Sorry, you need to enable JavaScript to visit this website.

വിവാദ പ്രസംഗം: പാല ബിഷപ്പിനെ വൈകാതെ ചോദ്യം ചെയ്യും

കോട്ടയം- വിവാദ പ്രസംഗത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ പോലീസ് വൈകാതെ ചോദ്യം ചെയ്‌തേക്കും. പാലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശാനുസരണം നടത്തുന്ന അന്വേഷണത്തില്‍ പരാതിക്കാരന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ബിഷപ്പിന്റെ പ്രസംഗത്തിന്റെ വീഡിയോ ശേഖരിച്ചു. ഇനി ബിഷപ്പിന്റെ മൊഴിയെടുക്കണം. സംസ്ഥാന സര്‍ക്കാരിന്റെ കൂടെ അനുമതിയോടെയായിരിക്കും ചോദ്യം ചെയ്യല്‍.

കോടതിയുടെ നിര്‍ദേശ പ്രകാരം മതസ്പര്‍ധയടക്കമുള്ള അഞ്ച് വകുപ്പുകളിലാണ് കുറവിലങ്ങാട് പോലീസ് അന്വേഷണം തുടങ്ങിയത്. ഐ.പി.സി 153 എ, 153 ബി, 295 എ, 505 (2, 3) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കഴിഞ്ഞ ദിവസം പരാതിക്കാരനായ ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അസീസ് മൗലവിയുടെ മൊഴി എടുത്തു.

കുറവിലങ്ങാട് പള്ളിയില്‍ പാലാ ബിഷപ്പ് നടത്തിയ പ്രസംഗം മതസ്പര്‍ധ വളുര്‍ത്തുന്നതാണെന്നാണ് പരാതിക്കാരന്റെ മൊഴി. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ വഴിയാണ് ബിഷപ്പിന്റെ പ്രസംഗം കേട്ടതെന്നും ഇദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയില്‍ പോലീസ് ഉടന്‍ തുടര്‍ നടപടികള്‍ ആരംഭിക്കും. വീഡിയോ പരിശോധിച്ച ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യും.

 

 

Latest News