Sorry, you need to enable JavaScript to visit this website.

വഖഫ് ബോർഡിലെ സുന്നി തർക്കം പരിഹാരത്തിലേക്ക്

കേരളത്തിലെ സുന്നി വഖ്ഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിളിച്ചുചേർത്ത യോഗത്തിൽ വഖ്ഫ് മന്ത്രി കെ.ടി ജലീൽ സംസാരിക്കുന്നു.

കോഴിക്കോട് - സുന്നി സംഘടനകൾ തമ്മിലുള്ള വഖഫ് തർക്കങ്ങൾ ഉടൻ പരിഹരിച്ചേക്കും. ഇതിനായി പ്രത്യേക അദാലത്ത് നടത്താൻ വഖഫിന്റെ കൂടി ചുമതലയുള്ള മന്ത്രി കെ.ടി ജലീൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. കേരളത്തിലെ സുന്നി വഖഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് പ്രത്യേക വഖഫ് അദാലത്ത് നടത്തുക. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും കാന്തപുരം വിഭാഗത്തിന്റേയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഏപ്രിൽ ആദ്യവാരം കോഴിക്കോട്ട് നടക്കുന്ന അദാലത്തിൽ വഖഫ് മന്ത്രി, ബോർഡ് ചെയർമാൻ, വഖഫ് ബോർഡ് മെമ്പർമാർ, നിയമ വിദഗ്ധർ എന്നിവർ പങ്കെടുക്കും. ഈ അദാലത്തിൽ നിലവിൽ വഖഫ് ബോഡിൽ വന്നിട്ടുള്ള കേസുകൾ പരിഗണിക്കാനാണ് തീരുമാനം. 
അദാലത്തിനു മാനദണ്ഡം നിശ്ചയിക്കാൻ ഇരു വിഭാഗത്തിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു സബ് കമ്മിറ്റിയേയും നിയോഗിച്ചു. ഉമർ ഫൈസി മുക്കം, പി.എ ജബ്ബാർ ഹാജി, പ്രൊഫ. കെ.എം.എ റഹീം, യഅ്ഖൂബ് ഫൈസി എന്നിവരാണ് മെമ്പർമാർ. ഇവർ അദാലത്തിനു സ്വീകരിക്കേണ്ട പൊതു മാനദണ്ഡം രൂപീകരിക്കുകയും വഖഫ് ബോർഡ് സി.ഇ.ഒയുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ അന്തിമ രൂപം നൽകുകയും ചെയ്യും.
വഖഫ് തർക്കങ്ങൾ പരിഹരിക്കാൻ സ്ഥിരമായ സബ് കമ്മറ്റി രൂപീകരിക്കുമെന്നും എല്ലാ മാസവും ഇതിനായി തീർപ്പാക്കൽ യോഗം ചേരുമെന്നും കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിനുശേഷം കെ.ടി ജലീൽ പറഞ്ഞു. പള്ളി, മദ്‌റസ തുടങ്ങിയ വഖഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തർക്കം കാരണം വഖഫ് ബോർഡിന്റെ സ്ഥാപിത ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ കഴിയുന്നില്ലെന്നും കൂടുതൽ സമയം തർക്ക പരിഹാരത്തിനായി നീക്കി വെക്കേണ്ടിവരികയാണെന്നും മന്ത്രി പറഞ്ഞു. ഇന്നു നടന്ന  ചർച്ചയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇരു വിഭാഗവും ശ്രമങ്ങൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ പ്രതിനിധീകരിച്ച്  മുശാവറ അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹ്്മാൻ മുസ്്‌ലിയാർ, സമസ്ത ഇസ്്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, സമസ്ത ലീഗൽ സെൽ ചെയർമാൻ പി.എ ജബ്ബാർ ഹാജി, കാന്തപുരം വിഭാഗത്തെ പ്രതിനിധീകരിച്ച് മർകസ് മാനേജർ സി മുഹമ്മദ് ഫൈസി, സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി പ്രൊഫ. കെ.എം.എ റഹീം,  സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി യഅ്കൂബ് ഫൈസി എന്നിവർ പങ്കെടുത്തു.

Latest News