തിരുവനന്തപുരം- നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ നടി പ്രിയങ്ക നിരപരാധിയാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. ഒരു ട്രാപ്പിലൂടെ തന്നെ കുടുക്കിയതാണെന്ന് വ്യക്തമാക്കിയ പ്രിയങ്ക, കാവേരിയുടെ അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹോട്ടലില്‍ പോയതെന്നും ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കാവേരിയെ കാണാന്‍ ആലപ്പുഴയെത്തിയപ്പോള്‍ അവരുടെ അമ്മ ഒരു പൊതിയെടുത്ത് കാറിലിടുകയായിരുന്നെന്നും പിന്നാലെ പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തിയെന്നും പ്രിയങ്ക അറിയിച്ചു. 'ഒരു ഡമ്മിപ്പൊതിയായിരുന്നു കാറിലിട്ടത്. ഞാന്‍ പണം ആവശ്യപ്പെട്ടിട്ടാണെന്ന് വ്യാജേനെ അവര്‍ നാടകം കളിക്കുകയായിരുന്നു. sപാലീസ് അവര്‍ക്ക് കിട്ടിയ വിവരമാണ് എഫ് ഐ.ആറില്‍ കൊടുത്തിരിക്കുന്നത്. ഞാന്‍ ഒരു ലക്ഷം രൂപ പോയിട്ട് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. അറസ്റ്റിന്റെ കാരണം തിരക്കിയപ്പോള്‍ 'നിങ്ങള്‍ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടി' എന്നായിരുന്നു പോലീസിന്റെ വിശദീകരണം. സംഭവത്തിന്റെ നിജസ്ഥിതി പറഞ്ഞപ്പോള്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും നിങ്ങളുടെ ഭാഗം കോടതിയില്‍ തെളിയിക്കേണ്ടി വരും എന്നും അറിയിച്ചു. അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് എനിക്ക് ജാമ്യം ലഭിക്കുന്നത്- പ്രിയങ്ക പറയുന്നു
നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെ്. നീതി ലഭിക്കുമെന്ന ഉറച്ച് വിശ്വസിച്ചിരുന്നു. തെറ്റ് ചെയ്തവര്‍ക്ക് മാത്രമേ സത്യത്തെ ഭയപ്പെടേണ്ടതുള്ളുവെന്നും പ്രിയങ്ക വ്യക്തമാക്കി. കുറ്റവിമുക്തയായ ശേഷവും എന്തിനാണ് പണം വാങ്ങിയതെന്ന ചോദ്യം താന്‍ നിരന്തരം നേരിടുന്നതായും അനാവശ്യമായി വിമര്‍ശിക്കുന്നവര്‍ക്കെതിരെ നിയമത്തിന്റെ വഴിയിലൂടെ നീങ്ങുമെന്നും പ്രിയങ്ക മുന്നറിയിപ്പ് നല്‍കുന്നു.
ഒരു വാരികയില്‍ കാവേരിയെ പരാമര്‍ശിച്ച് അപകീര്‍ത്തികരമായൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാതിരിക്കാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു കാവേരിയുടെ പരാതി.