പാലക്കാട്- ആലത്തൂരില്‍നിന്ന് നാടുവിട്ടു പോയി പോലീസിന്റെ കസ്റ്റഡിയിലായ ഇരട്ടസഹോദരിമാരെ പാലക്കാട് നിര്‍ഭയ കേന്ദ്രത്തിലേക്കും ആണ്‍കുട്ടികളെ ജുവനൈല്‍ ഹോമിലേക്കും മാറ്റി.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ മുന്നില്‍ ഹാജരാക്കിയതിനു ശേഷമാണ് നടപടി. കോയമ്പത്തൂരില്‍ നിന്ന് തിങ്കളാഴ്ച രാത്രി എട്ടരയോടെ പാലക്കാട്ടെത്തിച്ച കുട്ടികളുമായി ജില്ലാ പോലീസ് സൂപ്രണ്ട് ആര്‍.വിശ്വനാഥ് നേരിട്ട് ആശയവിനിമയം നടത്തിയിരുന്നു. കുട്ടികളുടെ വൈദ്യപരിശോധന പൂര്‍ത്തിയായി. നാലു പേര്‍ക്കും കൗണ്‍സിലിംഗ് നടത്തി വീണ്ടും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ മുന്നില്‍ ഹാജരാക്കും. അതിനു ശേഷമായിരിക്കും അവരെ രക്ഷിതാക്കള്‍ക്കൊപ്പം വിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടപടിയെടുക്കുക.
ആലത്തൂരിലെ ഒരു എയ്ഡഡ് സ്‌കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥികളായ നാലു കുട്ടികളെ ഈ മാസം മൂന്നിനാണ് കാണാതായത്. തിങ്കളാഴ്ച ഇവരെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. എന്തിനാണ് കുട്ടികള്‍ വീടു വിട്ടിറങ്ങിയത് എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയ ഊട്ടിയിലെ ലോഡ്ജുടമക്കെതിരേ കേസെടുക്കാന്‍ ജില്ലാ പോലീസ് സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കി. ശിശുക്ഷേമസമിതിയുടെ നിര്‍ദ്ദേശപ്രകാരമായിരിക്കും ഇനിയുള്ള നടപടികള്‍.
തങ്ങളുടെ പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തപ്പോഴാണ് വീടു വിട്ടിറങ്ങിയത് എന്നാണ് കുട്ടികള്‍ നല്‍കിയ പ്രാഥമിക മൊഴി. ഇക്കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നതിനെ രക്ഷിതാക്കള്‍ എതിര്‍ത്തിരുന്നുവെന്നും കുട്ടികള്‍ പോലീസിനോട് പറഞ്ഞു. മറ്റാരുടേയെങ്കിലും പ്രേരണ ഉണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
ഊട്ടിയിലെ ഒരു ലോഡ്ജില്‍ താമസിച്ചുവെന്നാണ് കുട്ടികള്‍ പറയുന്നത്. അക്കാര്യവും പരിശോധിക്കും. ഈ ദിവസങ്ങളില്‍ മറ്റാരെങ്കിലുമായും ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിക്കും. ഒറ്റനോട്ടത്തില്‍ കുട്ടികളാണെന്ന് മനസ്സിലാവുന്ന സംഘത്തിന് താമസസൗകര്യം ഒരുക്കിയ ലോഡ്ജുടമ ഗുരുതരമായ തെറ്റാണ് കാണിച്ചത് എന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം.േദവസ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുട്ടികളുടെ രക്ഷിതാക്കളുമായും ആശയവിനിമയം നടത്തി വരികയാണ്. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പോലീസിന്റെ കസ്റ്റഡിയിലാകുമ്പോ ള്‍ 9110 രൂപയാണ് സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നത്. ഗോവയിലേക്ക് പോകാന്‍ വണ്ടി കയറുമ്പോഴാണ് കുട്ടികളെ പോലീസ് ശ്രദ്ധിക്കുന്നത്. എങ്ങനെയാണ് ഗോവ എന്ന ചിന്ത അവര്‍ക്ക് ഉണ്ടായത് എന്ന കാര്യത്തിലും ചില സംശയങ്ങളുണ്ട്.
ആലത്തൂര്‍ മേഖലയില്‍ സമീപകാലത്ത് ഉണ്ടായ ചില കാണാതാകല്‍ കേസുകളുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കും. ഓഗസ്റ്റ് 30ന് കാണാതായ പുതിയങ്കം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ഇനിയും കണ്ടെത്താനായിട്ടില്ല.