കോട്ടക്കൽ- വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യയുടെ ബന്ധുക്കൾ നവവരനെ തട്ടിക്കൊണ്ടു പോയി മർദിച്ചതായി പരാതി. കോട്ടയ്ക്കൽ ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൾ അസീസിന്റെ മകൻ അബ്ദുൾ അസീബി(30)നെയാണ് ഭാര്യവീട്ടുകാർ മർദിച്ചതായി പരാതിയുള്ളത്. വാരിയെല്ലിനും ജനനേന്ദ്രിയത്തിനും ഗുരുതര പരിക്കേറ്റ യുവാവിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയ്ക്കൽ ചോലപ്പുറത്ത് മജീദ്, ഷഫീഖ്, അബ്ദുൾ ജലീൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്നരമാസം മുമ്പായിരുന്നു യുവാവിന്റെ വിവാഹം. യുവാവ് മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്നാണ് ഭാര്യയുടെ ബന്ധുക്കൾ വിവാഹമോചനം ആവശ്യപ്പെട്ടത്. നേരത്തെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നിരുന്നെങ്കിലും ഫലവത്തായില്ല. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി പോലീസ് പറഞ്ഞു.