തിരുവനന്തപുരം- മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് കേരളം അനുമതി നല്‍കി. വനം വകുപ്പാണ് മരംമുറിക്കലിന് അനുമതി നല്‍കിയത്. അനുമതി നല്‍കിയതിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കത്തയച്ചു. ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്താനുള്ള തടസം നീങ്ങിയെന്ന് തമിഴ്നാട് അറിയിച്ചു.
ഡാം ബലപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു. ഡാമിന് താഴെയുള്ള കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കത്തില്‍ പറയുന്നു. കഴിഞ്ഞദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയ തമിഴ്നാട് മന്ത്രിതല സംഘം ബേബി ഡാം ബലപ്പെടുത്താന്‍ കേരള സര്‍ക്കാരിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നു.