Sorry, you need to enable JavaScript to visit this website.

ബ്രഹ്മഗിരിയുടെ ഹരിതശോഭ

ഭാഷാപിതാവിന്റെ നാമധേയത്തിലുള്ള പുരസ്‌കാരം തന്നെ തേടിയെത്തുമെന്ന് നെല്ലിന്റെ കഥാകാരി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.  ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് എഴുത്താചാര്യന്റെ പുരസ്‌കാരം വന്നുചേർന്നപ്പോൾ കഥാകാരിയുടെ മങ്ങിത്തുടങ്ങിയ ഓർമ്മകൾക്ക് വീണ്ടും തിളക്കം വന്നിരിക്കുന്നു. ഏറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും എഴുത്തച്ഛൻ പുരസ്‌കാരത്തിന് ഏറെ പ്രസക്തിയുണ്ട്. വലിയ സന്തോഷത്തോടെയും ഏറെ അഭിമാനത്തോടെയുമാണ് ഈ അംഗീകാരം ഏറ്റുവാങ്ങുന്നത്. വിടർന്ന ചിരിയോടെ വത്സല ടീച്ചർ പറഞ്ഞുതുടങ്ങുന്നു. എന്റെ എഴുത്തിനെ രൂപപ്പെടുത്തിയെടുക്കുന്നതിൽ രാമായണം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. അച്ഛമ്മയും അമ്മയുമെല്ലാമാണ് കുട്ടിക്കാലത്ത് രാമായണ വായനയിലേയ്ക്ക് എന്നെ ആനയിച്ചത്. പ്രീഡിഗ്രി പഠനകാലത്ത് സുന്ദരകാണ്ഡം പാഠഭാഗമായുണ്ടായിരുന്നു. പ്രോവിഡൻസ് കോളേജിലെ പ്രൊഫ. സരോജിനി ടീച്ചറുടെ ക്ലാസുകളും ഏറെ സ്വാധീനിച്ചിട്ടുണ്ട്. 


മുക്കത്തിനടുത്ത അഗസ്ത്യൻമൂഴിയിലുള്ള മകൾ ഡോ. മിനിയുടെ വീട്ടിലാണ് ടീച്ചറും ഭർത്താവ് അപ്പുക്കുട്ടൻ മാസ്റ്ററും താമസിക്കുന്നത്. പ്രായം എൺപത്തിമൂന്നിലെത്തിനിൽക്കുന്നു. ഓർമകളുടെ കയറ്റിറക്കങ്ങൾക്കിടയിൽ ഇപ്പോഴും വായനയും എഴുത്തും ടീച്ചർ കൈവിട്ടിട്ടില്ല. ബാല്യകാലം പശ്ചാത്തലമാക്കിയുള്ള നോവലിന്റെ പണിപ്പുരയിലാണിപ്പോൾ. മലാപ്പറമ്പിലെ കാനങ്ങോട്ട് തറവാട്ടിലെയും വെള്ളിമാടുകുന്നിലെ വീട്ടിലെയും ബാല്യകാല സ്മരണകൾ കൂടിയാണ് ഈ നോവൽ. കിളികൾക്കൊപ്പമുള്ള കുട്ടിക്കാലത്തിന്റെ ഓർമ്മകളായതിനാൽ കിളിക്കാലം എന്നാണ് നോവലിന് പേരു നൽകിയിരിക്കുന്നത്. 
ഇരുപത്തഞ്ച് അധ്യായങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. സകൂൾ ജീവിതവും മലബാറിലെ രാഷ്ട്രീയ പശ്ചാത്തലവും കുടുംബകഥകളും അച്ഛനും അമ്മയുമെല്ലാം ഇതിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട്. കൂടാതെ നമ്മുടെ നാട്ടിൽ പെരുകിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതം ഇതിവൃത്തമാക്കുന്ന മറ്റൊരു നോവലും എഴുതിത്തുടങ്ങിയിരിക്കുന്നു.
മണ്ണിന്റെ ഗന്ധമുള്ള സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌കാരമാണ് വത്സല ടീച്ചറുടെ രചനകൾ. ജീവിതത്തിന്റെ പുറംകാഴ്ചകളിൽ അഭിരമിക്കാതെ ആന്തരിക സംഘർഷങ്ങളാണ് അവയിലേറെയും ആവിഷ്‌കരിച്ചിരിക്കുന്നത്. ലളിതമായ ആഖ്യാനശൈലികൊണ്ട് അവ വായനക്കാരുടെ മനസ്സ് കീഴടക്കുകയായിരുന്നു.


പ്രകൃതിയും മനുഷ്യനും വന്യമൃഗങ്ങളും പരസ്പരം പോരടിച്ചുകൊണ്ട് ജീവിതം നയിക്കുന്ന തിരുനെല്ലിക്കാടുകളുടെ കഥ പറഞ്ഞ നെല്ല് എന്ന നോവലിലൂടെയാണ് ടീച്ചർ മലയാളികൾക്ക് പ്രിയങ്കരിയായത്. അധ്വാനം മുൻകൂർ വിറ്റ് അടിമപ്പണം വാങ്ങി, ഒരു ദിവസംകൊണ്ട് ധൂർത്തടിച്ച് നിസ്വരായി മാറുന്ന അടിയാളന്മാർ. ജന്മിമാരുടെയും കൈയേറ്റക്കാരുടെയും പുഴയുടെയും കാടിന്റെയും വഞ്ചനയ്ക്ക് അടിപ്പെട്ട് വിശപ്പമർത്തി, എരിയുന്ന വയറുമായി കാട്ടുകിഴങ്ങുകൾ തേടിനടക്കുന്ന നിശ്ശബ്ദജീവികൾ. മനുഷ്യരായതുകൊണ്ട് അവരും വനാന്തരങ്ങളിൽ പണിപ്പെട്ട് ജീവിതസൗധങ്ങൾ പണിതുയർത്തുന്നു. ബ്രഹ്മഗിരിയെ തഴുകിയെത്തുന്ന കോടക്കാറ്റിൽ അവ ഇളകിവീണ് ഉടഞ്ഞുചിതറുന്നു. മല്ലന്റെയും മാരയുടെയും സ്വപ്‌നവും ഇവിടെ എരിഞ്ഞുതീരുകയായിരുന്നു. അതിരുകളില്ലാത്ത അനുഭവലോകത്തുനിന്നും അവരുടെ കഥകളും കഥാപാത്രങ്ങളും പിറവിയെടുത്തപ്പോൾ നെല്ല് ഒരു മഹാകാവ്യമായി മാറി.  ഒരമ്മയുടെ ആർദ്രതയോടെയാണ് എഴുത്തുകാരി ഈ കഥാപാത്രങ്ങളെ ചേർത്തുപിടിച്ചത്. കവിത തുളുമ്പുന്ന ഭാഷയിൽ, കാടിന്റെ ഭംഗിയും വിശുദ്ധിയും കരുത്തും ഏറെയുള്ള ഒരു കഥാപ്രപഞ്ചം വായനക്കാർക്കുമുന്നിൽ അവതരിപ്പിക്കുകയായിരുന്നു വത്സല ടീച്ചർ.

 


കാനങ്ങോട്ട് ചന്തുവിന്റെയും പത്മാവതിയുടെയും മകളായ വത്സല കുട്ടിക്കാലംതൊട്ടേ വായനാതൽപരയായിരുന്നു. ഹൈസ്‌കൂൾ പഠനകാലതൊട്ടേ കഥയും കവിതയുമൊക്കെ എഴുതിത്തുടങ്ങി. വിവർത്തകനായിരുന്ന എം.എൻ. സത്യാർത്ഥിയെ പരിചയപ്പെട്ടതോടെയാണ് എഴുത്ത് ഗൗരവമായെടുത്തത്. മാതൃഭൂമിയിലും മറ്റും കഥകളെഴുതിയിരുന്ന കാലത്താണ് ഒരിക്കൽ നാട്ടുകാരൻ കൂടിയായ എസ്.കെ. പൊറ്റെക്കാടിനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് വയനാട്ടിലെ ആദിവാസികൾ അനുഭവിക്കുന്ന നരകയാതനകൾ കഥയാക്കി എഴുതിക്കൂടേ എന്നു ചോദിച്ചത്. വയനാടിനെക്കുറിച്ച് അവിടെ ജോലി ചെയ്തിരുന്ന അച്ഛൻ പറഞ്ഞുള്ള അറിവേ ഉണ്ടായിരുന്നുള്ളു. എങ്കിലും എസ്.കെ.യുടെ ചോദ്യം ഒരു വെല്ലുവിളിയായി സ്വീകരിച്ച് വയനാട്ടിലേയ്ക്കു തിരിക്കുകയായിരുന്നു. ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസറായിരുന്ന കെ. പാനൂരിന്റെ കത്തുമായി തിരുനെല്ലിയിലെ രാഘവൻ മാസ്റ്ററെ കാണാനെത്തി. നല്ല റോഡോ വാഹന സൗകര്യമോ ഒന്നുമുണ്ടായിരുന്നില്ല. കാട്ടുപാതയിലൂടെ സഞ്ചരിച്ചാണ് മാസ്റ്ററുടെ വീട്ടിലെത്തിയത്. കൂട്ടിന് ഭർത്താവും ആറുമാസം പ്രായമായ മകളും. തിരുനെല്ലിയിലെ മണ്ണിനെയും മനുഷ്യനെയും കുറിച്ച് പഠിക്കാനുള്ള ശ്രമമായിരുന്നു അത്. മാസത്തിൽ മൂന്നും നാലും തവണ അവിടെയെത്തി. ആദിവാസികളുടെ ജീവിതം അടുത്തറിഞ്ഞു. കാടിനെയും കാടിന്റെ മക്കളെയും അവിടത്തെ കാലാവസ്ഥയുമെല്ലാം നേരിട്ടു കണ്ടു. കൊടും തണുപ്പും രോഗങ്ങളും പട്ടിണിയും പിടിമുറുക്കിയ ആ ഭൂമിയിൽ പലതവണയെത്തി. മൂന്നുവർഷത്തെ നിരന്തരമായ പഠനത്തിനൊടുവിലാണ് നെല്ലിന്റെ പിറവി.


വയനാടിനെക്കുറിച്ച് പിന്നീടും മൂന്നു നോവലുകൾ എഴുതി. അരക്കില്ലവും ആഗ്നേയവും കൂമൻകൊല്ലിയുമെല്ലാം അക്കൂട്ടത്തിലുള്ളതായിരുന്നു. ഒരിക്കൽ തിരുനെല്ലിയിൽ വെച്ചാണ് നക്‌സലൈറ്റ് നേതാവായിരുന്ന വർഗീസിനെ കണ്ടത്. അദ്ദേഹവുമായി പരിചയപ്പെട്ടു. വർഗീസിന്റെ ജീവിതമായിരുന്നു ആഗ്നേയത്തിന് പ്രചോദനമായത്. എഴുപതുകളിലെ നക്‌സൽ രാഷ്ട്രീയ പശ്ചാത്തലം സൂക്ഷ്മമായി ആവിഷ്‌കരിക്കാനും ഈ നോവലിലൂടെ ശ്രമിച്ചിരുന്നു.


നിഴലുറങ്ങുന്ന വഴികൾ, പാളയം, വിലാപം, റോസ്‌മേരിയുടെ ആകാശങ്ങൾ, തൃഷ്ണയുടെ പൂക്കൾ, ആദിജലം... വത്സല ടീച്ചറുടെ ഓരോ രചനകളും ഹരിതശോഭ നിറയുന്ന വായനയുടെ വസന്തകാലവും കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെയുമാണ് മലയാളികൾക്ക് സമ്മാനിച്ചത്. മലയാള സാഹിത്യത്തിൽ സ്ത്രീകളെക്കുറിച്ച് ഇന്നേവരെ രചിച്ചിട്ടുള്ള നിലവാരമില്ലാത്ത എല്ലാ രചനകളെയും 
ഭസ്മീകരിക്കാൻ കഴിവുള്ളവളാണ് ആഗ്നേയത്തിലെ നങ്ങേമയുടെ അഗ്‌നിയെന്ന് ഡോ. എം. ലീലാവതി വെളിപ്പെടുത്തിയിട്ടുണ്ട്.
പതിനേഴ് നോവലുകൾ, മുന്നൂറിലേറെ ചെറുകഥകൾ, ബാലസാഹിത്യകൃതികൾ, യാത്രാവിവരണഗ്രന്ഥങ്ങൾ തുടങ്ങി വിപുലമായ എഴുത്തിന്റെ ഉടമയാണ് വത്സല ടീച്ചർ. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള എഴുത്തച്ഛൻ പുരസ്‌കാരം സമ്മാനിക്കുന്നതിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം അടയാളപ്പെടുത്തുന്നതിലുപരി, പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തെ എഴുത്തിലേയ്ക്ക് ആവാഹിച്ചതിനുള്ള അംഗീകാരം കൂടിയാവുകയാണ്.


സംഘർഷഭരിതവും ഒറ്റപ്പെടലും അനുഭവിക്കുന്ന സ്ത്രീ ജീവിതം ആവിഷ്‌കരിക്കുന്ന തകർച്ച എന്ന നോവലായിരുന്നു നെല്ലിന് മുൻപ് എഴുതിയത്. എന്നാൽ എഴുത്തുകാരി എന്ന നിലയിൽ പ്രശസ്തയാക്കിയത് നെല്ലായിരുന്നു. രാമു കാര്യാട്ട് നെല്ല് സിനിമയാക്കിയപ്പോൾ മലയാളത്തിലെ മികവുറ്റ സിനിമകളിലൊന്നായി അതു മാറുകയായിരുന്നു. രാമു കാര്യാട്ടും കെ.ജി. ജോർജും ചേർന്ന് തിരക്കഥയൊരുക്കിയ സിനിമയുടെ സംഭാഷണം രചിച്ചത് എസ്.എൽ. പുരം സദാനന്ദനായിരുന്നു. വയലാറിന്റെ രചനയിൽ സലിൽ ചൗധരി ഈണം പകർന്ന ഗാനങ്ങളും ബാലു മഹേന്ദ്രയുടെ ഛായാഗ്രഹണവുമെല്ലാം ചേർന്നപ്പോൾ അതൊരു അസാധാരണമായ സിനിമാ കാഴ്ചയായി മാറുകയായിരുന്നു.


ജീവിതത്തിൽ നേരിട്ട് കണ്ടവരും പരിചയപ്പെട്ടവരുമാണ് ടീച്ചറുടെ കഥാപാത്രങ്ങളിലേറെയും. അമ്മയ്ക്ക് ശേഷക്രിയ നടത്താൻ തിരുനെല്ലിയിലെത്തിയ രാഘവൻ നായരും സാവിത്രി വാരസ്യാരും നങ്ങേമ അന്തർജനവും മാരയും മല്ലനും കുറുമാട്ടിയും തട്ടാൻ ബാപ്പുവും ക്ഷുരകൻ ഗോപാലനും ശങ്കരൻകുട്ടിയും കടക്കാരൻ സെയ്തും പൗലോസും പേമ്പിയുമെല്ലാം... ടീച്ചറുടെ കൺവെട്ടത്തുള്ളവരാണ്. അവരെല്ലാം എന്റെ മാത്രം കഥാപാത്രങ്ങളാണ്. സ്വന്തം അനുഭവങ്ങളിൽനിന്നും പാകപ്പെടുത്തിയ കഥാപാത്രങ്ങളാണ് എഴുത്തിൽ നിറഞ്ഞുനിന്നത്.
അപ്പുക്കുട്ടി മാസ്റ്റർ നിഴലുപോലെ ടീച്ചർക്കൊപ്പം എപ്പോഴുമുണ്ട്. സന്തോഷംകൊണ്ട് വാതോരാതെ സംസാരിക്കുന്ന ടീച്ചറോട് ഇങ്ങനെ സംസാരിച്ച് ക്ഷീണം വരുത്തേണ്ട എന്ന് ഉപദേശിക്കുമ്പോൾ ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് സംസാരിക്കുക എന്നായിരുന്നു ടീച്ചറുടെ മറുപടി. എഴുത്തച്ഛൻ പുരസ്‌കാരം ലഭിക്കുക എന്നു പറഞ്ഞാൽ അതിനേക്കാൾ വലുതായി എന്തുണ്ട് എന്നായിരുന്നു മാഷുടെയും പ്രതികരണം.


 

Latest News