കൊച്ചി- മുന്‍ മിസ് കേരള ജേതാക്കളുടെ അപകട മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിയ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ ഒളിച്ചതായി പോലീസ് കണ്ടെത്തി. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡി.ജെ പാര്‍ട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഹോട്ടലുടമ ഒളിപ്പിച്ചത്. ഇത് സംബന്ധിച്ച് ഹോട്ടലിലെ ജീവനക്കാരനാണ് പോലീസിന് മൊഴി നല്‍കിയത്.
നവംബര്‍ ഒന്നാം തീയതി ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡി.ജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുന്‍ മിസ് കേരള അന്‍സി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തില്‍ മരിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലിലെ ഡി.ജെ പാര്‍ട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മാറ്റി. ഹോട്ടലുടമ റോയിയുടെ നിര്‍ദേശ പ്രകാരം െ്രെഡവര്‍ ഡി.വി.ആര്‍ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരന്‍ മൊഴി നല്‍കിയിരിക്കുന്നത്.
അപകടം നടന്ന സ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും മുന്‍ മിസ് കേരള അന്‍സി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന് പിന്നാലെ മറ്റൊരു കാര്‍ ഇവരെ പിന്തുടര്‍ന്നു. ഈ കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോള്‍ അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനാണ് പിന്തുടര്‍ന്നതെന്നുമാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം അന്‍സി കബീറും സുഹൃത്തുക്കളും പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലിലെ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ തന്നെയാണോ ഇവരെ പിന്തുടര്‍ന്നതെന്നും ഡി.ജെ പാര്‍ട്ടിക്കിടെ ഏതെങ്കിലും തരത്തിലുള്ള വാക്ക് തര്‍ക്കങ്ങളോ മറ്റോ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കാനാണ് പോലീസിന്റെ ശ്രമം. എന്നാല്‍ ഡി.ജെ പാര്‍ട്ടി നടന്ന ഹാളിലേയും പുറത്തെ പാര്‍ക്കിങ് സ്ഥലത്തേയും ദൃശ്യങ്ങളടങ്ങിയ ഡി.വി.ആറാണ് ഹോട്ടലുടമ ഇടപെട്ട് മാറ്റിയത്. അതേ സമയം ഹോട്ടലിന്റെ ബാറിന്റേയും മറ്റ് സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമാണ്. ഇതാണ് കൂടുതല്‍ സംശയങ്ങളിലേക്ക് വഴി വെക്കുന്നത്. ഡി.ജെ പാര്‍ട്ടിക്ക് ശേഷം ഹോട്ടല്‍ വിട്ട ഇവരെ ആരെങ്കിലും ഏതെങ്കിലും തരത്തില്‍ ആക്രമിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധന. രണ്ട് തവണ നമ്പര്‍ 18 ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഡി.ജെ പാര്‍ട്ടി നടന്ന ഹാളിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ദൃശ്യങ്ങള്‍ ഹോട്ടല്‍ ഉടമ ഇടപെട്ട് മാറ്റിയതാണെന്ന നിര്‍ണായക വിവരം ലഭ്യമായത്. ഹോട്ടലുടമ റോയിയെ പോലീസ് ചോദ്യം ചെയ്യും.