കൊച്ചി- ചാരക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ സ്വാധീനിക്കാന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരാണയന്‍ ഉദ്യോഗസ്ഥരുമായി കോടികളുടെ ഭൂമി ഇടപാട് നടത്തിയെന്ന ഹരജി കേരള ഹൈക്കോടതി തള്ളി. സി.ബി.ഐയിലെ അന്വേഷണ ഉദ്യോഗസ്ഥരെ നമ്പി നാരായണന്‍ സ്വാധീനിച്ചുവെന്ന കേരള പോലീസിലെ മുന്‍ ഉദ്യോഗസ്ഥന്‍ എസ്. വിജയനും ഗൂഡാലോചനക്കേസിലെ മറ്റു പ്രതികളും നല്‍കിയ ഹരജിയാണ് തള്ളിയത്.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നമ്പി നാരായണനെതിരേ അന്വേഷണം നടത്തണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍ സിബിഐ ഉദ്യോഗസ്ഥരുമായുള്ള ഭൂമി ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന കേസ് പ്രതികള്‍ നല്‍കിയ ഹരജി നേരത്തെ തിരുവനന്തപുരം സി.ബി.ഐ കോടതിയും തള്ളിയിരുന്നു.
ചാരക്കേസ് അന്വേഷിച്ചിരുന്ന കാലത്ത് കേസില്‍നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി ഇവര്‍ തമ്മില്‍ ഭൂമി ഇടപാട് ഉണ്ടായിരുന്നു എന്നായിരുന്നു ആക്ഷേപം.
എന്നാല്‍, ഉന്നയിക്കപ്പെട്ട ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കൂടുതല്‍ രേഖകളുണ്ടെങ്കില്‍ അവയുമായി വിചാരണ കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.