Sorry, you need to enable JavaScript to visit this website.

ആഘാതത്തിന്റെ അഞ്ച് വർഷം

നിരോധിക്കപ്പെട്ട നോട്ടുകളിൽ നാലര ലക്ഷം കോടി രൂപയെങ്കിലും കള്ളപ്പണമോ, ഉറവിടം വെളിപ്പെടുത്താൻ കഴിയാത്തതോ ആണെന്നും ഇത് ഒരിക്കലും ബാങ്കുകളിൽ തിരിച്ചെത്താൻ പോകുന്നില്ലെന്നുമാണ് ബി.ജെ.പി നേതാക്കൾക്കു പുറമെ ചില പ്രമുഖ ബാങ്കിംഗ്, ധനകാര്യ വിദഗ്ധർ പോലും കരുതിയത്. തിരിച്ചുവരാത്ത ആ പണം റിസർവ് ബാങ്കിന്റെ ആസ്തിയായി മാറുമെന്നും അത്രയും നോട്ടുകൾ വീണ്ടും അച്ചടിച്ച് രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നെല്ലാം അവർ വീമ്പിളക്കി. എല്ലാം മലർപൊടിക്കാരന്റെ സ്വപ്നമായി.

 

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ മിന്നലാക്രമണം എന്ന് വിശേഷിപ്പിക്കപ്പെട്ട നോട്ട് നിരോധനം അഥവാ ഡീമോണിറ്റൈസേഷൻ പ്രഖ്യാപിച്ച് അഞ്ച് വർഷം പിന്നിടുമ്പോഴും അത് സൃഷ്ടിച്ച ആഘാതത്തിൽനിന്ന് കര കയറാനാവാതെ വിഷമിക്കുകയാണ് രാജ്യം. കള്ളപ്പണം ഇല്ലാതാക്കും, സമ്പദ്‌വ്യവസ്ഥയെ ശുദ്ധീകരിക്കും, അഴിമതിയും കൈക്കൂലിയും ഭീകരപ്രവർത്തനവും ഇല്ലാതാവും, രാജ്യത്തിന്റെ നികുതി വരുമാനം കൂടും, വികസന പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പക്കൽ കൂടുതൽ പണം എത്തിച്ചേരും, അങ്ങനെ അനവധി സ്വപ്നങ്ങളായിരുന്നു നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കും ഉണ്ടായിരുന്നത്. അഞ്ച് വർഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ നോട്ട് നിരോധം മൂലം ഉണ്ടായ നേട്ടങ്ങളുടെ എത്രയോ ഇരട്ടിയാണ് കോട്ടങ്ങളെന്ന വസ്തുതയാണ് തെളിയുന്നത്.


'അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടിനും ഭീകര പ്രവർത്തനത്തിനുമെതിരായ മഹായജ്ഞം'  -2016 നവംബർ എട്ട് രാത്രി എട്ടിന് നോട്ട് നിരോധനം വിളംബരം ചെയ്ത് മോഡി നടത്തിയ പ്രഖ്യാപനമായിരുന്നു ഇത്. പ്രചാരത്തിലുണ്ടായിരുന്ന 500, 1000 നോട്ടുകൾ അർധരാത്രിയോടെ വിലയില്ലാതാകുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി കള്ളപ്പണക്കാരുടെയും ദേശവിരുദ്ധരുടെയും കൈകളിലുള്ള ഈ നോട്ടുകൾക്ക് ഇനി കടലാസിന്റെ വില പോലും ഉണ്ടാകില്ലെന്നും പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്ഘടനയെ ശുദ്ധീകരിക്കാനുള്ള ചുവടുവെയ്പാണെന്നും ഇത് സത്യസന്ധരുടെ ഉത്സവവും ആധികാരികതയുടെ ആഘോഷവുമാണെന്നും അദ്ദേഹം വീമ്പിളക്കി. എന്നാൽ വിലയില്ലാതായത് മോഡിയുടെ വാക്കുകൾക്കു കൂടിയാണെന്ന് ലോകത്തിന് ബോധ്യപ്പെടാൻ അധിക കാലം കാത്തിരിക്കേണ്ടിവന്നില്ല.


സർക്കാരിന്റെ കണക്കുകൂട്ടലുകൾ പാടേ തെറ്റിച്ച് നിരോധിത നോട്ടുകൾ മുഴുവനും റിസർവ് ബാങ്കിന്റെ പക്കിൽ തിരികെ എത്തിയതാണ് നോട്ട് നിരോധനത്തിന്റെ ആദ്യ പരാജയം. പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോൾ രാജ്യത്ത് പണമായി പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ മൊത്തം മൂല്യം 17.74 ലക്ഷം കോടി രൂപയായിരുന്നു. ഇതിൽ 15.44 ലക്ഷം കോടിയാണ് (86 ശതമാനം) നിരോധിക്കപ്പെട്ട 500, ആയിരം നോട്ടുകളുടെ മൊത്തം മൂല്യം. ഇതിൽ 15.28 ലക്ഷം കോടിയുടെ നോട്ടുകളും (98.96 ശതമാനം) 2017 ജൂണോടെ ബാങ്കുകളിൽ തിരികെയെത്തിയെന്ന് ആ വർഷത്തെ റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി. അവശേഷിക്കുന്ന നോട്ടുകൾ ജില്ലാ സഹകരണ ബാങ്കുകളിലും മറ്റുമായി ഉണ്ടെന്നും പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. 27.4 കോടി രൂപയുടെ കള്ളപ്പണം മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.
നിരോധിക്കപ്പെട്ട നോട്ടുകളിൽ നാലര ലക്ഷം കോടി രൂപയെങ്കിലും കള്ളപ്പണമോ, ഉറവിടം വെളിപ്പെടുത്താൻ കഴിയാത്തതോ ആണെന്നും ഇത് ഒരിക്കലും ബാങ്കുകളിൽ തിരിച്ചെത്താൻ പോകുന്നില്ലെന്നുമാണ് ബി.ജെ.പി നേതാക്കൾക്കുപുറമെ ചില പ്രമുഖ ബാങ്കിംഗ്, ധനകാര്യ വിദഗ്ധർ പോലും കരുതിയത്. തിരിച്ചുവരാത്ത ആ പണം റിസർവ് ബാങ്കിന്റെ ആസ്തിയായി മാറുമെന്നും അത്രയും നോട്ടുകൾ വീണ്ടും അച്ചടിച്ച് രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നെല്ലാം അവർ വീമ്പിളക്കി. എല്ലാം മലർപൊടിക്കാരന്റെ സ്വപ്നമായി.


നോട്ട് നിരോധനത്തിന്റെ സുപ്രധാന ലക്ഷ്യവും അതുവരെ നടത്തിക്കൊണ്ടിരുന്ന വ്യാജ പ്രചാരണങ്ങളും പൊളിഞ്ഞതോടെയാണ് സമ്പദ്‌വ്യവസ്ഥയെ ഡിജിറ്റലൈസ് ചെയ്യുന്നതിനും ഫോർമലൈസ് ചെയ്യുന്നതിനുമാണ് നോട്ട് നിരോധനം എന്ന വാദം സർക്കാർ അനുകൂലികൾ ഉയർത്തിയത്. എന്നാൽ ഡിജിറ്റൽ സാങ്കേതിക വിദ്യയും മൊബൈൽ സാങ്കേതിക വിദ്യയും അനുദിനം വികസിക്കുന്ന ലോകത്ത് ഈ ലക്ഷ്യം സ്വാഭാവികമായി തന്നെ കൈവരിക്കാനാവുമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു. അതിന് നോട്ട് നിരോധനത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.


ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നട്ടെല്ലൊടിച്ചു എന്നതാണ് നോട്ട് നിരോധനം കൊണ്ടുണ്ടായ ഏറ്റവും വലിയ ദുരന്തം. രാജ്യത്ത് ഏറ്റവുമധികം പേർ തൊഴിലെടുക്കുന്നതും ചെറുകിട, ഇടത്തരം സംരംഭങ്ങളിലാണ്. ബാങ്ക് വഴിയോ, ഡിജിറ്റൽ മാർഗങ്ങളിലൂടെയോ അല്ലാതെ നേരിട്ടുള്ള കറൻസി ഇടപാടുകളിലൂടെയാണ് ഇവ പ്രവർത്തിച്ചിരുന്നത്. ഒരു രാത്രി ഒരു മുന്നറിയിപ്പുമില്ലാതെ പ്രഖ്യാപിച്ച നോട്ട് നിരോധനം ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം തന്നെ സ്തംഭിപ്പിച്ചു. അതുവഴി സമ്പദ്‌വ്യവസ്ഥക്ക് കനത്ത ആഘാതമാണേറ്റത്. ലക്ഷങ്ങളെ തൊഴിൽരഹിതരുമാക്കി. നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു ശേഷമുള്ള വർഷങ്ങളിൽ ജി.ഡി.പി വളർച്ച താഴേക്ക് പോയത് ഇതിന് ഏറ്റവും വലിയ തെളിവ്. ആ ആഘാതത്തിൽനിന്ന് കര കയറും മുമ്പാണ് കോവിഡ് മഹാമാരി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സമൂലം തകർത്തത്.


ജി.ഡി.പി മാന്ദ്യം നേരിട്ടതോടെ ആനുപാതികമായി രാജ്യത്തിന്റെ നികുതി വരുമാനവും കുറഞ്ഞു. സംസ്ഥാനങ്ങളെയും അത് ബാധിച്ചു. കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്താതെ ഇപ്പോഴും പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വൻതോതിൽ നികുതി ചുമത്തി ജനങ്ങളെ ഞെക്കിപ്പിഴിയുന്നതിന് പ്രധാന കാരണം സർക്കാരിന്റെ വരുമാനം അത്രമേൽ കുറഞ്ഞതുകൊണ്ടാണ്. ഉപതെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് കേന്ദ്രം പെട്രോളിനും ഡീസലിനും ചെറിയ വിലക്കുറവ് വരുത്തെയെങ്കിലും അത് കഴിഞ്ഞ ഒരു മാസത്തിനിടെ വർധിപ്പിച്ചതിന്റെ പകുതി പോലുമാകുന്നില്ല.
നോട്ട് നിരോധനത്തിനു ശേഷം ഡിജിറ്റൽ പണമിടപാടുകൾ വൻതോതിൽ വർധിച്ചുവെന്നത് ശരിയാണ്. അത് നികുതി വരുമാനം വർധിപ്പിച്ചുവെന്നും സർക്കാർ അനുകൂലികൾ പറയുന്നു. എന്നാൽ നോട്ട് നിരോധന കാലത്തേതിനേക്കാൾ കൂടുതലാണ് പണം മുഖേനയുള്ള ഇടപാടുകളെന്ന കണക്കുകളും പുറത്തുവരുന്നു. ചുരുക്കത്തിൽ ആ രംഗത്തും സർക്കാരിന് ലക്ഷ്യത്തിനടുത്തെത്താൻ കഴിഞ്ഞില്ല.
നോട്ട് നിരോധത്തിനു ശേഷം കൈക്കൂലിക്കോ, അഴിമതിക്കോ, കള്ളപ്പണത്തിനോ ഒരു കുറവും വന്നിട്ടില്ലെന്ന് ഇപ്പോൾ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങൾ തന്നെ തെളിവ്. കൈക്കൂലിയും കമ്മീഷനും നികുതി വെട്ടിപ്പുമെല്ലാം ഇപ്പോഴും നിർബാധം തുടരുന്നു. സർക്കാർ സംവിധാനങ്ങൾ തന്നെ അതിനെല്ലാം കൂട്ടുനിൽക്കുകയും ചെയ്യുന്നു.


പുതിയ കറൻസി നോട്ടുകൾ നിരധി സാങ്കേതിക സുരക്ഷാ സംവിധാനങ്ങൾ ഉള്ളതായതിനാൽ കള്ളനോട്ടുകളുടെ വ്യാപനം കുറഞ്ഞുവെന്ന വസ്തുത തള്ളിക്കളയാനാവില്ല. അപ്പോഴും നോട്ട് നിരോധനത്തിനു മുമ്പ് അയൽരാജ്യങ്ങളിൽനിന്ന് വൻതോതിൽ കള്ളനോട്ടുകൾ ഇന്ത്യയിലെത്തുന്നുവെന്നും അവയെ ഇല്ലാതാക്കാൻ കൂടിയാണ് നോട്ട് നിരോധനമെന്നുമുള്ള അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയുന്നു. മാത്രമല്ല, ഇതുവരെ പിടിക്കപ്പെട്ട 2000 രൂപയുടെ കള്ളനോട്ടുകളിൽ അധികവും ഗുജറാത്തിൽ ആണെന്നത് മറ്റു പല സംശയങ്ങൾക്കും ഇടനൽകുന്നു.
നോട്ട് നിരോധനം ഭീകരപ്രവർത്തനങ്ങൾക്ക് തടയിടുമെന്ന അവകാശവാദവും സത്യമായില്ല, കശ്മീരിൽ നാൽപതോളം സൈനികർ കൊല്ലപ്പെട്ടതടക്കമുള്ള പുൽവാമ ഭീകരാക്രമണം നോട്ട് നിരോധനത്തിനു ശേഷം സംഭവിച്ചതാണ്. നോട്ട് നിരോധനത്തിന്റെ ബാക്കിപത്രം വസ്തുനിഷ്ഠമായി വിലയിരുത്തിയാൽ 80 ശതമാനം പരാജയം, 20 ശതമാനം വിജയം എന്നാവും കാണാനാവുക.


നോട്ട് നിരോധനത്തിന്റെ ആദ്യ നാളുകളിൽ കൈയിലുള്ള പണം നിക്ഷേപിക്കുന്നതിന് രാജ്യത്തെങ്ങും ബാങ്കുകൾക്കു മുന്നിൽ നീണ്ട വരികൾ രൂപപ്പെടുകയും പലരും കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തപ്പോൾ ജനരോഷത്തിൽനിന്ന് രക്ഷപ്പെടാൻ തനിക്ക് അമ്പത് ദിവസം തരൂ അതിനുള്ളിൽ എല്ലാം ശരിയാക്കാമെന്ന് മോഡി വികാരാധീനനായി പറഞ്ഞിരുന്നു. അമ്പത് ദിവസമല്ല, അഞ്ച് കൊല്ലം കഴിഞ്ഞിട്ടും നോട്ട് നിരോധനത്തിന്റെ കെടുതിയിൽ നിന്ന് രാജ്യം മുക്തി നേടിയിട്ടില്ല. അക്കാര്യം ജനം ചർച്ച ചെയ്യാതിരിക്കാനെന്നോണം ജനങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്തുകയാണ് മോഡിയും ബി.ജെ.പിയും. യു.പിയിലെ തെരഞ്ഞെടുപ്പിൽ വലിയ ഭരണ നേട്ടമൊന്നും അവകാശപ്പെടാനില്ലാത്ത യോഗി ആദിത്യനാഥ് തങ്ങൾ ഖബറിസ്ഥാനുകളല്ല, ക്ഷേത്രമാണ് നിർമിക്കുന്നതെന്നൊക്കെയാണ് പ്രസംഗിക്കുന്നത്. എത്രകാലം ഇവർക്ക് ഇങ്ങനെ ജനങ്ങളെ തമ്മിലടിപ്പിച്ചും വിഡ്ഢികളാക്കിയും ഭരണത്തിൽ തുടരാനാവും?
 

Latest News