കണ്ണൂര്‍- ക്രിപ്‌റ്റോ കറന്‍സി വാഗ്ദാനം ചെയ്ത് 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ നാല് പേര്‍ കണ്ണൂരില്‍ പിടിയിലായി. കാസര്‍കോട് ആലമ്പാടി സ്വദേശി റിയാസ്, മലപ്പുറം മഞ്ചേരി സ്വദേശി സി.ഷഫീഖ്, കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി വസിം മുനവറലി, മലപ്പുറം നിലമ്പൂര്‍ വണ്ടൂര്‍ സ്വദ്ദേശി മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായതെന്ന് സിറ്റി അസി. കമ്മീഷണര്‍ പി.പി.സദാനന്ദന്‍ അറിയിച്ചു.
മലപ്പുറം മുതല്‍ കാസര്‍കോട് വരെയും, ഗള്‍ഫിലും ഇവര്‍ വ്യാപകമായി തട്ടിപ്പ് നടത്തിയെന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ 100 കോടിയോളം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായി എ.സി.പി പറഞ്ഞു.
ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് കോയിന്‍ വാഗ്ദാനം ചെയ്ത് ബംഗളുരു ആസ്ഥാനമായ ലോംഗ് റീച്ച് ടെക്‌നോളജീസ് എന്ന കമ്പനിയുടെ മറവിലാണിവര്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് സംബന്ധിച്ച് നാല് മാസം മുമ്പ് കണ്ണൂര്‍ സിറ്റി പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച ഒരു പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്.
മണി ചെയിന്‍ മാതൃകയിലാണ് ഇവര്‍ പദ്ധതിയൊരുക്കി നിക്ഷേപ സമാഹരണം നടത്തിയത്. ആയിരത്തിലധികം പേര്‍ ഇവരുടെ തട്ടിപ്പിനിരയായെന്നാണ് ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരം. ഇതിന്റെ വ്യാപ്തി ഇനിയും കൂടാനാണ് സാധ്യത.
തട്ടിപ്പിന് മറയായി സ്റ്റഡി മോജ്, എംപവര്‍, സ്റ്റഡി മോജ് പ്ലസ്, എം.പവര്‍ പ്ലസ് എന്നീ പഠന ആപ്പുകള്‍ തയ്യാറാക്കുകയും, മോറിസ് കോയിന്‍ ഡോട്ട് കോം, എല്‍.ആര്‍.ഡി ഡോട്ട് കോം എന്നീ വൈബ് സൈറ്റുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിലൂടെയാണ് ധനസമാഹരണം നടത്തിയത്.
പിടിയിലായ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ കോടികളാണ് എത്തിയിട്ടുള്ളത്.
റിയാസിന്റെ അക്കൗണ്ടുകളില്‍ 40 കോടിയും, സി.ഷഫീഖിന്റെ അക്കൗണ്ടുകളില്‍ 32.55 കോടിയും, വസീം, മുഹമ്മദ് ഷഫീഖ് എന്നിവരുടെ അക്കൗണ്ടുകളില്‍ ഏഴു കോടി രൂപ വീതവും എത്തിയതായി പരിശോധനയില്‍ വ്യക്തമായി.ഈ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടി കൈക്കൊണ്ടതായി അസി. കമ്മീഷണര്‍ അറിയിച്ചു.
തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണെങ്കിലും ഇതു സംബന്ധിച്ച് വിരലിലെണ്ണാവുന്ന പരാതികളാണ് ഇതുവരെ ലഭിച്ചത്. കേരളത്തില്‍ ഉള്ളതിനേക്കാള്‍ ഗള്‍ഫ് മലയാളികളും ബിസിനസുകാരും കൂടുതലായി തട്ടിപ്പിനിരയായതാണ് പോലീസിന്റെ നിഗമനം.
ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് ഏതാനും മാസം മുമ്പ് മലപ്പുറത്ത് നിഷാന്ത് എന്നയാളെ അറസ്റ്റു ചെയ്തിരുന്നു.ഇയാളുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന 34 കോടി രൂപ മരവിപ്പിക്കുകയാണ് ചെയ്തിരുന്നത്. നിഷാന്തുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരം.