റിയാദ്-ഓണ്‍ലൈന്‍ ഷോപ്പിംഗ് വ്യാപകമായതോടെ തട്ടിപ്പുകളും വര്‍ധിച്ചിരിക്കയാണ്. പ്രശസ്തമായ ഓണ്‍ലൈന്‍ സ്‌റ്റോറുകളുടെ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുണ്ടാക്കിയും തട്ടിപ്പുകാര്‍ വിലസുന്നുണ്ട്.
കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുള്ളതോ, വാണിജ്യ മന്ത്രാലയത്തിന്റെ മഅ്‌റൂഫ് സേവനത്തില്‍ രജിസ്റ്റര്‍ ചെയ്തതോ ആയ അറിയപ്പെടുന്നതും വിശ്വാസയോഗ്യവുമായ ഓണ്‍ലൈന്‍ സ്റ്റോറുകളുമായി മാത്രം ഇടപാടുകള്‍ നടത്തണമെന്ന് ഉപയോക്താക്കളോട് സൗദി വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഏഴു അടയാളങ്ങളിലൂടെ വ്യാജ ഓണ്‍ലൈന്‍ സ്റ്റോറുകളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
1. വിപണനത്തിന് സാമൂഹികമാധ്യമങ്ങളുടെ വ്യാപക ഉപയോഗം.
2. ആശയവിനിമയത്തിനുള്ള വിവരങ്ങളും നമ്പറുകളും പരസ്യപ്പെടുത്താതിരിക്കുക.
3. യഥാര്‍ഥത്തില്‍ ഇല്ലാത്ത വിലാസങ്ങള്‍ പരസ്യപ്പെടുത്തുക.
3. ഉല്‍പന്നങ്ങളുടെ വ്യാജ വിലയിരുത്തലുകള്‍ (റിവ്യൂകള്‍) പരസ്യപ്പെടുത്തുക.
4. വ്യാജ ഓഫറുകള്‍ പ്രഖ്യാപിക്കുക.
5. ഇ-മെയിലിലൂടെ മാത്രം ആശയവിനിമയം നടത്തണമെന്ന് ആവശ്യപ്പെടുക.
6 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ ഇല്ലാതിരിക്കുക.
7. മഅ്‌റൂഫ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുക.
ഇത്തരം ഓണ്‍ലൈന്‍ സ്റ്റോറുകളെ കണ്ടെത്താനും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി അവ ബ്ലോക്ക് ചെയ്യാനും ശ്രമങ്ങള്‍ തുടരുകയാണെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു.
ഓണ്‍ലൈന്‍ സ്റ്റോറുകളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ മഅ്‌റൂഫ് പ്ലാറ്റ്‌ഫോം വഴിയോ 1900 എന്ന നമ്പറില്‍ കംപ്ലയിന്റ്‌സ് സെന്ററില്‍ ബന്ധപ്പെട്ടോ ഉപയോക്താക്കള്‍ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.