തിരുവനന്തപുരം- ഇന്ധന വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഇന്ധന വില ഇന്ന് നിയമ സഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലേക്ക് എത്തിയത് സൈക്കിളില്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ ഉള്ളവരായിരുന്നു സൈക്കിളില്‍ സഭയിലേക്ക് യാത്ര ചെയ്തതത്. കഴിഞ്ഞ ദിവസം കോവളം എംഎല്‍എ എം വിന്‍സന്റ് സൈക്കിളില്‍ സഭയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കുന്നത്. എംഎല്‍എ ഹോസ്റ്റലില്‍ നിന്നും നിയമ സഭവരെയായിരുന്നു സൈക്കിള്‍ യാത്ര. കേന്ദ്രം ഇന്ധന വില കുറച്ചതുപോലെ കേരളവും നികുതി കുറച്ച് ഇന്ധന വില കുറയ്ക്കണമെന്നാണ് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന ആവശ്യം. മുന്‍പും പലതവണ പ്രതിപക്ഷം ഇക്കാര്യം സഭയില്‍ അവതരിപ്പിച്ചുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ്.
സമരം വ്യാപകമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. ഇന്ന് ഇന്ധന നികുതി അടിയന്തര പ്രമേയമായി അവതരിപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. കെ ബാബുവായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുക. സംസ്ഥാനം നികുതി കുറയ്ക്കുന്നതിലൂടെ ഇന്ധന വിലയില്‍ ഏഴ് രൂപയോളം വ്യത്യാസം വരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിഗമനം.