കൊച്ചി- മോൻസൺ പ്രതിയായ പോക്‌സോ കേസിലെ പെൺകുട്ടിയുടെ പരിശോധന തടസപ്പെടുത്തിയത് വനിതാ പോലീസാണെന്ന് കെ.ജി.എം.സി.ടി.എ എറണാകുളം യൂണിറ്റ് സെക്രട്ടറി ഡോ. ഫൈസൽ അലി വ്യക്തമാക്കി. വൈദ്യപരിശോധനക്കിടെ മുറിയിലേക്കെത്തിയ വനിത പോലീസ് പരിശോധന പൂർത്തിയാക്കുന്നതിനിടെ പെൺകുട്ടിയെയുമായി അവിടെനിന്ന് കൊണ്ടുപോകുകയായിരുന്നുവെന്നും ഡോക്ടർ വ്യക്തമാക്കി. വൈദ്യപരിശോധനക്ക് എത്തിയ പെൺകുട്ടിയെ ലേബർ മുറിയിൽ പൂട്ടിയിടുകയും ഡോക്ടർമാർ മോൻസന് അനുകൂലമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി. അതേസമയം, പരാതി അടിസ്ഥാന രഹിതമാണെന്ന് ഡോക്ടർ ആരോപിച്ചു. പെൺകുട്ടിയുടെ പരാതിയിൽ കളമശേരി മെഡിക്കൽ കോളേജിലെ രണ്ടു ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. ഇവരെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തു. ഇക്കഴിഞ്ഞ 27-നാണ് പോക്‌സോ കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ വൈദ്യപരിശോധനക്കായി ആലുവ ജനറൽ ആശുപത്രിയിൽനിന്ന് റഫർ ചെയ്ത് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്.