റിയാദ് - നുഴഞ്ഞുകയറ്റക്കാര്‍ക്ക് താമസസൗകര്യം നല്‍കാന്‍ പ്രത്യേക കേന്ദ്രം സജ്ജീകരിച്ച രണ്ടംഗ സംഘത്തെ റിയാദില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.
നിയമാനുസൃത ഇഖാമയില്‍ സൗദിയില്‍ കഴിയുന്ന യെമനിയും നുഴഞ്ഞുകയറ്റക്കാരനായ യെമനിയുമാണ് അറസ്റ്റിലായത്. ദക്ഷിണ റിയാദിലാണ് ഇവര്‍ നുഴഞ്ഞുകയറ്റക്കാരെ പാര്‍പ്പിക്കാന്‍ താമസസ്ഥലം സജ്ജീകരിച്ചത്.
ഇവിടെ നിന്ന് നുഴഞ്ഞുകയറ്റക്കാരായ പത്തു യെമനികളെ സുരക്ഷാ വകുപ്പുകള്‍ പിടികൂടി. ഇവര്‍ക്ക് താമസസൗകര്യം നല്‍കി അറസ്റ്റിലായ പ്രതികളുടെ പക്കല്‍ 23,469 റിയാല്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവര്‍ക്കും താമസ കേന്ദ്രത്തില്‍ നിന്ന് പിടിയിലായ നുഴഞ്ഞുകയറ്റക്കാര്‍ക്കും എതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.