മുല്ലപ്പെരിയാര്‍: 2009 മുതല്‍ വക്കീല്‍ ഫീസ് ഇനത്തില്‍ ചെലവിട്ടത് 6.34 കോടി

ഇടുക്കി- മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച കോടതി വ്യവഹാരങ്ങള്‍ക്കു കേരളം വക്കീല്‍ ഫീസായി ചെലവിട്ടത് കോടികള്‍. 2009 മുതല്‍ ഇതുവരെ 6,34,39,549 രൂപയാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്ക് ഫീസായും അനുബന്ധ ചെലവിനത്തിലും സംസ്ഥാനം നല്‍കിയത്.
പൊതുഭരണവകുപ്പില്‍ നിന്നുള്ള വിവരാവകാശ രേഖകളിലാണു ചെലവഴിച്ച തുകയുടെ വിശദാംശങ്ങളുള്ളത്. സുപ്രീം കോടതിയില്‍ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ഉള്‍പ്പടെ വിവിധ ഘട്ടങ്ങളിലായി 10 അഭിഭാഷകര്‍ക്കായി ഫീസിനത്തില്‍ മാത്രം കൊടുത്തത് 5,03,08,253 രൂപയാണ്. യാത്രാബത്തയായി 56,55,057 രൂപ നല്‍കി.  അഡ്വ. ഹരീഷ് സാല്‍വേക്കാണ് മുല്ലപ്പെരിയാറില്‍ കേരളത്തിനായി സുപ്രീം കോടതിയില്‍ വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഫീസ് നല്‍കിയിട്ടുള്ളതെന്നു രേഖകള്‍ പറയുന്നു. 1,82,71,350 രൂപയാണ് ഇദ്ദേഹത്തിനു നല്‍കിയത്. അഡ്വ. മോഹന്‍ .വി. കാട്ടാര്‍ക്കിക്കു 1,09,05,000 രൂപ നല്‍കി.
 
വക്കീല്‍ ഫീസിനു പുറമേ എംപവേര്‍ഡ് കമ്മിറ്റി സന്ദര്‍ശനത്തിനു 58,34,739 രൂപയും ഓണറേറിയമായി 16,41,500 രൂപയും സംസ്ഥാനം ചെലവഴിച്ചു. 2009 ഏപ്രില്‍ മുതല്‍ കഴിഞ്ഞ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ ചെലവഴിച്ച തുകയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹാജരായ മറ്റ് അഭിഭാഷകരും അവര്‍ക്കു നല്‍കിയ ഫീസും ഇങ്ങനെ. അഡ്വ. രാജീവ് ധവാന്‍  82,65,000 രൂപ,  അഡ്വ. ജി. പ്രകാശ് 13,30,049, അഡ്വ. അപരാജിത സിംഗ് 6,05,000, അഡ്വ. പി. ഗിരി 27,60,000, അഡ്വ. രമേഷ് ബാബു 22,76,854, അഡ്വ. പി.വി. റാവു 2,75,000, അഡ്വ. ഗായത്രി ഗോസ്വാമി 4,50,000, അഡ്വ. ജയദീപ് ഗുപ്ത 51,70,000 രൂപ.

 

 

Latest News