ദോഹ- ഖത്തറില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കനത്ത പിഴ. പ്രവാസികള്‍ക്കും വിസിറ്റ് വിസയില്‍ എത്തിയവര്‍ക്കും ഇത് ബാധകമാണ്. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും തൊഴിലുടമകളും റിക്രൂട്ട്മെന്റ് കമ്പനികളും കനത്ത പിഴ ഒടുക്കേണ്ടി വരും.
കഴിഞ്ഞ ദിവസം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച പ്രവാസി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിക്കൊണ്ടുളള 2021 ലെ 22-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണിത്. അടിയന്തര, അപകട കേസുകളില്‍ മികച്ച ചികിത്സ നല്‍കാനുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ടായിട്ടും ചികിത്സ നല്‍കാതിരിക്കുന്ന സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെ പരമാവധി 5 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും.
വ്യക്തികള്‍ക്ക് നല്‍കുന്ന ഇന്‍ഷുറന്‍സ് കരാറിലെ സേവനങ്ങള്‍ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനി വിസമ്മതിച്ചാല്‍ പരമാവധി 2,50,000 റിയാല്‍ പിഴ ഒടുക്കേണ്ടി വരും. തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാനുള്ള ഉത്തരവാദിത്തം തൊഴിലുടമകള്‍ക്കാണ്. തൊഴിലാളികളെ തെരഞ്ഞെടുക്കുന്ന റിക്രൂട്ട്മെന്റ് കമ്പനികള്‍ക്കും ഇതു ബാധകമാണ്.
തൊഴിലുടമ അല്ലെങ്കില്‍ റിക്രൂട്ടര്‍ തൊഴിലാളിക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാതിരിക്കുക, പ്രീമിയം തുക അടയ്ക്കാന്‍ വിസമ്മതിക്കുക, പ്രീമിയം അടയ്ക്കാനുള്ള തുക തൊഴിലാളികളുടെ പക്കല്‍നിന്ന് ഈടാക്കുക എന്നിവക്ക് മുതിര്‍ന്നാല്‍ തൊഴിലുടമക്കും റിക്രൂട്ട്മെന്റ് ഏജന്‍സിക്കുമെതിരെ 30,000 റിയാല്‍ പിഴ ചുമത്തും. ലംഘനത്തിന് എത്ര പേര്‍ ഇരയാകുന്നുണ്ടോ അതനുസരിച്ച് പിഴത്തുക കൂടും.