നെടുമ്പാശ്ശേരി- വിവിധ കേസുകളില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതിയില്‍നിന്നുള്ള സമന്‍സ് കൊടുക്കാന്‍ ചെന്ന പോലീസുകാര്‍ പ്രതിയുടെ വീട്ടിലെ വളര്‍ത്തുനായയെ അടിച്ചുകൊന്നുവെന്ന് പരാതി. പൊയ്ക്കാട്ടുശ്ശേരി കുറുപ്പനേയം വേണാട്ടുപറമ്പില്‍ വീട്ടില്‍ മേരി തങ്കച്ചന്റെ വീട്ടിലെ പഗ് ഇനത്തില്‍പ്പെട്ട 'പിക്‌സി' എന്നു പേരുള്ള വളര്‍ത്തുനായയാണ് ചത്തത്. എട്ടു വയസ്സുള്ള നായക്ക് ഒരു കുഞ്ഞുണ്ട്. ശനിയാഴ്ച വൈകിട്ട് ആറരയോടെ ആണ് സംഭവം. മേരി എസ്.പിക്കു പരാതി നല്‍കിയിട്ടുണ്ട്. നായയെ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മേരിയുടെ മകന്‍ ജസ്റ്റിന് 16 ന് കോടതിയില്‍ ഹാജരാകാനുള്ള സമന്‍സുമായാണ് ചെങ്ങമനാട് എസ്.ഐയും രണ്ടു പോലീസുകാരും വീട്ടിലെത്തിയത്. ഈ സമയം മേരി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. എസ്. ഐയും പോലീസുകാരനും മേരിയോട് സംസാരിക്കുന്നതിനിടെ മറ്റൊരു പോലീസുകാരന്‍ ജസ്റ്റിന്‍ വീട്ടില്‍ ഉണ്ടോ എന്നറിയാന്‍ അടുക്കള ഭാഗത്ത് കൂടി വീടിന് അകത്ത് കയറിയെന്നും ഈ സമയം പെട്ടെന്ന് അടുത്തേക്ക് വന്ന നായയെ പോലീസുകാരന്‍ വിറകു കൊണ്ട് അടിച്ചുകൊന്നുവെന്നുമാണ് പരാതി. ഒച്ചകേട്ട് മേരി അടുക്കളയിലേക്ക് ചെന്നപ്പോഴേക്കും പോലീസുകാരന്‍ പുറത്തേക്ക് ഇറങ്ങി. നായ ചത്തുവെന്നറിഞ്ഞതോടെ മേരി വീടിന് പുറത്തിറങ്ങി കാര്യം ചോദിച്ചതോടെ മൂവരും ജീപ്പില്‍ കയറി. മേരി ഓടിച്ചെന്നു പോലീസ് വാഹനത്തിന്റെ മുന്നില്‍ കയറിനിന്നു. മാറാന്‍ മേരിയോട് ഡ്രൈവര്‍ ആക്രോശിച്ചുവെന്നും പറയുന്നു. വീട്ടില്‍ അതിക്രമിച്ചു കയറി നായയെ കൊല്ലുകയും മേരിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് പരാതിയില്‍ പറയുന്നു. രാത്രി വീട്ടിലെത്തിയ മേരിയുടെ മൂത്തമകന്‍ ജിജോ സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തി പോലീസിനോട് പരാതി പറഞ്ഞു. എന്നാല്‍ പോലീസ് ഈ പ്രശ്‌നത്തിന് ഒരു പരിഹാരമുണ്ടാക്കാന്‍ മുതിര്‍ന്നില്ലന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിലുണ്ടായ ഒരു അടിപിടി കേസില്‍ ജസ്റ്റിനെ പോലിസ് പിടികൂടിയിരുന്നു.
എന്നാല്‍ പല കേസുകളില്‍ പ്രതിയായ ജസ്റ്റിന്റെ സമന്‍സുമായി ചെല്ലുമ്പോള്‍ ഒപ്പിട്ടു സ്വീകരിക്കാത്തതില്‍ വീടിനുമുന്‍പില്‍ നോട്ടിസ് പതിപ്പിക്കാനാണ് ശനിയാഴ്ച ഈ വീട്ടില്‍ പോയതെന്ന് ചെങ്ങമനാട് പോലിസ് പറഞ്ഞു. ുറ്റത്ത് പെട്ടെന്ന് നായ ഓടിയെത്തി കാലില്‍ കയറിയപ്പോള്‍ പോലീസുകാരന്‍ കാലുകൊണ്ട് കുടഞ്ഞുമാറ്റുക മാത്രമാണ് ചെയ്തത്. നായയുടെ ശല്യംമൂലം നോട്ടിസ് പതിപ്പിക്കാന്‍ കഴിഞ്ഞില്ല. പരാതിക്ക് പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ടെന്നും സംശയമുള്ളതായി പോലിസ് പറഞ്ഞു.