ട് നവാസിന്. പി.എസ്.ജിയുടെ അൽഫോൺസ് അരിയോള അവരുടെ പകുതിയിലേറെ ലീഗ് മത്സരങ്ങളിൽ ഗോൾ വഴങ്ങിയിട്ടില്ല. ചാമ്പ്യൻസ് ലീഗിലെ ആദ്യ നാലു കളിയിലും അരിയോളയുടെ വല കുലുങ്ങിയില്ല. യൂറോപ്പിലെ മികച്ച ഗോൾകീപ്പർമാരുടെ പട്ടികയിൽ അരിയോള ഇല്ല, എന്നാൽ മോശം പട്ടികയിലും ഇല്ല.
പ്രതിരോധം: കടലാസിൽ ഒന്നാന്തരമാണ് റയൽ പ്രതിരോധം. നാചോയായിരിക്കും ഈ സീസണിൽ അവരുടെ മികച്ച കളിക്കാരൻ. റഫായേൽ വരാനും സെർജിയൊ റാമോസും കൂടെയുണ്ട്. ഡാനി കർവഹാലിന്റെ അഭാവത്തിൽ മാഴ്‌സെലോയും. പലപ്പോഴും വമ്പൻ പിഴവുകൾ വരുത്തി ഈ നിര. മാഴ്‌സെലോയെയും വരാനെയും പരിക്കുകൾ അലട്ടുന്നുണ്ട്. എന്നാൽ അനിവാര്യമായ ഘട്ടത്തിൽ തലയുയർത്തുന്ന പതിവുണ്ട് റാമോസിന്. റയലുമായി താരതമ്യം ചെയ്യുമ്പോൾ മികച്ചതാണ് പി.എസ്.ജി പ്രതിരോധം. ഇരുപത്തിമൂന്നുകാരനായ മാർക്വിഞ്ഞോസ് ഇപ്പോഴത്തെ മികച്ച സെന്റർബാക്കുകളിലൊരാളാണ്. മറ്റൊരു യുവതാരം പ്രസ്‌നെൽ കിംപെംബെയും അതിവേഗം ശ്രദ്ധ പിടിച്ചുപറ്റുന്നു. തിയാഗൊ സിൽവയാണ് പ്രശ്‌നം. എന്നാൽ ഫ്രീകിക്കുകളിൽ തിയാഗോയുടെ ഹെഡർ അപകടം വിതക്കും.
മധ്യനിര: നാലംഗ മധ്യനിരയിൽ നിന്ന് ഗാരെത് ബെയ്ൽ വന്നതോടെ മൂന്നംഗ മധ്യനിരയിലേക്ക് പോയിരിക്കുകയാണ് റയൽ. ഇസ്‌കോക്ക് സ്ഥാനം നഷ്ടപ്പെട്ടതോടെ മധ്യനിരയിൽ ഒഴുക്ക് കുറവാണ്. ടോണി ക്രൂസിനും ലൂക്ക മോദ്‌റിച്ചിനും മുന്നിലായി കസിമീരൊ കളിക്കും. അതേസമയം പി.എസ്.ജിയുടെ മാർക്കൊ വെറാറ്റിയും അഡ്രിയൻ റാബിയോയും മികച്ച മിഡ്ഫീൽഡർമാരാണ്. ഡിഫൻസിവ് മിഡ്ഫീൽഡിലാണ് പ്രശ്‌നം. തിയാഗൊ മോട്ടയെയും ജിയോവാനി ലോസെൽസോയെയും ലസാന ദിയാറയെയും പരീക്ഷിച്ചെങ്കിലും പൂർണ വിജയമല്ല.
ആക്രമണം: ബി-ബി-സി (ബെയ്ൽ-ബെൻസീമ-ക്രിസ്റ്റ്യാനൊ) കൂട്ടുകെട്ട് വീണ്ടും ക്ലിക്കാവുകയാണ്. ബെൻസീമ അവസരങ്ങൾ തുലക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇവർ എങ്ങനെ താളം കണ്ടെത്തുന്നു എന്നത് കളിയുടെ ഗതി നിർണയിക്കും. പി.എസ്.ജിയുടെ നെയ്മാറിന് ഒറ്റക്ക് കളിയുടെ ഗതി തിരിക്കാനാവും. ഇടക്ക് അത്യാഗ്രഹം കാണിക്കുമെങ്കിലും കീലിയൻ എംബാപ്പെയും മെച്ചപ്പെട്ടു വരികയാണ്. എഡിൻസൻ കവാനിയാണ് പലപ്പോഴും പരുങ്ങുന്നത്. എന്നാൽ എയിംഗൽ ഡി മരിയ ഉജ്വല ഫോമിലാണ്.
റയൽ റിസർവ് നിരയിൽ മാർക്കൊ അസൻസിയോയും ഇസ്‌കോയുമുണ്ട്. പി.എസ്.ജി ബെഞ്ചിൽ ഹവിയർ പസ്റ്റോറെ ഡി മരിയ, ജൂലിയൻ ഡ്രാക്‌സ്‌ലർ എന്നിവരിൽ രണ്ടു പേരും.