തിരുവനന്തപുരം- സി.എ.ജി റിപ്പോര്‍ട്ടില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചതിനെതിരെ വീണ്ടും കിഫ്ബി രംഗത്ത്. സി.എജി റിപ്പോര്‍ട്ട് വസ്തുതക്ക് നിരക്കാത്തതാണെന്ന് കിഫ്ബിയുടെ വിശദീകരണം. ബജറ്റിന് പുറത്ത് കടമെടുപ്പിനുള്ള സംവിധാനമായി കിഫ്ബിയെ ഉപയോഗിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശം സി.എ.ജി റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരുന്നു. കൂടാതെ കിഫ്ബി വായ്പ സര്‍ക്കാര്‍ ബജറ്റിലും അക്കൗണ്ടിലും ഉള്‍ക്കൊള്ളിക്കണമെന്ന ആവശ്യവും സി.എ.ജി മുന്നോട്ടുവച്ചു. ഇതിനെതിരെയാണ് ഫേസ്ബുക്കിലൂടെ കിഫ്ബി വിമര്‍ശം ഉന്നയിച്ചത്.
കിഫ്ബിയും ആന്യുറ്റി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഒരു തനത് സാമ്പത്തിക സംവിധാനമാണെന്നും അല്ലാതെ ബജറ്റിന് പുറത്ത് കടമെടുക്കാന്‍ ഉണ്ടാക്കിയ സംവിധാനമല്ലെന്നും കിഫ്ബിയുടെ കുറിപ്പില്‍ പറയുന്നു. കിഫ്ബിയുടെ കാര്യത്തില്‍ ഇരുപത്തഞ്ച് ശതമാനം പദ്ധതിയെങ്കിലും വരുമാനദായകമാണ്. വൈദ്യുതി ബോര്‍ഡ്, കെ ഫോണ്‍, വ്യവസായ ഭൂമി തുടങ്ങിയവക്ക് നല്‍കുന്ന വായ്പ, മുതലും പലിശയും ചേര്‍ന്ന് കിഫ്ബിയില്‍ തിരിച്ചെത്തുന്നുണ്ട്. അങ്ങനെ നോക്കിയാല്‍ ഈ തുകയും നിയമം മൂലം സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ചേര്‍ത്താല്‍ കിഫ്ബി ഒരിക്കലും കടക്കെണിയില്‍ ആവില്ല. കിഫ്ബി ശാസ്ത്രീയമായി രൂപകല്പന ചെയ്തിരിക്കുന്ന ഒരു വലിയ ആന്യൂറ്റി സ്‌കീം ആണ്. കിഫ്ബിക്ക് മോട്ടോര്‍ വാഹന നികുതിയുടെ പകുതിയും പെട്രോള്‍ സെസ്സ് തുകയും നല്‍കുമെന്ന് സര്‍ക്കാര്‍ നിയമംമൂലം ഉറപ്പ് നല്‍കുന്നുണ്ട്.
കിഫ്ബിക്ക് വരും വര്‍ഷങ്ങളില്‍ ലഭിക്കുന്ന വരുമാനവും കൃത്യമായി കണക്ക് കൂട്ടാന്‍ ആവും. ഭാവിയില്‍ ഒരുഘട്ടത്തിലും കിഫ്ബിയുടെ ബാധ്യതകള്‍ വരുമാനത്തെ അധികരിക്കില്ല എന്ന് ഉറപ്പു വരുത്തി മാത്രമേ കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് പ്രോജക്ടുകള്‍ അംഗീകരിക്കൂവെന്നും കിഫ്ബി ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. കിഫ്ബി നിയമവിധേയമല്ല പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനത്തിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക് രംഗത്ത് എത്തിയത് വലിയ വിവാദം ഉയര്‍ത്തിയിരുന്നു.