കോഴിക്കോട്- ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നഷ്ടമായതോടെ ഐ.എന്‍.എല്ലില്‍ തര്‍ക്കം തുടങ്ങി. ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം പൂര്‍ത്തിയായപ്പോള്‍ ചെയര്‍മാന്‍സ്ഥാനം പാര്‍ട്ടിക്ക് വേണ്ടി തന്നെ നിലനിര്‍ത്താന്‍ നേതൃത്വത്തിന് ആയില്ലെന്നാണ് ആക്ഷേപം.
ധനകാര്യ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സര്‍ക്കാര്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഇത്തവണ കോര്‍പ്പറേഷന്റെ ഭരണം ഐ.എന്‍.എല്ലില്‍ നിന്ന് മാറ്റാന്‍ കാരണമെന്നാണ് കരുതുന്നത്. പകരം സീതാറാം ടെക്സ്റ്റെയില്‍സിന്റെ ചെയര്‍മാന്‍ സ്ഥാനമാണ് ഐ.എന്‍.എല്ലിന് നല്‍കിയിരിക്കുന്നത്. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ഭരണം ഇത്തവണ കേരള കോണ്‍ഗ്രസിനാണ്.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്്‌ലിം വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കീമുകളാണ് ന്യൂനപക്ഷ വികസന കോര്‍പ്പറേഷനു കീഴില്‍ ഏറെയുമുള്ളത്. അതുകൊണ്ടാണ് അധ്യക്ഷ പദവിയിലേക്ക് മുസ്്‌ലിം പ്രാതിനിധ്യം കൂടുതലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളെയാണ് ഇരു മുന്നണികളും പരിഗണിച്ചിരുന്നത്.
എന്നാല്‍ പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രതികരിച്ചു. ഈ ആഴ്ച എല്‍.ഡി.എഫ് യോഗം ചേരുന്നുണ്ടന്നും അതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്നും കാസിം ഇരിക്കൂര്‍ ചൂണ്ടിക്കാട്ടി.