അണക്കെട്ട് പണിത കമ്പനിയുടെ ഉദ്യോഗസ്ഥൻ എന്നെ വിളിച്ചു: 'ഗോവിന്ദൻ കുട്ടീ, അണക്ക് ഒരു കേടുമില്ല. അണയും ടണലും രണ്ടും രണ്ടാണെന്ന് ഇവർക്കറിയില്ലേ? അണ പൊട്ടിയാൽ എറണാകുളം പോലും കുളമാവുമെന്ന് ഇവർക്കറിയില്ലേ?' അറിയണം. അല്ലെങ്കിൽ, പൊട്ടുന്നതാണ് പൊട്ടാത്തതിനേക്കാൾ രസകരമെന്നു കരുതുമായിരിക്കണം.
ഒരാൾ ഒരു സ്ഥാപനം വിട്ട് മറ്റൊന്നിൽ ചേരുമ്പോൾ കൊട്ടും കുരവയും ഉണ്ടാവണമെന്നില്ല. എന്നാലും ഞാൻ ആകാശവാണി വിട്ട് ഇന്ത്യൻ എക്‌സ്പ്രസിൽ ചേർന്നത് എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും ഓർത്തിരിക്കുന്ന സംഭവമായി. മാർച്ച് 22, 1979. ജയപ്രകാശ് നാരായൺ എന്ന ലോകനായകൻ അന്ന് മരിക്കാതെ മരിച്ചു.
ആദ്യം മുംബെയിലെ ജസ്ലോക് ആശുപത്രിയിൽനിന്ന് വാർത്ത വന്നു, 'കഴിഞ്ഞു.' ഉടനെ പ്രധാനമന്ത്രി പാർലമെന്റിനെ വിവരം അറിയിച്ചു, ദേശീയ ദുഖത്തിന്റെ അണക്കെട്ട് ഒഴുക്കിവിട്ടു. ഏറെ കഴിഞ്ഞില്ല, വീണ്ടും വാർത്ത വന്നു, ഇല്ല, മരിച്ചിട്ടില്ല. അപ്പോഴേക്കും പ്രധാനമന്ത്രിയും മറ്റും ഫയൽ മടക്കി സ്ഥലം വിട്ടിരുന്നു.
മരിക്കാൻ പിന്നെയും സമയമെടുത്തു. പക്ഷേ വായനക്കാരെ അസ്വസ്ഥരാക്കാനും ലേഖകർക്ക് വീര്യം പകരാനും പോന്ന വാർത്താശകലങ്ങൾ അങ്ങനെ വീണുകിട്ടിക്കൊണ്ടേയിരുന്നു. അതിലൊന്നായിരുന്നു ഒന്നാം കോളം മുതൽ എട്ടാം കോളം വരെ നീണ്ടിഴഞ്ഞുകിടക്കുന്ന ശീർഷ ബന്ധം, തലക്കെട്ട്. മുല്ലപ്പെരിയാർ ആയിരുന്നു അന്നും വിഷയം.
എന്തുകൊണ്ടെന്നറിയില്ല, ആയിടെ പത്രപ്പേജ് മടക്കിക്കുത്തിയിറക്കുന്നവർ ആശങ്കയോ ആവേശമോ കാണിക്കാൻ ഉപയോഗിച്ചിരുന്നത് ചാഞ്ഞും ചരിഞ്ഞും ചാഞ്ചാടിയും കിടക്കുന്ന അക്ഷരക്രമമായിരുന്നു. അങ്ങനെ ചരിഞ്ഞ വെണ്ടക്ക ഒരു കൊച്ചുവെളുപ്പാൻ കാലത്ത് വെളിപ്പെടുത്തി, മുല്ലപ്പെരിയാർ അണയുടെ കെട്ട് പൊട്ടാൻ പോകുന്നു! കെട്ട് എങ്ങനെ പൊട്ടാതെ നോക്കും, പൊട്ടിയാൽ എത്ര വട്ടം പൊട്ടും എന്നൊന്നും ആലോചിക്കാനുള്ളതായിരുന്നില്ല ആ മുഹൂർത്തം. ആളുകളുടെ ആക്രോശം തലങ്ങും വിലങ്ങും ഘടിപ്പിച്ച പേജ് പടച്ചുവിടുകയായിരുന്നു അന്നത്തെ ദൗത്യം.
കേന്ദ്ര ജല കമ്മീഷന്റെ മേധാവിയായിരുന്നു അന്ന് ഡോക്ടർ കെ.സി. തോമസ്. പണ്ഡിതനും ഭരണ നിപുണനുമായ എൻജിനീയർ. മുല്ലപ്പെരിയാറിലെ വെള്ളം മുഴുവൻ തള്ളി പുറത്തേക്കൊഴുകിയാൽ എന്തു സംഭവിക്കും എന്നു ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ആ ദുരന്ത സാധ്യതയെപ്പറ്റി എന്തെങ്കിലും ആധികാരികമായി പറയാൻ അറിവും കഴിവുമുള്ള ആളായിരുന്നു ജല കമ്മീഷൻ ചെയർമാൻ.
ഇരുന്ന കസേരയിൽ ഇരിപ്പുറക്കാതെ, ഫോണിലും നേരിട്ടും പത്തിവിടർത്തി വരുന്ന ചോദ്യങ്ങൾക്ക് മറുമൊഴിയില്ലാതെ, വെളിച്ചം മങ്ങിയ മുറിയിൽ ഏറുന്ന ചൂട് സഹിച്ച് ആത്മഗതം പോലെ എന്തോ ഉരുവിട്ടിരുന്ന ഒരാളെയായിരുന്നു ഡോ. തോമസിന്റെ സ്ഥാനത്ത് ഞാൻ മനസ്സുകൊണ്ട് പ്രതിഷ്ഠിച്ചിരുന്നത്. എനിക്കു തെറ്റി.
കക്കിരിക്കയോളം കുളിർമ്മയുള്ളതെന്ന് ആംഗലത്തിൽ ആലങ്കാരികമായി പറയാറുള്ള പരുവത്തിലായിരുന്നു അദ്ദേഹം. ഒരു കുലുക്കവുമില്ല. ഫോൺ വഴി അയക്കുന്ന നിർദേശങ്ങൾക്കും വിവരങ്ങൾക്കും ഒരു പതർച്ചയുമില്ല. എന്നോടു പങ്കിടാൻ സൗമനസ്യം കാണിച്ച ഏതാനും മിനിട്ടിനുള്ളിൽ അദ്ദേഹം ഒരു കാര്യം സാധിച്ചെടുത്തു: കേരളം കടലിലേക്ക് ഒലിച്ചിറങ്ങുകയോ പെരിയാറിന്റെ തീരങ്ങളും സമതലങ്ങളും മുഴുവനും വെള്ളത്തിനടിയിലാകുകയോ ചെയ്യുമെന്ന് പേടിക്കണ്ട. അണ പൊട്ടുക പോലുമില്ല. അതുപോലത്തെ പ്രളയ ഭീതി മുമ്പുണ്ടായിട്ടുണ്ടോ എന്ന് അദ്ദേഹത്തിനു നിശ്ചയമായിരുന്നില്ല. പക്ഷേ നിതാന്തമായ പ്രളയ ഭീതിയായിരുന്നു കേരളത്തിന്റെ വരാനിരിക്കുന്ന അനുഭവം.
ഒരു ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥന്റെ സാമൂഹ്യ പ്രതിബദ്ധതയും ആത്മവത്തയുമായിരുന്നു ഇപ്പോൾ കേരളം പേടിക്കാൻ തുടങ്ങിയിരിക്കുന്ന സംരംഭത്തിന്റെ തുടക്കം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മൂന്നാം പാദത്തിൽ തമിഴകത്തെ വറുതിയിൽ വീഴ്ത്തിയ നാശത്തിന് നിസ്സഹായ സാക്ഷി ആയിരുന്നു കേണൽ പെനിക്വിക്. മധുര, രാമനാഥപുരം എന്നീ ജില്ലകളിലായി അറുപതിനായിരം ആളുകൾ മരണമടഞ്ഞുവെന്നാണ് കണക്ക്. അതുകൊണ്ടായില്ല, വരും കൊല്ലങ്ങളിലും വിളകളും മനുഷ്യരും മൃഗങ്ങളും വെന്തുപോകുന്ന കാലാവസ്ഥ അനുഭവപ്പെടാമെന്ന് അദ്ദേഹം അനുമാനിച്ചു.
ചെടികൾക്കും ജീവജാലങ്ങൾക്കും ദാഹിക്കുന്ന ഭൂമിക്കും പ്രാണജലം കൊടുക്കാൻ ഏർപ്പാടുണ്ടായാലേ ഒരു സംസ്‌കൃതി രക്ഷപ്പെടുകയുള്ളൂ എന്ന് കേണൽ പെനിക്വിക്കിനു ബോധ്യപ്പെട്ടു. ഇപ്പോൾ എന്തിന്റെ ഒഴുക്കിനെച്ചൊല്ലിയാണോ പേടിയും പരാതിയും ഉയരുന്നത് ആ വെള്ളത്തിനു വേണ്ടിയുള്ള അന്വേഷണമായിരുന്നു പിന്നെ ആ സൈനികോദ്യോഗസ്ഥന്റെ സപര്യ.
പെരിയാറിന്റെ തുടക്കത്തിൽ അണ കെട്ടി, വരളുന്ന തമിഴകത്തിനു വെള്ളം ലഭ്യമാക്കാൻ തിരുവിതാംകൂറിന്റെ സഹായം വേണമായിരുന്നു. പണവും വേണമായിരുന്നു. അക്കാര്യത്തിൽ അന്നത്തെ സർക്കാർ ഉദാരമായിരുന്നില്ല. നാട്ടിൽ പോയി തന്റെ വസ്തുവഹകൾ വിറ്റ് അണ കെട്ടാൻ വേണ്ട പണം സ്വരൂപിക്കുകയായിരുന്നു കേണൽ. സമയമായപ്പോൾ സർക്കാർ അദ്ദേഹത്തിന് ചെലവായ തുക വകവെച്ചു കൊടുത്തുവത്രേ. കെടുതിയിൽനിന്ന് ഒരു പ്രദേശത്തെ രക്ഷപ്പെടുത്തിയ തന്റെ നിർമാണ സംരംഭം ഒരു നൂറ്റാണ്ടിനു ശേഷം പ്രതിഷേധത്തിനും വിവാദത്തിനും വിഷയമാകുമെന്ന് കേണൽ പെനിക്വിക് ഒരിക്കലും കരുതിയിരിക്കില്ല.
ഞാൻ '79 ൽ ഇന്ത്യൻ എക്‌സ്പ്രസിൽ ചേരുമ്പോൾ പേടിപ്പെടുത്തുന്ന തലക്കെട്ടായി മാറിയ മുല്ലപ്പെരിയാർ പിന്നെ കൂടെക്കൂടെ മലയാളത്തിന്റെ ഉറക്കം കെടുത്തിക്കളഞ്ഞുകൊണ്ടിരുന്നു. പഴകിയ അണ എപ്പോൾ വേണമെങ്കിലും പൊട്ടാമെന്ന പേടി എളുപ്പം കുരുക്കുന്ന വിഷ സസ്യമായിരുന്നു. കേരളത്തിന്റെ ദൈന്യം തമിഴകം ചൂഷണം ചെയ്യുകയാണെന്ന് ഒരു കൂട്ടർ വാദിച്ചു. അവ്യക്തമായ ഭീതിയും ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള താൽപര്യ വൈരുധ്യവും രാഷ്ട്രീയത്തിൽ അണ പണിയാൻ നോക്കുന്നവർക്ക് നേരമ്പോക്കായി. പക്വതയും ദൂരദൃഷ്ടിയുമുള്ള നേതാക്കൾക്കു വിടുന്നതിനു പകരം മുല്ലപ്പെരിയാർ പ്രശ്‌നം പേടിയിൽ മുതലെടുക്കുന്ന വാണക്കുറ്റികൾക്ക് സൗകര്യമായി.
പഴയ അണക്ക് ആപത്തുണ്ടെങ്കിൽ അതു പരിഹരിക്കാൻ എല്ലാവരും ആലോചിച്ച് ഒരു വഴി കണ്ടെത്തണം. ആപത്തില്ലെന്ന് അഭിജ്ഞരായ ആളുകൾ പലപ്പോഴായി പറഞ്ഞുവെച്ചതാണ്. ഒരു സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ പ്രശ്‌നം ചർച്ച ചെയ്തിരുന്നു. കേരളത്തിന്റെ കാര്യം മനസ്സിരുത്തിക്കൊണ്ട് ജസ്റ്റിസ് കെ.ടി. തോമസ് പോലും പരിശോധിക്കുകയും ഭയം അകറ്റണമെന്ന് ഉപദേശിക്കുകയും ചെയ്തു. വിട്ടുപോകാത്ത വിഷമ ജ്വരം പോലെ പെരിയാർ പേടി വീണ്ടും വന്നിരിക്കുന്നു.
അണക്കെട്ട് പൊട്ടുമെന്നും കേരളത്തിന്റെ സസ്യലതാഢ്യമായ ഒരു ഭാഗം എപ്പോൾ വേണമെങ്കിലും ഒലിച്ചുപോകുമെന്നും വിശ്വസിക്കാനാണ് നമുക്കിഷ്ടം. അത്ര ഉറപ്പാണ് അണയുടെ പൊട്ട് എങ്കിൽ ലോകം മുഴുവൻ അതു കണ്ടു രസിക്കാൻ കാത്തിരിക്കുകയാണോ? ചരിത്രത്തിന്റെ തകർച്ച കാണാൻ വിശ്വമാധ്യമങ്ങൾ ഇവിടെ താവളം കെട്ടിക്കഴിയില്ലേ? പ്രസ്താവനകൾ പേർത്തും പേർത്തും ഇറക്കിയും ജലസമാധിയിൽ ലയിക്കുമെന്ന് ഭയപ്പെടുത്തിയും കഴിയുന്ന രാഷ്ട്രീയ നേതാക്കൾ ശ്രദ്ധ പറ്റാൻ പുതിയ പരീക്ഷണങ്ങൾ തുടങ്ങുകയില്ലേ?
അവർ അനുഷ്ഠിക്കേണ്ട മറ്റു ചില കാര്യങ്ങൾ സൂചിപ്പിക്കാം. പെരിയാറിന്റെ തീരങ്ങളെ ഭീഷണിപ്പെടുത്തുന്ന രംഗങ്ങൾ എന്നു തുടങ്ങി? ആരൊക്കെ എവിടെയൊക്കെ കുടിലോ കൊട്ടാരമോ കെട്ടി താമസിക്കുന്നു? ആപത്ത് തളം കെട്ടി നിൽക്കുന്ന പ്രദേശത്ത് അവർ എങ്ങനെ സ്ഥിരവാസം ഉറപ്പിച്ചു? പേടിക്കും പോലെ അണ പൊട്ടിയാൽ വെള്ളം എവിടം വരെ എത്തും? എന്തായിരിക്കും നാശത്തിന്റേയും മരണത്തിന്റേയും സ്വരൂപം? കാലാകാലമായി ഭീതി വിതരണം ചെയ്യുന്നവർ ആത്മാർഥമായ ഒരു അന്വേഷണത്തിൽ മുഴുകണം.
അതു വേണ്ട. ഞാൻ ഒരു പംക്തി എഴുതുന്നതിനിടെ ഈ വിഷയം സ്പർശിച്ചപ്പോൾ സഹൃദയനായ ഒരു സുഹൃത്ത് പറഞ്ഞു: 'കള മാഷേ. അണ പൊട്ടില്ലെന്നു കേട്ടാൽ അവിടത്തുകാർ മുഷിയും, പത്രം വേണ്ടെന്നു പറയും. 'ഒരു ടി വി പരിപാടിക്കു വേണ്ടി എന്റെ അഭിപ്രായം രേഖപ്പെടുത്തിയ പ്രൊഡ്യൂസർ കണ്ണു തള്ളിയിരുന്നു. കെട്ടു പൊട്ടുമെന്ന് കരുതിയിരുന്ന പുള്ളിക്കാരനു വേണ്ടത് ആ അഭിപ്രായത്തിന്റെ ശാക്തീകരണമായിരുന്നു. എനിക്കു തോന്നി, മോഹൻലാൽ ഒരു പെയിന്റ് പരസ്യത്തിൽ പറയുന്ന പോലെ, മഴ പെയ്യട്ടെ! അണ പൊട്ടട്ടെയെന്നോ?
ഇടമലയാറിൽ കെട്ടിയ അണ പൊട്ടുന്നതിനെപ്പറ്റിയുണ്ടായ ബഹളം ബഹുമുഖമായിരുന്നു. വൈദ്യുത നിലയത്തിലേക്ക് വെള്ളം വീഴ്ത്താൻ കൊണ്ടുപോയിരുന്ന ടണൽ പരീക്ഷണാർഥം തുറന്നപ്പോൾ പുറത്തെവിടെയോ നനവു കണ്ടു. ടണൽ ഉടൻ അടച്ചു, ഉറപ്പു കൂട്ടി. രണ്ടു നാളത്തെ ബഹളത്തിനു ശേഷം ഒരു പത്രത്തിൽ വാർത്ത വന്നു, 'അണക്കെട്ടിന്റെ നില വഷളാവുന്നു.'
അണക്കെട്ട് പണിത കമ്പനിയുടെ ഉദ്യോഗസ്ഥൻ എന്നെ വിളിച്ചു: 'ഗോവിന്ദൻ കുട്ടീ, അണക്ക് ഒരു കേടുമില്ല. അണയും ടണലും രണ്ടും രണ്ടാണെന്ന് ഇവർക്കറിയില്ലേ? അണ പൊട്ടിയാൽ എറണാകുളം പോലും കുളമാവുമെന്ന് ഇവർക്കറിയില്ലേ?' അറിയണം. അല്ലെങ്കിൽ, പൊട്ടുന്നതാണ് പൊട്ടാത്തതിനേക്കാൾ രസകരമെന്നു കരുതുമായിരിക്കണം.