കൊച്ചി- പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് വീണ്ടും ആരാഞ്ഞ് ഹൈക്കോടതി. എന്തെല്ലാം കാരണങ്ങളാലാണ് ഇതെന്നു വ്യക്തമാക്കണമെന്നു ജി.എസ്.ടി കൗണ്‍സിലിനോട് കോടതി നിര്‍ദേശിച്ചു. പത്തു ദിവസത്തിനകം ഇക്കാര്യത്തില്‍ വിശദീകരണ പത്രിക കോടതി മുമ്പാകെ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ജി.എസ്.ടി കൗണ്‍സിലിനോടു ചോദ്യം ഉന്നയിച്ചത്. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി തന്നെ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ജി.എസ്.ടി കൗണ്‍സില്‍ ഇക്കാര്യം നേരത്തെ പരിഗണിച്ചത്. കഴിഞ്ഞ ജൂണ്‍ 22ന് ഇന്ധന വില ജി.എസ്.ടിയില്‍ കൊണ്ടുവരണമെന്ന നിവേദനം പരിഗണിക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്ന നോട്ടിസിനെ തുടര്‍ന്നായിരുന്നു കേന്ദ്ര മന്ത്രാലയം കൗണ്‍സില്‍ ചേര്‍ന്നത്. എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.