Sorry, you need to enable JavaScript to visit this website.

മലബാര്‍ സമരത്തില്‍നിന്ന് മാറിനിന്നവരാണ് സമുദായത്തിന് നേട്ടമുണ്ടാക്കിയത് -സാദിഖ് ഫൈസി

കോഴിക്കോട്- മലബാര്‍ കലാപത്തിന്റെയും വാരിയന്‍കുന്നന്‍ കുഞ്ഞമ്മദ് ഹാജിയുടെയും പേരില്‍ ആവേശം കൊള്ളുന്നതിന് തിരുത്തായി എസ്.കെ.എസ്.എസ്.എഫ് പ്രസിദ്ധീകരണമായ സത്യധാരയുടെ പത്രാധിപര്‍ സാദിഖ് ഫൈസി താനൂര്‍. മലബാര്‍ കലാപ കാലത്ത് അതില്‍നിന്ന് മാറി നിന്നവരാണ് സമുദായത്തിന് നേട്ടമുണ്ടാക്കിയതെന്നാണ് സാദിഖ് ഫൈസി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
'ആവേശപ്പുറത്തേറിയ ആള്‍ക്കൂട്ടം വിപ്ലവത്തിനിറങ്ങിയപ്പോള്‍, വിചാരപ്പെട്ടു മാറി നിന്ന വിവേകങ്ങളെ 'വിപ്ലവമത'ക്കാര്‍ 'ചേക്കുട്ടി' എന്നു പരിഹസിക്കുന്ന തിരക്കിലാണ്. വിചാരപ്പെടുമെങ്കില്‍ അവരോടു ചിലത് പറയാം:
സര്‍ സയ്യിദ് അഹ്മദ് ഖാന്‍ അങ്ങനെയൊരു 'ചേക്കുട്ടി'യായതു കൊണ്ടാണ് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി ഉണ്ടായത്. സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങള്‍ അങ്ങനെയൊരു 'ചേക്കുട്ടി'യായതു കൊണ്ടാണ് മാപ്പിളമാര്‍ ആര്യനെഴുത്തും ആംഗലയ ഭാഷയും പഠിക്കാനിറങ്ങിയത്. മഖ്ദൂം കുഞ്ഞന്‍ബാവ മുസ്ലിയാര്‍ അങ്ങനെയൊരു 'ചേക്കുട്ടി'യായതു കൊണ്ടാണ് പൊന്നാനിയില്‍ മഊനത്തുല്‍ ഇസ്ലാം സഭ പൊന്തിയത്. കോഴിക്കോട് തര്‍ബിയത്തുല്‍ ഇസ്ലാം സഭ ഉണ്ടായത്. ഹിമായത്തുല്‍ ഇസ്ലാം സ്‌കൂള്‍ ഉണ്ടായത്.... അങ്ങനെ പലതും ഉണ്ടായത്. സമുദായം കുറച്ചെങ്കിലും പിടിച്ചു നിന്നത്.
നിങ്ങള്‍ പരിഹസിക്കുന്ന ആനക്കയം ഖാന്‍ ബഹാദൂര്‍ ചേക്കുട്ടി സാഹിബ് പോലും മഞ്ചേരി പരിസരങ്ങളിലെ പല ദീനീ സ്ഥാപനങ്ങളുടെയും സംരക്ഷകനും നടത്തിപ്പുകാരനും മതഭക്തനുമായിരുന്നു. പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്ന നിലക്ക് കലാപകാരികളെ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നത് ശരി. ആ സമയത്ത് പോലും വിപ്ലവകാരികളുടെ നായകന്‍ ആലി മുസ്‌ലിയാരെ അയാള്‍ അങ്ങേയറ്റം ആദരിച്ചിരുന്നു. മുസ്‌ലിയാരെ സന്ദര്‍ശിച്ചു ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സായുധ പോരാട്ടം വന്‍ വിപത്തുകള്‍ ക്ഷണിച്ചു വരുത്തുമെന്നും അതിനാല്‍ പിന്തിരിയണമെന്നും ഉണര്‍ത്തിയിരുന്നു.
കലാപവുമായി ബന്ധപ്പെട്ടു പെരിന്തല്‍മണ്ണയില്‍ 400 മാപ്പിളമാരെ പിടികൂടുകയും പകുതിയോളം പേരെ വെടിവച്ചു കൊല്ലാന്‍ സ്‌പെഷ്യല്‍ കോര്‍ട്ട് സ്‌പെഷ്യല്‍ മജിസ്‌ട്രേറ്റ് ടി. ഓസ്റ്റിനും ശേഖരന്‍ കുറുപ്പും ഉത്തരവിട്ടപ്പോള്‍, ആ വിധി നടപ്പാക്കാന്‍ പാടില്ലെന്ന് ഉറക്കെ പറഞ്ഞ ഒരു സമുദായ സ്‌നേഹി ഉണ്ടായിരുന്നു. ഡിവൈ.എസ്.പി ആമു. നിങ്ങള്‍ കാഫിറാണെന്ന് വിധിയെഴുതിയ ആമു സൂപ്രണ്ട് ഈ സമുദായം കുറച്ചെങ്കിലും പിച്ചവെച്ചത് അവരുടെ കൂടി ഇടപെടല്‍ കൊണ്ടാണ്.
ഇനി പറയൂ, നിങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന വിപ്ലവ സിങ്കങ്ങള്‍ ഈ സമുദായത്തിനു വേണ്ടി എന്തു സംഭാവന ചെയ്തു? രക്തം കിനിഞ്ഞു കൊണ്ടേയിരിക്കുന്ന കുറേ മുറിപ്പാടുകളല്ലാതെ!''സാദിഖ് ഫൈസി പറഞ്ഞു.

 

Latest News