ദുബായ്- വിവാദങ്ങൾക്കൊടുവിൽ മയിലിനെ കറിവെക്കാതെ ഫിറോസ് ചുട്ടിപ്പാറ. ദുബായിലെത്തി മയിലിനെ കറിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഫിറോസ് അവസാനം തീരുമാനത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു. മയിൽ സുന്ദരനായ ജീവിയാണെന്നും ഇതിനെ കൊല്ലാൻ തോന്നില്ലെന്നും നമ്മുടെ ദേശീയ പക്ഷിയാണെന്നും ഫിറോസ് വീഡിയോയിലൂടെ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫിറോസ് പ്രഖ്യാപിച്ച മയിൽക്കറിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻ കോലാഹലം നടന്നിരുന്നു. മയിലിനെ കറിവെക്കുമെന്ന പ്രഖ്യാപനം ഇന്ത്യയുടെ ദേശീയ പക്ഷിയോടുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടി സംഘ്പരിവാർ രംഗത്തെത്തി. ഇതോടൊപ്പം ഫിറോസിനെ അനുകൂലിക്കുന്നവരും രംഗത്തുവന്നു. ഒടുവിൽ ദുബായിൽ മയിലുമായി എത്തിയ ഫിറോസ് ഇത് ശൈഖിന് സമ്മാനിക്കുമെന്നും അറിയിച്ചു. തന്റെ പേരിൽ നാട്ടിൽ കലഹം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചാണ് ഫിറോസ് വീഡിയോ അവസാനിപ്പിക്കുന്നത്. സംഘ്പരിവാറിനെ കബളിപ്പിച്ചാണ് ഫിറോസ് ചുട്ടിപ്പാറ മയിൽ വിവാദം ഉയർത്തിയതെന്ന് അനുകൂലിക്കുന്നവരും സംഘ് പരിവാറിന്റെ ഭീഷണിക്ക് വഴങ്ങിയാണ് തീരുമാനം മാറ്റിയതെന്ന് സംഘ് പരിവാരും വ്യക്തമാക്കി.