തിരുവനന്തപുരം- മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖം രക്ഷിക്കാൻ നടപടിയുമായി സർക്കാർ. മരംമുറിയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചു. മരംമുറിയുമായി ബന്ധപ്പെട്ട നടപടികൾ ഭാഗികമായി മരവിപ്പിക്കാനാണ് സർക്കാർ നീക്കം. ഉദ്യോഗസ്ഥർക്കെതിരായ നടപടിയുടെ കാര്യത്തിലും സർക്കാർ നിയമോപദേശം തേടും. വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ് നിലവിൽ പ്രതിസ്ഥാനത്തുള്ളത്. ബെന്നിച്ചനെതിരെ മാത്രം നടപടിയെടുത്താൽ നിയമപരമായ പ്രശ്‌നം നേരിടുമോ എന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. അതേസമയം, മരംമുറി അനുമതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ വനംമന്ത്രി നൽകിയ മറുപടിയും പാളി. ഇത് സംബന്ധിച്ച് തിരുത്തൽ പ്രസ്താവന മന്ത്രി സഭയിൽ നൽകുമെന്നാണ് സൂചന.