റിയാദ് - സൗദിയില്‍ നിയമം ലംഘിച്ച് കാലാവസ്ഥാ പ്രവചനങ്ങള്‍ നടത്തുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവും ഇരുപതു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു. കലാവസ്ഥാ പ്രവചനങ്ങളും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും മുന്നറിയിപ്പുകളും ഉണര്‍ത്തലുകളും നല്‍കാന്‍ അധികാരമുള്ള ഏക വകുപ്പ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ്. സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന കാലാവസ്ഥാ പ്രവചനങ്ങളും ഉണര്‍ത്തലുകളും നിയമ ലംഘനമാണ്. നിയമ ലംഘനത്തിന്റെ ഇനത്തിനും തോതിനും അനുസരിച്ചാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷകള്‍ നിര്‍ണയിക്കുക.
പുതിയ കാലാവസ്ഥാ നിയമാവലി സൂക്ഷ്മ പരിശോധനാ ഘട്ടത്തിലാണ്. വൈകാതെ ഇത് പരസ്യപ്പെടുത്തും. ഓരോ നിയമ ലംഘനവും അതിനുള്ള ശിക്ഷകളും നിയമാവലി വ്യക്തമായി വ്യാഖ്യാനിക്കും. വൈകാതെ പ്രഖ്യാപിക്കുമെന്ന് കരുതുന്ന കാലാവസ്ഥാ നിരീക്ഷണ നിയമം സമഗ്രമായിരിക്കും. കാലാവസ്ഥാ നിരീക്ഷണ മേഖലയില്‍ എല്ലാവരുടെയും പങ്കാളിത്തത്തിന് നിയമം സഹായകമാകും. കാലാവസ്ഥാ നിരീക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും നിയമം ലൈസന്‍സുകള്‍ അനുവദിക്കും. ഇതില്‍ നിന്ന് ആരെയും ഒഴിവാക്കില്ലെന്നും ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു.