Sorry, you need to enable JavaScript to visit this website.

സർക്കാർ ഉദ്യോഗസ്ഥനായ മകന്റെ ജീവിതത്തിലെ ദുരൂഹത അന്വേഷിക്കണം-പിതാവ് മുഖ്യമന്ത്രിയോട്

ആലപ്പുഴ-  നാടും വീടും ഉപേക്ഷിച്ച് കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥനായ മകന്റെ ജീവിതത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിയെ സമീപിച്ചു. വർഷങ്ങളായി വീടും മാതാപിതാക്കളെയും സഹോദരങ്ങളെയും അവഗണിച്ച് കഴിയുന്ന മകന്റെ സാമ്പത്തിക ഇടപാടുകളിൽ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കണമെന്നും മുഖ്യന്ത്രി പിണറായി വിജയന് അയച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴ ചേർത്തല ചേന്നം പള്ളിപ്പുറം പുത്തൻതറയിൽ വീട്ടിൽ 80 വയസ്സുള്ള പി കെ രവീന്ദ്രനാണ് മകനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. തൃശ്ശൂർ പട്ടിക്കാട് കെ എസ് ഇ ബി ഓഫീസിൽ സീനിയർ സൂപ്രണ്ടായി ജോലി ചെയ്യുന്ന ആർ.പി.രവിചന്ദ്രനെതിരെയാണ് പരാതി.
1995 ജൂലൈ 13 ന് ജോലിയിൽ പ്രവേശിച്ച രവിചന്ദ്രൻ ഇത്രയും വർഷമായിട്ടും നാട്ടിൽ ഒരിടത്തും ജോലി ചെയ്തിട്ടില്ല. ഒരു ദിവസം പോലും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം വീട്ടിൽ കഴിഞ്ഞിട്ടില്ല. 1970 ൽ കുടികിടപ്പവകാശമായി കിട്ടിയ 10 സെൻറ് നിലം നികത്ത് ഭൂമിയിൽ ചുറ്റും വെള്ളക്കെട്ടുള്ള സ്ഥലത്ത് 480 സ്‌ക്വയർ ഫീറ്റ്  വാർക്കൽ വീട്ടിലാണ് രവിചന്ദ്രൻറെ മാതാപിതാക്കൾ കഴിയുന്നത്. ഇരുവരും വാർദ്ധക്യത്തിന് പുറമെ വിവിധ രോഗങ്ങൾക്ക് ചികിത്സയിലുമാണ്. പ്രതിമാസം 175000 രൂപ ശമ്പളം വാങ്ങുന്ന രവിചന്ദ്രൻ വീടിൻറെ അറ്റകുറ്റപ്പണിക്കോ മാതാപിതാക്കളുടെ ചികിത്സയ്‌ക്കോ യാതൊരു സഹായവും ചെയ്യുന്നില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലടക്കം പിതാവ് നിരവധി തവണ ആശുപത്രിയിൽ കഴിഞ്ഞിട്ടും രവിചന്ദ്രൻ നേരിൽ കാണാൻ തയ്യാറായിട്ടില്ല. വർഷങ്ങളായി നാടും വീടും ഉപേക്ഷിച്ച് കഴിയുന്ന രവിചന്ദ്രന് കുട്ടികളില്ല. ഇദ്ദേഹം ഭാര്യയുമായി കെ എസ് ഇ ബി ക്വാർട്ടേഴ്‌സിലാണ് താമസം.
ലക്ഷങ്ങൾ വരുമാനമുണ്ടായിട്ടും മാതാപിതാക്കളെപ്പോലും ഉപേക്ഷിച്ച് കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥനായ രവിചന്ദ്രന്റെ ജീവിതത്തിൽ ദുരൂഹതയുണ്ടെന്നും പിതാവ് ആരോപിക്കുന്നു. മകന്റെ രഹസ്യങ്ങൾ നിറഞ്ഞ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് പിതാവ് മുഖ്യമന്തിക്ക് അയച്ച പരാതിയിൽ ആവശ്യപ്പെട്ടു. ഇതേ അന്വേഷണം ആവശ്യപ്പെട്ട്  വൈദ്യുതി വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, കെ എസ് ഇ ബി മാനേജിംഗ് ഡയറക്ടർ എന്നിവർക്കും പരാതി അയച്ചിട്ടുണ്ട്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ആക്റ്റ്, 2007-ൻ കീഴിൽ മെയിന്റനൻസ് ട്രൈബ്യൂണലിനു മുമ്പാകെയും രവീന്ദ്രൻ പരാതി നൽകിയിട്ടുണ്ട്. 'വളരെയേറെ ദാരിദ്ര്യദു:ഖം അനുഭവിച്ചാണ് ഞങ്ങളുടെ മകനെ പഠിപ്പിച്ച് ജോലി സമ്പാദിച്ചത്. ജോലി ലഭിച്ച ഉടനെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്ത രവിചന്ദ്രൻ പിന്നീട് പൂർണ്ണമായും ഭാര്യയുടെ നിയന്ത്രണത്തിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യയെക്കുറിച്ചോ, ഭാര്യവീട്ടുകാരെക്കുറിച്ചോ  മാതാപിതാക്കളോടോ സഹോദരങ്ങളോടോ രവിചന്ദ്രൻ ഇതേവരെ ഒന്നും വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. വിവാഹവും തുടർന്നുള്ള ഇവരുടെ ജീവിതവും പൂർണ്ണമായും രഹസ്യമായി തുടരുകയാണ്. ദുരൂഹത നിറഞ്ഞ ജീവിതം നയിക്കുന്ന എന്റെ മകന്റെ ജീവൻ അപകടത്തിലാണ്. ഞങ്ങളുടെ മകനെ രക്ഷിക്കണം. മകനെ ആക്ഷേപിക്കാനോ മാനസികമായി തകർക്കാനോ ഞങ്ങൾ ഒരുക്കമല്ല. സ്വന്ത-ബന്ധങ്ങളിൽ നിന്ന് പൂർണ്ണമായും അകന്ന് ഒറ്റപ്പെട്ട് രഹസ്യജീവിതം നയിക്കുന്ന മകൻ ഞങ്ങളെ സഹായിച്ചില്ലെങ്കിലും ദുരൂഹത നിറഞ്ഞ ജീവിതത്തിൽ നിന്ന് മകന് മോചനം ലഭിക്കണമെന്നും' പി കെ  രവീന്ദ്രൻ ആവശ്യപ്പെടുന്നു.
 

Latest News