ജിദ്ദ- കേരളം ഇതുവരെ കാത്തുസൂക്ഷിച്ച സാഹോദര്യത്തിന്റേയും സഹവർത്തിത്വത്തിന്റേയും പരസ്പര വിശ്വാസത്തിന്റേയും അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ട സന്ദർഭമാണിതെന്ന് പ്രവാസി സംസ്‌കാരിക വേദി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉമർഫാറൂഖ് പാലോട് പറഞ്ഞു.
മഹാത്മാ അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും ശ്രീനാരായണ ഗുരുവും വക്കം അബ്ദുൽഖാദർ മൗലവിയുമൊക്കെ കേരളത്തിന് സമർപ്പിച്ച സമത്വത്തിന്റേയും സമഭാവനയുടേയും സാമൂഹിക അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് വിവിധ കോണുകളിൽനിന്ന് ഉയർന്നുവരുന്നത്. 'വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക' കാമ്പയിനോടനുബന്ധിച്ച് പ്രവാസി സംസ്‌കാരിക വേദി ജിദ്ദ ഫൈസലിയ്യ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാർ നിർമിച്ച നുണകൾ അടിസ്ഥാനമാക്കി കേരളത്തിൽ മുസ്ലിം സമൂഹത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് ഭരണകൂടം പിന്തുണയും സംരക്ഷണവും നൽകുകയാണ്. കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം വരുത്തൽ ലക്ഷ്യം വെച്ച് തദ്ദേശ തെരഞ്ഞെടുപ്പ് സന്ദർഭം മുതൽ സി.പി.എം ആരംഭിച്ച സോഷ്യൽ എൻജിനീയറിംഗിന്റെ ഭാഗമാണ് ഈ നിലപാട്. അധികാര തുടർച്ചക്ക് വഴിയൊരുക്കിയ ഈ അപകട സമീപനം തുടരാനാണ് സി.പി.എം തീരുമാനമെന്ന് തെളിയിക്കുന്നതാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് വരുന്ന ഓരോ തീരുമാനങ്ങളും.
മുസ്‌ലിം ഭീതി വലിയ തോതിൽ സൃഷ്ടിച്ച് ക്രൈസ്തവ-ഹിന്ദു വോട്ടുകൾ ഏകീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കേരളത്തെ സംഘർഷ ഭൂമിയാക്കി മാറ്റാനുള്ള സംഘ്പരിവാറിന്റെ ആസൂത്രിതമായ ശ്രമങ്ങൾക്കാണ് ആത്യന്തികമായി ഇത് ശക്തി പകരുക. കേരളത്തിന്റെ ഉള്ളടക്കം പല ഘടകങ്ങൾ കൊണ്ടും സംഘ്പരിവാറിന് വഴങ്ങുന്നതല്ല.
എന്നാൽ താൽക്കാലിക നേട്ടത്തിന് വേണ്ടി സമുദായങ്ങളെ തമ്മിലടിപ്പിക്കുക എന്ന സമീപനം സി.പി.എമ്മിനെ പോലെ ഒരു പാർട്ടി സ്വീകരിക്കുന്നതോടെ സംഘ്പരിവാർ ഉദ്ദേശിക്കുന്നിടത്തേക്ക് കേരളം പതിയെ മാറും. ന്യൂനപക്ഷ സമുദായങ്ങളിൽ നിലനിൽക്കുന്ന കരുത്തുറ്റ സൗഹൃദം ഇല്ലാതാക്കുക എന്ന സംഘ്പരിവാർ ലക്ഷ്യമാണ് സി.പി.എം പ്രയോഗവൽക്കരിക്കുന്നത്. കൃത്യമായ തെളിവുകളോ രേഖകളോ ഇല്ലാത്ത പ്രസ്താവനകളും വിലയിരുത്തലുകളും കൊണ്ട് സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുന്ന സാഹചര്യത്തിലേക്ക് കേരളം നീങ്ങിയിരിക്കുന്നു.
രാജ്യത്ത് മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച കോൺഗ്രസ് ഇപ്പോൾ എത്തിയിരിക്കുന്ന അവസ്ഥയെക്കുറിച്ച് സി.പി.എം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നതുവഴി താൽക്കാലിക നേട്ടത്തിനായി സി.പി.എമ്മിനൊപ്പം ചേരുന്നവർ പിന്നീട് തീവ്രഹിന്ദുത്വത്തിലേക്ക് അതിവേഗം എത്തിപ്പെടുമെന്നും ഇത് കേരളത്തിന്റെ ഭാവിയെ തന്നെ അപകടകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദ്, ഉദ്യോഗസ്ഥ ഭരണ ആനുകൂല്യങ്ങൾ മുസ്ലിംകൾ അനർഹമായി തട്ടിയെടുക്കുന്നു, മുസ്‌ലിം ജനസംഖ്യ ഉയരുന്നു, കേരളം മുസ്ലിം തീവ്രവാദത്തിന്റെ കേന്ദ്രമായി മാറുന്നു, മയക്കുമരുന്ന് ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്നു, അവസാനമായി വന്ന മാർക്ക് ജിഹാദ് തുടങ്ങിയ സംഘ്പരിവാർ കാമ്പയിനുകൾ ഏറ്റുപിടിക്കുന്ന സ്ഥിതി സർക്കാർ നിസ്സംഗമായി നോക്കിനിൽക്കുകയാണ്. ഇതിൽ പലതും സി.പി.എം നേതാക്കളിൽ നിന്നും കേരളം കേട്ടിട്ടുണ്ട്.
കേരളത്തിലെ മുസ്ലിം മത നേതൃത്വങ്ങളും സംഘടനകളും പക്വതയോടെയും സമചിത്തതയോടെയും കാര്യങ്ങൾ കൈകാര്യം ചെയ്ത് സമാധാനന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുമ്പോഴാണ് സർക്കാർ വിദ്വേഷ പ്രചാരകരുടെ പക്ഷം ചേർന്ന് നീതികേട് കാണിക്കുന്നത്.
കേരള പൊതുമണ്ഡലത്തിൽ മുസ്ലിം ഭീതി ജനിപ്പിക്കുന്ന നിരുത്തരവാദപരമായ വ്യാജ കഥകൾ പാർട്ടി രേഖയാക്കി മാറ്റുന്നതിന്റെ ഗുണഭോക്താവ് സംഘ്പരിവാർ മാത്രമാണ് എന്ന് മനസ്സിലാക്കണം. മുൻകാലങ്ങളിൽ നടത്തിയ ഇത്തരം പ്രസ്താവനകളെ സംഘ്പരിവാർ രാജ്യവ്യാപകമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.
സി.പി.എമ്മിന്റെ മുസ്ലിം വിരുദ്ധ നിലപാടുകളെ ബി.ജെ.പി നേതാക്കൾ ആവേശപൂർവം സ്വാഗതം ചെയ്യുന്നത് കേരളം പ്രത്യേകമായി ശ്രദ്ധിക്കണം. ഇരകളാക്കപ്പെടുന്ന സമൂഹത്തെ കൂടുതൽ സംശയത്തിന്റെ നിഴലിൽ നിർത്തി അതിലൂടെ രൂപപ്പെടുന്ന ധ്രുവീകരണ അന്തരീക്ഷം ഉപയോഗിച്ച് വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള അപകട ശ്രമമാണ് സി.പി.എം ഇപ്പോൾ സ്വീകരിക്കുന്നത്. ഇത് കേരളം തിരിച്ചറിയണം. അധികാരത്തിൽ അനന്ത കാലം തുടരുന്നതിന് വേണ്ടി കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകർക്കാനുളള സി.പി.എം ശ്രമം ചെറുത്തുതോൽപ്പിച്ച് കൂടുതൽ ശക്തമായ മത സമുദായ സൗഹാർദം നിർമിക്കാനുള്ള പരിശ്രമത്തിന് പൊതുജനം ശക്തിപകരണമെന്നും ഉമർ ഫാറൂഖ് പറഞ്ഞു.
ദേവസ്വം ബോർഡ്, വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുമെന്ന് പ്രഖ്യാപിച്ച ശേഷം ദേവസ്വം നിയമനങ്ങൾക്ക് പ്രത്യേക ബോർഡും വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുകയും ചെയ്ത നടപടി വ്യക്തമായ നീതികേടാണെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ സി.പി.എം എന്ത് നീതിയാണ് കേരളത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കേണ്ടതാണ്.
പ്രവാസി മേഖലാ പ്രസിഡന്റ് ദാവൂദ് രാമപുരം അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു. ഹസീബ് റഹ്മാൻ ഗാനം ആലപിച്ചു. മേഖലാ സെക്രട്ടറി അബ്ദുസ്സുബ്ഹാൻ സ്വാഗതവും സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ യൂസുഫ് പരപ്പൻ നന്ദിയും പറഞ്ഞു.