കൊൽക്കത്ത - ഐ-ലീഗ് ഫുട്‌ബോളിൽ അവസാന സ്ഥാനക്കാരായ ഗോകുലം കേരളാ എഫ്.സി കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനെ അവരുടെ കളിത്തട്ടിൽ 2-1 ന് അട്ടിമറിച്ചു. ഈ സീസണിലെ 13 കളികളിൽ ഗോകുലത്തിന്റെ മൂന്നാമത്തെ മാത്രം ജയമാണ് ഇത്. തോൽവി ബഗാന്റെ കിരീടസ്വപ്‌നങ്ങൾ അവസാനിപ്പിച്ചു.
ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം എഴുപത്താറാം മിനിറ്റിൽ ബഹ്‌റൈൻകാരനായ സ്‌ട്രൈക്കർ മഹ്മൂദ് അൽ അജ്മിയിലൂടെയാണ് ഗോകുലം മുന്നിലെത്തിയത്. രണ്ടു മിനിറ്റിനകം ദിപാന്ദ ഡിക്കയിലൂടെ ആതിഥേയർ തിരിച്ചടിച്ചു. എന്നാൽ യുവഭാരതി കിരിരംഗനിലെ ബഗാൻ ആരാധകരെ ഞെട്ടിച്ച് തൊണ്ണൂറാം മിനിറ്റിൽ ഉഗാണ്ടക്കാരനായ സ്‌ട്രൈക്കർ ഹെൻറി കിസേക്ക ഇടിമുഴക്കം പോലുള്ള ഷോട്ടിലൂടെ ഗോകുലത്തിന് അവിസ്മരണീയ വിജയം നേടിക്കൊടുത്തു.
ഇഞ്ചുറി ടൈമിൽ സമനില നേടാൻ ബഗാന് അവസരം കിട്ടിയതായിരുന്നു. എന്നാൽ ഡിക്കയുടെ എണ്ണം പറഞ്ഞ ഷോട്ട് ഗോകുലം ക്രോസ്ബാറിനെ വിറപ്പിച്ച് മടങ്ങി. 14 കളികളിൽ 21 പോയന്റുമായി നാലാം സ്ഥാനത്താണ് ബഗാൻ.
13 മത്സരം കളിച്ച മിനർവ പഞ്ചാബിന് എട്ട് പോയന്റ് പിന്നിൽ. ഗോകുലം അവസാന സ്ഥാനത്തു നിന്ന് ഒമ്പതാം സ്ഥാനത്തേക്കുയർന്നു. 13 കളികളിൽ 13 പോയന്റാണ് ഗോകുലത്തിന്. ചെന്നൈ സിറ്റി എഫ്.സിക്കും 13 പോയന്റാണെങ്കിലും പരസ്പരമുള്ള കളിയിൽ മികച്ച റെക്കോർഡ് ഗോകുലത്തിനാണ്.
ആദ്യ പകുതിയിൽ അവസരങ്ങൾ കുറവായിരുന്നു. മുപ്പത്തെട്ടാം മിനിറ്റിൽ ബഗാന്റെ നിഖിൽ കദം നൽകിയ മനോഹരമായ ക്രോസ് ലെബനീസ് താരം അക്‌റം മഗ്‌രബി ഹെഡ് ചെയ്‌തെങ്കിലും ഗോൾകീപ്പർ ബിലാൽ ഖാൻ തടഞ്ഞു. ഇടവേളക്ക് അൽപം മുമ്പ് ഗോകുലത്തിനും അവസരം കിട്ടി. ബഗാൻ ഗോളി ഷിൽറ്റൻ പോളിനു മുകളിലൂടെ പന്ത് ഉയർത്താനുള്ള മഗ്‌രബിയുടെ ശ്രമം വിഫലമായി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ അരിജിത് ബഗൂയി തളികയിലെന്ന പോലെ നൽകിയ ക്രോസ് ഗോകുലം വലക്കു മുന്നിൽ മഗ്‌രബി പാഴാക്കി. അറുപത്തഞ്ചാം മിനിറ്റിൽ മഗ്‌രബിക്കു പകരം നേപ്പാളുകാരനായ ബിമൽ മഗർ ഇറങ്ങി. തൊട്ടുടനെയാണ് ഗോകുലം ഗോളടിച്ചത്.
ഘാനക്കാരനായ ഡിഫന്റർ ഡാനിയേൽ അഡോയാണ് മുന്നേറ്റം തുടങ്ങി വെച്ചത്. പന്ത് നിയന്ത്രിച്ച കിസേക പന്ത് ഹെൻറിക്ക് മറിച്ചു. കിസേകയുടെ ക്രോസ് രണ്ട് ഡിഫന്റർമാർക്കിടയിലൂടെ അജമി വലയിലേക്ക് പറത്തി.
പക്ഷെ ആഘോഷത്തിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായുള്ളൂ. മഗറിന്റെ ക്രോസിൽനിന്ന് ഡിക്ക സമനില കണ്ടെത്തി. ത്രോഇന്നിൽ നിന്നായിരുന്നു ഗോകുലം അപ്രതീക്ഷിതമായി വിജയ ഗോൾ കണ്ടെത്തിയത്. കിസേകയുടെ ഷോട്ട് തടുക്കാനാവാത്തതായിരുന്നു.