ആലപ്പുഴ- പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായതിനാൽ വീടുവെക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കുടുംബം. ആലപ്പുഴ പല്ലന കടവിൽപ്പറമ്പിൽ ചിത്രയ്ക്കും കുടുംബത്തിനുമാണ് വീടുവെക്കാനാകാത്തത്. രണ്ടു വർഷം മുമ്പ് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഇവർക്ക് വീടുവെക്കാൻ 3.70 ലക്ഷം രൂപയ്ക്ക് അഞ്ചു സെന്റ് സ്ഥലം വാങ്ങി നൽകിയിരുന്നു. തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുവെക്കാൻ നാലുലക്ഷം രൂപ അനുവദിച്ചു. ആദ്യഗഡുവായി 40,000 രൂപ നൽകി. ഈ പണം ഉപയോഗിച്ച് മെറ്റലും സിമന്റുകട്ടയും കൊണ്ടുവന്നത് സമീപത്തെ മൂന്നുവീട്ടുകാർ ജാതീയമായി അധിക്ഷേപം ചൊരിഞ്ഞ് തടഞ്ഞിട്ടു. (മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്)
പഞ്ചായത്തുറോഡിലൂടെ സാധനങ്ങൾ കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്നുകാണിച്ച് ചിത്ര പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. സാധനങ്ങളുമായി എത്തിയ വണ്ടി കത്തിക്കുമെന്ന് നാട്ടുകാർ ഭീഷണി മുഴക്കിയതോടെ സാധനം വഴിയിലിറക്കി വാഹനം തിരിച്ചുപോയി.
പദ്ധതിനിർവഹണ ഉദ്യോഗസ്ഥനും വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസറുമായ ടി.എസ്. അരുൺകുമാർ മാർച്ച് 16-ന് തൃക്കുന്നപ്പുഴ പോലീസിൽ രേഖാമൂലം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പ്ലാസ്റ്റിക് കൂരയിലാണ് ചിത്രയും കുടുംബവും താമസിക്കുന്നത്. ഈ വീട്ടിലേക്ക് ഈ റോഡിലൂടെ ഗ്യാസ് സിലിണ്ടർ എത്തിക്കാനും നാട്ടുകാർ തടസം നിൽക്കുന്നു.
ചിത്രയുടെ ഭർത്താവ് ധനേഷ് പക്ഷാഘാതം വന്നുകിടക്കുകയാണ്. ശക്തമായി മഴപെയ്താൽ വെള്ളംകെട്ടിനിൽക്കുന്ന വീട്ടിലെ കട്ടിലിലാണിയാൾ. ആവശ്യംവന്നാൽ ആംബുലൻസ് പോലും സമീപവാസികൾ കടത്തിവിടില്ലെന്ന ഭയവും ഇവർക്കുണ്ട്. പ്ലസ് വൺ വിദ്യാർഥിയായ മകനും അഞ്ചാംക്ലാസുകാരിയായ മകളും ഈ കൂരയ്ക്കുള്ളിലുണ്ട്. കയർപിരിച്ചുകിട്ടുന്ന ചെറിയവരുമാനംകൊണ്ടാണ് ചിത്ര കുടുംബം നയിക്കുന്നത്.