കൊച്ചി- നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത സംഭവത്തില്‍ പോലീസിനെതിരെ ആരോപണവുമായി കേസിലെ പ്രതിയായ മുന്‍ മേയര്‍ ടോണി ചമ്മിണി. കുറ്റസമ്മതം നടത്താന്‍ ഒന്നാം പ്രതി ജോസഫിന് മേല്‍ പൊലീസ് സമ്മര്‍ദമുണ്ടായെന്നും ഇതിനായി ഒരു മന്ത്രി മരട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചെന്നും ടോണി ചമ്മിണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തെന്ന കേസില്‍ കുറ്റം തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ടോണി ചമ്മണിയുടെ പ്രഖ്യാപിച്ചു. താന്‍ വാഹനം ആക്രമിക്കുന്നതിന്റെ വീഡിയോ തെളിവുണ്ടെന്നാണ് പോലീസ് പറയുന്നത്. അങ്ങനെയൊരു വീഡിയോ ഉണ്ടെങ്കില്‍ കാണിക്കണം. താന്‍ ജോജുവിനോട് കയര്‍ത്ത സംസാരിച്ചിട്ടുണ്ടെന്നും അത് ജാമ്യമില്ലാ വകുപ്പാണോയെന്നും ടോണി ചോദിച്ചു. വ്യാജ കേസില്‍ ഉള്‍പ്പെടുത്തിയതിനു മാനനഷ്ട കേസ് നല്‍കുമെന്നും ടോണി ചമ്മിണി പറഞ്ഞു.
പ്രതികളെ കൊണ്ട് കുറ്റസമ്മതം നടത്താന്‍ സിപിഎം രാഷ്ട്രീയമായി ഇടപെട്ടിണ്ട്. ഭരണകക്ഷിയുടെ ഇടപെടല്‍ ഇല്ലാതെ കേസ് പോലീസ് സ്വതന്ത്രമായി അന്വേഷിക്കണം. കേസില്‍ ആദ്യം അറസ്റ്റ് ചെയ്ത ജോസഫിനെ കുറ്റം സമ്മതിക്കാന്‍ പോലീസ് ഭീഷണിപ്പെടുത്തി. മരട് പൊലീസ് സ്റ്റേഷനിലേയ്ക്ക് മന്ത്രി വിളിച്ച് ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി. ഐ എന്‍ ടി യു സി ഓട്ടോ സ്റ്റാന്റ് കണ്‍വീനറും കോര്‍പറേഷന്‍ കൗണ്‍സിലര്‍ സോണി ജോസഫിന്റെ ഭര്‍ത്താവുമായ ജോസഫിന് കടുത്തമാനസിക സംഘര്‍ഷമാണ് സ്റ്റേഷനിലും ജയിലിലും ഏല്‍ക്കേണ്ടി വന്നത്. അദ്ദേഹം സഹതടവുകാരോട് സംസാരിക്കുന്നില്ല. ജോസഫിന് ജാമ്യം ലഭിച്ച ശേഷം പോലീസ് അതിക്രമത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും ടോണി അറിയിച്ചു.