തലശേരി- പെരിങ്ങത്തൂർ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂൻ വധക്കേസിൽ പത്താം പ്രതി കോടതിയിൽ കീഴടങ്ങി. സി.പി.എം പെരിങ്ങളം ലോക്കൽ കമ്മിറ്റിയംഗമായ പി.പി. ജാബിറാണ് തലശേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം സി.പി.എം പ്രവർത്തകരായ പ്രതികൾ മൻസൂറിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്. മൻസൂറിന്റെ സഹോദരനും അക്രമത്തിൽ പരിക്കേറ്റിരുന്നു. ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന മൻസൂർ തെരഞ്ഞെടുപ്പിന് അടുത്ത ദിവസങ്ങളിലായിരുന്നു നാട്ടിലെത്തിയത്.
കേസിൽ പത്തു പ്രതികളാണുണ്ടായിരുന്നത്. കേസിലെ പ്രതിപട്ടികയിൽ ചേർത്തിട്ടും മാസങ്ങളോളം ജാബിർ ഒളിവിലായിരുന്നു. കഴിഞ്ഞ സമ്മേളനത്തിനിടെ ഒളിവിൽ കഴിഞ്ഞിരുന്ന ജാബിറിനെ ലോക്കൽ കമ്മിറ്റിയിലേക്ക് സി.പി.എം തെരഞ്ഞെടുത്തത് വാർത്തയായിരുന്നു. ഇതേ തുടർന്ന് മുസ്‌ലിം ലീഗ് പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മൻസൂർ വധക്കേസിലെ മറ്റൊരു പ്രതിയായ കൂലേരി രതീഷ് കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ വളയം പോലീസ് സ്‌റ്റേഷൻ പരിധിയിലെ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.