റിയാദ് - ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചക്ക് അത് കരുത്തേകുമെന്നും ഇന്റർകോണ്ടിനന്റൽ ഹോട്ടലിൽ നടന്ന 'ഇന്ത്യ- സൗദി സാമ്പത്തിക സഹകരണവും നിക്ഷേപ അവസരങ്ങളും' സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
നിക്ഷേപത്തിനും വ്യാപാരത്തിനും ഇരു രാജ്യങ്ങൾക്കിടയിൽ മികച്ച അവസരങ്ങളുണ്ടായിട്ടും അത് ഗൗനിക്കപ്പെടുന്നില്ല. വിദൂരമായ അമേരിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമാണ് വ്യവസായികൾ കണ്ണുവെക്കുന്നത്. ചരക്ക് നീക്കത്തിനും മറ്റും സുഗമമായ വ്യോമ, നാവിക പാതകൾ ഇരു രാജ്യങ്ങൾക്കുമിടയിലുണ്ട്. കാർഷിക, ബാങ്കിംഗ്, സാങ്കേതികവിദ്യ രംഗത്ത് നിക്ഷേപത്തിന് ഏറ്റവും നല്ല സാധ്യതകളാണ് ഇന്ത്യയിലുള്ളത്. സൗദിയിലെ നിയോം സിറ്റിയിൽ ഇന്ത്യൻ കമ്പനികൾക്ക് മുതൽമുടക്കാനുള്ള സാഹചര്യങ്ങൾ അനുകൂലമാണ്. ലേബർ നിക്ഷേപത്തേക്കാൾ മൂലധന നിക്ഷേപത്തിനാണ് വ്യവസായികൾ ശ്രദ്ധിക്കേണ്ടത്. ഗൾഫ് രാജ്യങ്ങളുമായി വ്യാപാര വാണിജ്യ രംഗത്ത് ഇന്ത്യ കൂടുതൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ്.
സൗദി അറേബ്യയുടെയും ഇന്ത്യയുടെയും ചാംബർ ഓഫ് കൊമേഴ്‌സുകൾ ഇടപെട്ട് രൂപീകരിച്ച ഇന്ത്യ - സൗദി ബിസിനസ് കൗൺസിലിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ നിക്ഷേപരംഗത്ത് വളർച്ചയുണ്ടാവൂ എന്നും അഭിപ്രായമുണ്ടായി.
ശാസ്ത്ര ഗവേഷണം മുതൽ ശുചീകരണം വരെയുള്ള മേഖലകളിലായി 30 ലക്ഷത്തോളം ഇന്ത്യക്കാർ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നുണ്ട്. സൗദി ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ അവർ മുഖ്യ പങ്കുവഹിക്കുന്നു. സാങ്കേതിക വിദ്യ, ടെലികമ്മ്യൂണിക്കേഷൻ, നിർമാണം, കൺസൽട്ടൻസി സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ 100 ശതമാനം നിക്ഷേപം നടത്തി ഇന്ത്യൻ കമ്പനികൾ സൗദിയിൽ പ്രവർത്തിക്കുന്നുണ്ട്. നിക്ഷേപ സാധ്യതകൾ മുൻനിർത്തി നിരവധി പ്രാവശ്യം ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ പരസ്പര സന്ദർശനം നടത്തുന്നുണ്ടെങ്കിലും അത് വിജയത്തിലേക്കെത്തിക്കുന്നതിന് കൂട്ടായ ശ്രമം വേണമെന്നും സെമിനാർ ആവശ്യപ്പെട്ടു.
ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് ആമുഖ ഭാഷണം നടത്തി. അബ്ദുല്ല ഹമദ് അൽസലാമ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്ല ഇബ്രാഹീം അൽഖുവൈസ്, എഞ്ചിനീയർ ഉമർ അഹമ്മദ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചാംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി മുൻ സെക്രട്ടറി ജനറൽ ആൽവിൻ ദീദാർ സിംഗ്, ഇന്ത്യ- സൗദി ബിസിനസ് കൗൺസിൽ അംഗം ഇർഫാൻ അബ്ദുറസാഖ് സംസാരിച്ചു.