റിയാദ് - ഹൂത്തി മിലീഷ്യകളുടെ ഡ്രോണും റിമോട്ട് കണ്‍ട്രോള്‍ ബോട്ടും തകര്‍ത്തതായി സഖ്യസേന അറിയിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ഹൂത്തികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം അയച്ചത്. സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികള്‍ അയച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന കണ്ടെത്തി തകര്‍ക്കുകയായിരുന്നു.
ആക്രമണം നടത്താന്‍ ഹൂത്തികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് തയാറാക്കിയ റിമോട്ട് കണ്‍ട്രോള്‍ ബോട്ടും സഖ്യസേന തകര്‍ത്തു. യെമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അല്‍ഹുദൈദക്കു സമീപം വെച്ചാണ് ആസന്നമായ ആക്രമണത്തിന് തൊട്ടുമുമ്പ് ബോട്ട് സഖ്യസേന തകര്‍ത്തത്.
സ്റ്റോക്ക്‌ഹോം സമാധാന കരാറും അല്‍ഹുദൈദ വെടിനിര്‍ത്തല്‍ കരാറും ഹൂത്തി മിലീഷ്യകള്‍ നിരന്തരം ലംഘിക്കുകയാണെന്ന് സഖ്യസേന പറഞ്ഞു.