മാനന്തവാടി- റേഷൻ കടയിൽനിന്നു വാങ്ങിയ അരിയിൽ ചത്ത പാമ്പിന്റെ അവശിഷ്ടം. തിടങ്ങഴി റേഷൻ കടയിൽനിന്നു മുതിരേരി കരിമത്തിൽ പണിയ കോളനിയിലെ ബിന്നി വാങ്ങിയ അരിയിലാണ് ചത്ത പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്. 50 കിലോ അരിയാണ് റേഷൻ കടയിൽനിന്നു രണ്ടു ചാക്കുകളിൽ വീട്ടിലെത്തിച്ചത്. ഒരു ചാക്കിലെ അരി പൂർണമായും രണ്ടാമത്തെ ചാക്കിലേതു രണ്ടു ദിവസവും ഉപയോഗിച്ചു. കഴിഞ്ഞദിവസം ചാക്കിൽനിന്നു അരിയെടുക്കുന്നതിനിടെയാണ് പാമ്പിന്റെ അവശിഷ്ടം ശ്രദ്ധയിൽപ്പെട്ടത്. വിവരം അറിഞ്ഞ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തി. ഇതര സംസ്ഥാനത്തുനിന്നു എഫ്.സി.ഐ ഗോഡൗണിൽ എത്തിച്ചതാണ് അരിയെന്നും പാക്കിംഗിൽ പിഴവ് സംഭവിച്ചതാകാമെന്നും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർക്കു റിപ്പോർട്ട് നൽകുമെന്നു അവർ അറിയിച്ചു.