കൊച്ചി- ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ മുഖ്യ സൂത്രധാരനായ ഡോ.അജാസിനായി അന്വേഷണം ഊർജിതമാക്കി തീവ്രവാദ വിരുദ്ധ സേന. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യകണ്ണി യൂസുഫ് സിയയിൽ നിന്ന് ഒളിവിൽ കഴിയുന്ന അജാസിനെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. വിശദമായി ചോദ്യം ചെയ്യുന്നതിന് സിയയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിക്ക് ക്വട്ടേഷൻ കൊടുക്കുകയും പിന്നീട് പൂജാരിക്ക് വേണ്ടി വെടിവെപ്പ് നടപ്പാക്കുകയും ചെയ്ത യൂസുഫ് സിയയാണ് മുഖ്യകണ്ണി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ബ്യൂട്ടിപാർലർ ഉടമയായ നടി ലീന മരിയ പോളിനെക്കുറിച്ച് വിവരം നൽകിയ ഡോ.അജാസിനെ പിടികൂടുകയാണ് തീവ്രവാദ വിരുദ്ധ സേനയുടെ അടുത്ത ലക്ഷ്യം. ലീനയുമായി അടുത്ത സൗഹൃമാണ് അജാസിനുണ്ടായിരുന്നത്. അതിനാൽ ലീനയുടെ കൈവശം കോടികൾ ഉണ്ടെന്നും അജാസിനറിയാമായിരുന്നു. തുടർന്ന് സുഹൃത്ത് നിസാം സലീമുമായി ചേർന്ന് പണം തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു. പിന്നീട് ലീനയുടെ ബ്യൂട്ടിപാർലറിനു സമീപം ഇരുവരും മുറിയെടുത്ത് താമസിച്ച് നിരീക്ഷണം നടത്തി വിവരങ്ങൾ ശേഖരിച്ച് സിയക്ക് കൈമാറി. ഇതിനു ശേഷമാണ് രവി പൂജാരി ലീനാ മരിയ പോളിനെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയതും ഇതിന്റെ തുടർച്ചയായി പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിന്റെ സഹായത്തോടെ വെടിവെപ്പു നടന്നതും. ലീനയെ ഫോണിൽ ഭീഷണിപ്പെടുത്തി 25 കോടി രൂപ ആവശ്യപ്പെടാൻ പൂജാരിയോട് പറഞ്ഞത് സിയയാണ്. പിന്നീട് സിയ തന്നെയാണ് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിനെ വെടിവെപ്പിനായി തെരഞ്ഞെടുത്തതും. സംഭവത്തിനു ശേഷം അജാസ് ഒളിവിൽ പോവുകയായിരുന്നു. അജാസും നിസാമും ഇപ്പോഴും ഒളിവിലാണ്. സിയ തന്നെയാണോ അജാസിന് ഒളിത്താവളമൊരുക്കിയതെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. സിയ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റിലാണ്.