റിയാദ് - വിശിഷ്ട പ്രതിഭകള്‍ക്കും വിദഗ്ധര്‍ക്കും അപൂര്‍വ സ്‌പെഷ്യലൈസേഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും സൗദി പൗരത്വം അനുവദിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കി.
സൗദിയില്‍ വികസനം ശക്തമാക്കാന്‍ സഹായിക്കുന്നതിനായി വിഷന്‍ 2030 പദ്ധതിക്ക് അനുസൃതമായി മെഡിക്കല്‍, ശാസ്ത്ര, സാംസ്‌കാരിക, സ്‌പോര്‍ട്‌സ്, സാങ്കേതിക, നിയമ മേഖലകളിലെ വിദഗ്ധര്‍ക്ക് സൗദി പൗരത്വം അനുവദിക്കാനുള്ള ഉത്തരവ് രാജാവ് നേരത്തെ പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഏതാനും വിശിഷ്ട പ്രതിഭകള്‍ക്കും വിദഗ്ധര്‍ക്കും അപൂര്‍വ സ്‌പെഷ്യലൈസേഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും സൗദി പൗരത്വം അനുവദിക്കാന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കിയത്.
എണ്ണ വരുമാനം ആശ്രയിക്കുന്നത് കുറക്കാന്‍ ശ്രമിച്ച് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന സാമ്പത്തിക, സാമൂഹിക പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് പ്രതിഭകള്‍ക്കും വിദഗ്ധര്‍ക്കും സൗദി പൗരത്വം അനുവദിക്കാനുള്ള തീരുമാനം.
നിക്ഷേപകരിലും ഡോക്ടര്‍മാരിലും എന്‍ജിനീയര്‍മാരിലും പെട്ടവര്‍ക്ക് സമീപ കാലത്ത് സൗദി അറേബ്യ പ്രീമിയം ഇഖാമകള്‍ അനുവദിക്കാന്‍ തുടങ്ങിയിരുന്നു. മുമ്പ് വിദേശികള്‍ക്ക് ലഭ്യമല്ലാതിരുന്ന നിരവധി ആനുകൂല്യങ്ങള്‍ പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് ലഭിക്കും.
സൗദിയില്‍ നിയമാനുസൃതം ബിസിനസ്, നിക്ഷേപ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ വിദേശികള്‍ക്ക് അവസരമൊരുക്കുന്ന, ഗ്രീന്‍കാര്‍ഡിന് സമാനമായ സ്ഥിരം ഇഖാമ (പ്രീമിയം റെസിഡന്‍സി) ആണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കുന്നത്.