തിരുവനന്തപുരം- അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവം വാര്‍ത്തയാകുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നതായി വ്യക്തമാക്കുന്ന സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതിയുടെ ശബ്ദരേഖ പുറത്ത്. ഇക്കാര്യം പികെ ശ്രീമതി അനുപമയോട് പറയുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചുന്നതായി പികെ ശ്രീമതി അനുപമയോട് പറയുന്നു. അവരുടെ വിഷയം അവര്‍ പരിഹരിക്കട്ടേ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞെന്നും പികെ ശ്രീമതി പറയുന്ന ശബ്ദരേഖയാണ് പുറത്തു വരുന്നത്. സെപ്തംബര്‍ മാസത്തില്‍ അനുപമയും പികെ ശ്രീമതിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇത്. കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് അനുപമ പികെ ശ്രീമതിയുടെ സഹായം തേടിയത്. സിപിഎം സംസ്ഥാന കമ്മറ്റിയില്‍ ചര്‍ച്ചയ്ക്ക് എടുക്കാനുള്ള ക്രമീകരണം ചെയ്‌തെന്നും ശ്രീമതി അനുപമയോട് പറയുന്നു. എന്നാല്‍ വിഷയം കമ്മറ്റിയില്‍ ചര്‍ച്ചയായില്ല.