ലഹരിയുടെ വ്യാപാരം നിയന്ത്രിക്കുന്നതിൽ പ്രധാനം ലഹരിയുടെ ഉപയോഗം കുറക്കലാണ്. പുതിയ ഉപഭോക്താക്കൾ ഉണ്ടാകുന്നത് തടയുന്നതോടൊപ്പം നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയണം. വീട്, വിദ്യാലയം, മറ്റു പാഠശാലകൾ എന്നിവിടങ്ങളിൽ ശക്തമായ ബോധവൽക്കരണത്തിലൂടെ പുതിയ ഉപയോക്താക്കൾ ഉണ്ടാകുന്നത് തടയാൻ സാധിക്കണം.
ലഹരി വസ്തുക്കളുടെ വലിയ വിപണിയായി മലബാർ മേഖല മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. മാസം തോറും നൂറുകണക്കിന് കിലോ ലഹരി വസ്തുക്കളാണ് വടക്കൻ ജില്ലകളിൽ നിന്ന് എക്‌സൈസ് വകുപ്പും ബന്ധപ്പെട്ട ഏജൻസികളും പിടിച്ചെടുക്കുന്നത്. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം കഞ്ചാവ് വിൽക്കപ്പെടുന്ന ജില്ലയായി മലപ്പുറം ജില്ല മാറുന്നുവെന്നതാണ് ആശങ്കയുയർത്തുന്നത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലും പിടിക്കപ്പെടുന്ന കഞ്ചാവിന്റെ അളവ് കുറവല്ല. സംസ്ഥാനത്ത് പ്രതിമാസം എക്‌സൈസ് വകുപ്പ് പിടികൂടുന്ന ലഹരി വസ്തുക്കളുടെ ഭൂരിഭാഗവും മലബാർ ജില്ലകളിൽ നിന്നാണ്. കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ പിടികൂടുന്നതേറെയും മലബാർ മേഖലയിലെ ചെക്ക് പോസ്റ്റുകളിലോ ബന്ധപ്പെട്ട ജില്ലകളിലോ വെച്ചാണ്.
കോവിഡ് കാലത്ത് കഞ്ചാവ് ഉൾെപ്പടെയുള്ള ലഹരി വസ്തുക്കളുടെ വിൽപന വലിയ തോതിൽ വർധിച്ചിട്ടുണ്ട്. കഞ്ചാവിന് പുറമെ വിവിധ തരം പുകയില ഉൽപന്നങ്ങൾ, വാറ്റുചാരായം, ഹഷീഷ് തുടങ്ങിയവയും ലഹരി കലർന്ന അരിഷ്ടവും വ്യപാകമായി വിറ്റഴിക്കുന്നതായാണ് അധികൃതർ കണ്ടെത്തിയിട്ടുള്ളത്. മറ്റു ലഹരി ഉൽപന്നങ്ങളെ അപേക്ഷിച്ച് കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് വ്യപകമായ തോതിലാണ് കഞ്ചാവ് എത്തുന്നത്. ഇതിൽ ഏറെയും പിടികൂടുന്നത് കേരള-തമിഴ്‌നാട് അതിർത്തികളിലാണ്.
മുൻകാലങ്ങളിൽ ചെറുവാഹനങ്ങളിലാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ ലോറികളിലും മറ്റു വലിയ വാഹനങ്ങളിലും കൂടിയ അളവിലാണ് കടത്ത് നടക്കുന്നത്. കഴിഞ്ഞ ദിവസം മണ്ണാർക്കാടിനടുത്ത് കരിങ്കല്ലാത്തണിയിൽ നിന്ന് പിടികൂടിയത് ഇരുന്നൂറിലേറെ കിലോ കഞ്ചാവാണ്. ഒഡീഷയിൽ നിന്ന് കഞ്ചാവ് കൊണ്ടുവരുന്നത് മോഷ്ടിച്ച ലോറികളിലാണെന്നാണ് പോലീസ് കണ്ടെത്തിയത്. പെരിന്തൽമണ്ണയിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് മോഷണം പോയ ലോറിയെ കുറിച്ചുള്ള അന്വേഷണം എത്തിയത് കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻകിട കഞ്ചാവ് വിൽപന സംഘത്തിലേക്കാണ്. ലോറികൾ മോഷ്ടിച്ച് കോയമ്പത്തൂരിലെ വർക്ക്‌ഷോപ്പിൽ രൂപമാറ്റം വരുത്തി വ്യാജനമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് ലഹരി കടത്തിന് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ വാഹന മോഷണ സംഘങ്ങളുമായി ലഹരി മാഫിയക്ക് ബന്ധമുണ്ടെന്ന സൂചനകളാണ് ഉയരുന്നത്. വാഹനം പോലീസ് പിടിച്ചെടുത്താൽ യഥാർത്ഥ ഉടമയാണ് നിയമ നടപടികൾ നേരിടേണ്ടി വരിക. തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വരുന്ന പച്ചക്കറി ലോറികളിൽ കഞ്ചാവ് കടത്തുന്നത് വർഷങ്ങളായി തുടരുന്നുണ്ട്.
യുവാക്കളാണ് ലഹരി വ്യാപാര ശൃംഖലയുമായി കൂടുതൽ ബന്ധപ്പെട്ട് നിൽക്കുന്നത് എന്നത് ആശങ്കയുയർത്തുന്നതാണ്. ലഹരി വസ്തുക്കളുടെ വ്യാപാരത്തിലും ഉപയോഗത്തിലും യുവാക്കളുടെ എണ്ണം വർധിച്ചു വരുന്നു. കഞ്ചാവ് കടത്തു കേസുകളിൽ പിടിയിലാകുന്നവരിലേറെയും ഇളംപ്രായക്കാരാണ്. എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള മാർഗമായി മുപ്പത് വയസ്സിന് താഴെയുള്ള പലരും ഇതിനെ കാണാൻ തുടങ്ങിയിട്ടുണ്ട്. അമിത ലാഭമാണ് ഈ കച്ചവടത്തിലേക്ക് യുവാക്കളെ ആകർഷിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഗൾഫ് മേഖലയിൽ തൊഴിൽ അവസരങ്ങൾ കുറഞ്ഞതും നാട്ടിൽ നല്ല വരുമാനമുള്ള തൊഴിൽ ലഭിക്കാത്തതും ഉയർന്ന ജീവിതച്ചെലവുകളുമാണ് യുവാക്കളെ ഈ മേഖലയിലേക്ക് തള്ളിവിടുന്നത്.
നൂറുകണക്കിന് കിലോ കഞ്ചാവ് മൊത്തമായി എത്തിച്ച് രഹസ്യ കേന്ദ്രങ്ങളിൽ വെച്ച് ചെറിയ പാക്കറ്റുകളിലാക്കി ചില്ലറ വിൽപന നടത്തുകയാണ് ചെയ്യുന്നത്. അമ്പത് ഗ്രാം പാക്കറ്റുകളിലാക്കി വിൽക്കുമ്പോൾ കച്ചവട സംഘങ്ങളുടെ ലാഭം പതിൻമടങ്ങായി വർധിക്കുന്നു. തൂക്കത്തിൽ തട്ടിപ്പ് നടത്തിയും ഉയർന്ന വില ഈടാക്കിയും ആവശ്യക്കാരെ കബളിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമങ്ങളിൽ പോലും ലഹരി മരുന്ന് വ്യാപകമായി വിറ്റഴിക്കുന്നതിനായി നൂറുകണക്കിന് ചില്ലറ വിൽപനക്കാരാണ് ഈ രംഗത്തുള്ളത്.
യഥാർത്ഥത്തിൽ ഇത്രയും ലഹരി വിറ്റഴിക്കപ്പെടുന്നത് എവിടെയാണെന്നോ ഉപയോക്താക്കൾ ആരാണെന്നോ ഇപ്പോഴും വ്യക്തമായ സൂചനകളില്ല.വിദ്യാർഥികൾക്കിടയിലാണ് വ്യാപകമായി ലഹരി വസ്തുക്കളുടെ വിൽപന നടക്കുന്നതെന്ന് പൊതുവിൽ കരുതുന്നുണ്ടെങ്കിലും കോവിഡ് മൂലം കഴിഞ്ഞ ഒന്നര വർഷമായി വിദ്യാലയങ്ങളും കോളേജുകളും അടഞ്ഞു കിടക്കുന്നതിനാൽ കാമ്പസുകൾ കേന്ദ്രീകരിച്ച് വിൽപന നടക്കുന്നില്ലെന്നാണ് കരുതപ്പെടുന്നത്. വീടുകളിലിരിക്കുന്ന കുട്ടികൾ വ്യാപകമായി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന് കണക്കുകൂട്ടുന്നതും യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തതാണ്. തൊഴിൽ രഹിതരായ യുവാക്കൾ, കൂലിപ്പണിക്കാർ എന്നിവർക്കിടയിൽ കഞ്ചാവ് വിൽപന വ്യാപകമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ലഹരി കടത്തിനും ഉപയോഗത്തിനുമെതിരെ നിയമ നടപടികളും ബോധവൽക്കരണവും നടക്കുന്നുണ്ടെങ്കിലും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലഹരി വസ്തുക്കൾക്ക് കുറവില്ല. ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ നിന്നു വരെ കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നുവെന്നത് ദേശവ്യാപകമായി പ്രവർത്തിക്കുന്ന ലഹരി കടത്ത് ശൃംഖലയിൽ കേരളവും കണ്ണിചേർക്കപ്പെട്ടെന്നാണ് തെളിയിക്കുന്നത്. ഇത് വലിയ വ്യാപാര മേഖലയായി മാറുകയും പുതിയ ഇടപാടുകാരെ തേടുകയും ചെയ്യുന്നുവെന്നത് ആശങ്കയുയർത്തുന്നു.
ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നു തന്നെയാണ് കച്ചവടം വർധിക്കുന്നുവെന്നതിൽ നിന്ന് വ്യക്തമാകുന്നത്. ആരോഗ്യത്തെ ക്ഷയിപ്പിക്കുന്ന ലഹരി ഉപയോഗം വരുംതലമുറയുടെ ഭാവിയെ തന്നെ ഇരുളിലാക്കുന്നതാണ്.
ലഹരിയുടെ വ്യാപാരം നിയന്ത്രിക്കുന്നതിൽ പ്രധാനം ലഹരിയുടെ ഉപയോഗം കുറക്കലാണ്. പുതിയ ഉപഭോക്താക്കൾ ഉണ്ടാകുന്നത് തടയുന്നതോടൊപ്പം നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയണം. വീട്, വിദ്യാലയം, മറ്റു പാഠശാലകൾ എന്നിവിടങ്ങളിൽ ശക്തമായ ബോധവൽക്കരണത്തിലൂടെ പുതിയ ഉപയോക്താക്കൾ ഉണ്ടാകുന്നത് തടയാൻ സാധിക്കണം. ലഹരിക്ക് അടിമകളായവരെ വിമുക്തി പദ്ധതികളിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയണം. സർക്കാരുകളുടെയും വിവിധ സർക്കാർ ഇതര ഏജൻസികളുടെയും നേതൃത്വത്തിൽ വിമുക്തി പദ്ധതികൾ ഏറെയുണ്ടെങ്കിലും ഒന്നു ഫലം കാണുന്നില്ലെന്നാണ് ലഹരി വസ്തുക്കളുടെ വിൽപന വർധിക്കുന്നതിൽ നിന്ന് തെളിയുന്നത്. ഈ രംഗത്ത് ശാസ്ത്രത്തിന്റെ സാധ്യതകൾ വേണ്ട രീതിയിൽ ഇനിയും ഉപയോഗിക്കപ്പെട്ടിട്ടില്ല. കേരളത്തിൽ ഇന്ന് പ്രാബല്യത്തിലുള്ള ഡീ-അഡിക്ഷൻ സംവിധാനങ്ങളൊന്നും പൂർണവിജയമല്ല. വിവിധ ചികിൽസാ രീതികളിലായി വ്യത്യസ്തമായ മരുന്നുകൾ പ്രചരിക്കുന്നുണ്ടെങ്കിലും അതിലേറെയും സാമ്പത്തിക ചൂഷണം മാത്രം ലക്ഷ്യമിട്ടുള്ളതാണ്.
ലഹരിയിൽ നിന്ന് വിമുക്തി നേടാൻ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്ന പലരും ആയിരക്കണക്കിന് രൂപ ചികിൽസക്കായി ചെലവിഴിച്ചിട്ടും വിമുക്തി നേടാൻ കഴിയാത്തവരാണ്. ഉപയോഗത്തിൽ നിന്ന് പിൻമാറാൻ മാനസികമായി തയാറുള്ളവരിൽ പലരിലും ശാരീരികമായ പിൻമാറ്റം എളുപ്പമല്ലാത്ത അവസ്ഥയുണ്ടാക്കുന്നുണ്ട്. ഇതിന് പ്രതിവിധി ഫലപ്രദമായ മരുന്നു തന്നെയാണ്. ഈ രംഗത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് കൂടുതൽ ഗവേഷണങ്ങൾക്ക് മുതിരേണ്ടതുണ്ട്. ലഹരിവിരുദ്ധ ബോധവൽക്കരണത്തിനായി ചെലവഴിക്കുന്ന കോടികൾ ഏതാനും വർഷത്തേക്ക് ഇത്തരം ഗവേഷണത്തിനായി ഉപയോഗിക്കണം. ഫലപ്രദമായ മരുന്നിലൂടെ ലഹരി ഉപയോക്താക്കളെ വിമുക്തിയുടെ ലോകത്തേക്ക് വഴി കാട്ടാൻ കഴിയണം. ലഹരിയുടെ വ്യാപനം ഗുരുതരമായ സാമൂഹിക വിപത്താണെന്ന് തിരിച്ചറിയണം.