തിരുവനന്തപുരം- മകനെ തട്ടിയെടുത്ത് ദത്തു നല്‍കിയെന്ന് മാതാപാതിക്കള്‍ക്കെതിരെ പരാതിപ്പെട്ട അനുപമക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കാനാവില്ലെന്ന് പോലീസ്. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചുവെന്നും കേസ് എടുക്കാനുള്ള തെളിവുകളില്ലെന്നും അതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നുമാണ് ശ്രീകാര്യം പോലീസ് വ്യക്തമാക്കിയത്.
അനുപമ പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരുന്നതെങ്കിലും പ്രസംഗം നടന്നത് ശ്രീകാര്യം പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ പരാതി കൈമാറുകയായിരുന്നു.
സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയിരുന്നത്.
കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമെന്ന് പറഞ്ഞായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസംഗം. അനുപമയുടെ ഭര്‍ത്താവ് അജിത്തിന്റെ പേരെടുത്ത് പറഞ്ഞിരുന്നില്ല.
കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലിലേക്ക് പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല എന്ന രാതിയിലുള്ള പരാമര്‍ശമാണ് അദ്ദേഹം നടത്തിത്. ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.
പഠിപ്പിച്ച് വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞുപോയത്? ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. എനിക്കും മൂന്നു പെണ്‍കുട്ടികളായത് കൊണ്ടാണ് പറയുന്നത്. എങ്ങോട്ടാണ് പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടുമൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇല്ലാക്കഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.