യു.എ.ഇ പൗരന്‍ നല്‍കിയ ആതിഥ്യവും സല്‍ക്കാരവും മനസ്സ് നിറച്ചതിനെ കുറിച്ച് ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍.
ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം
അനുഭവിച്ചതില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായ ആതിഥ്യമാണ് യു.എ.ഇ
പൗരനായ മുഹമ്മദ് ഈസ മുഹമ്മദ് അല്‍ സമ്തിന്റേതില്‍ നിന്നും ലഭിച്ചത്.
കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി കുടുംബവുമൊത്ത് യു.എ.ഇ.യില്‍ ആയിരുന്നു.
ഒരു ഉദ്ഘാടന വേളയില്‍ പങ്കെടുത്തതിനു ശേഷം അദ്ദേഹം ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുകയുണ്ടായി. വൈകീട്ട് അദ്ദേഹത്തിന്റെ വീട്ടിലെത്തുകയും അവര്‍ നല്‍കിയ മനോഹരമായ അതിഥി സല്‍ക്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തു.
ഒരു ആതിഥേയന്‍ എങ്ങനെയായിരിക്കണമെന്ന് ഞാന്‍ അദ്ദേഹത്തില്‍നിന്നും പകര്‍ത്തുകയായിരുന്നു.അത്രമേല്‍ മനസ്സ് നിറക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആതിഥേയത്വം. ഏറെ ഹൃദ്യമായ ഒരു രാത്രിയായിരുന്നു മുഹമ്മദ് ഈസ അല്‍ സമ്തിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കൂടെ കഴിഞ്ഞുപോയത്. ഒത്തിരി സമയം അവര്‍ ഞങ്ങളോടൊപ്പം ചെലവഴിച്ചു.സ്‌നേഹം ഹൃദയം കൊണ്ട് വരച്ചിട്ട ആ സ്വീകരണ മുറിയില്‍ നിന്ന് പിരിയുന്നത് വരെ ഇഷ്ടവും വാത്സല്യവും കൊണ്ട് ആ വലിയ മനുഷ്യന്‍ ഞങ്ങളെ വിരുന്നൂട്ടി.
കുട്ടികള്‍ക്കുപോലും അദ്ദേഹത്തിന്റെ ആതിഥേയത്വം ഏറെ ഊഷ്മളമായി തോന്നി. ഞങ്ങള്‍ക്കായി സ്വാദിഷ്ടമായ വിരുന്നൊരുക്കിയ ശേഷം അദ്ദേഹം ഞങ്ങളെ ഭക്ഷിപ്പിക്കുന്ന തിരക്കിലായിരുന്നു. എന്റെ മകന്‍ കഴിച്ചതിന്റെ ബാക്കി ഭക്ഷണം അതേ പാത്രത്തില്‍ നിന്നും അദ്ദേഹം കഴിക്കുന്നത് കണ്ടപ്പോള്‍ ഏറെ അത്ഭുതം തോന്നി. തന്റെ അതിഥിയോട് ഇത്രത്തോളം താഴ്മയോടെ പെരുമാറാന്‍ ഒരാള്‍ക്ക് കഴിയുക എന്നത് ഉന്നതമായ നന്മ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ്.
ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നും ഇന്ത്യക്കാരുടെ ആതിഥേയരാണ്. കടല്‍ കടന്നെത്തുന്ന ഓരോ പ്രവാസിയെയും എല്ലാവിധ സഹായവും നല്‍കി ചേര്‍ത്തുപിടിച്ച സംസ്‌കാരമാണ് അറബ് സമൂഹത്തിന്റേത്.അതിഥി സല്‍ക്കാരം എന്നത് ഇസ്ലാം അതീവ പ്രാധാന്യത്തോടെ പഠിപ്പിച്ചിട്ടുള്ള പുണ്യപ്രവര്‍ത്തിയാണ്.ഇസ്ലാമിലെ പ്രധാന കര്‍മ്മമായ ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയിലെത്തുന്നവര്‍ 'അല്ലാഹുവിന്റെ അതിഥികളാണ്. അതിഥി സല്‍ക്കാരമെന്ന ഈ പുണ്യകര്‍മ്മം അന്നും ഇന്നും അത്യധികം ആഹ്ലാദത്തോടെ ചെയ്യുന്നവരാണ് അറബികള്‍.
മുഹമ്മദ് ഈസ മുഹമ്മദ് അല്‍ സമ്തില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച സ്‌നേഹ സത്കാരവും അറബ് സംസ്‌കാരത്തിന്റെ ഈ നിറസൗന്ദര്യത്തെ വീണ്ടും ഓര്‍മപ്പെടുത്തുന്ന അതുല്യമായ അനുഭവമായി മാറി..