'കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും' എന്നൊരു താള-പ്രാസ സുന്ദരമായ പ്രയോഗം! വി.ഡി. സതീശൻ ഒരു ശൈലീ വല്ലഭനാണെന്ന കാര്യത്തിൽ ഇനി ഒരു വില്ലേേജാഫീസറുടെയും സർട്ടിഫിക്കറ്റ് വേണ്ട. ചെറിയാൻ ഫിലിപ്പിന്റെ തിരിച്ചുവരവ് ഇത്ര ശക്തിമത്തായി അവതരിപ്പിക്കുവാൻ ഒരു ചെന്നിത്തലയ്ക്കും കഴിയില്ല. ഇന്ദിരാ ഭവന്റെ നടയിൽ 'കുലവാഴകളും' കൊടിതോരണങ്ങളും കാണേണ്ടതായിരുന്നു; കണ്ടില്ല. ഫണ്ടില്ല!
രണ്ടായിരാമണ്ടിൽ 'ഉണ്ടിരുന്ന അച്ചിക്ക് ഉദിമദം പെരുത്തു'വെന്നു പറഞ്ഞതുപോലെ സംഘടന വിട്ടതാണ് ചെറിയാൻ. പണ്ട് നല്ലൊരു 'കുക്കാ'യിരുന്നു. ച്ചാൽ, 'കുക്കപ്പ്' ചെയ്ത് ആയുർവേദത്തിലോ ആംഗലത്തിലോ കോൺഗ്രസിന് ലേഖനങ്ങൾ, പ്രസ്താവനകൾ, അനുശോചനകൾ ഇത്യാദി തയാറാക്കിക്കൊടുക്കുന്ന വിദ്വാൻ. പ്രശസ്തി തീരെ നോട്ടമില്ലാത്തതിനാൽ മുതിർന്ന നേതാക്കളുടെ പേരിലാണ് അവയൊക്കെ നാട്ടുകാരുടെ മുന്നിലെത്തിയതെന്നു മാത്രം. ആ ചെറിയാൻ മടങ്ങി. ഇരുപതു വർഷം പിന്നിട്ടെങ്കിലും വാഷിംഗ്ടൺ ഇർവിംഗ് എന്ന എഴുത്തുകാരന്റെ 'റിപ് വാൻ വിങ്കിളി'നെപ്പോലെയായില്ല. അദ്ദേഹം ഉറങ്ങി. ഇദ്ദേഹത്തിന് ഇടതു മുന്നണിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല. ബുദ്ധിജീവിയാണ്; ബുദ്ധി കൊണ്ടു മാത്രം ജീവിക്കാൻ പഠിച്ച കക്ഷി.
റിപ്‌വാൻ ദീർഘ സുഖനിദ്രയിൽനിന്നും എണീറ്റപ്പോഴേക്കും അമേരിക്കൻ വിപ്ലവം പോലും കഴിഞ്ഞിരുന്നു. ഇങ്ങ് ഇന്ദിരാ ഭവനിലും ചെറിയാൻ എത്തുമ്പോഴേക്കും വിപ്ലവങ്ങൾ പലതും നടന്നുകഴിഞ്ഞു. മുരളീധരൻ, ചെന്നിത്തല, സുധീരൻ, എം.എം. ഹസൻ എന്നീ പേരുകളിലാണ് അവയൊക്കെ പുകൾപെറ്റത്. പാർട്ടിയിൽ അങ്ങനെയാണ്. ഏതു എന്തും വ്യക്തികളുടെ പേരിലാവും അറിയപ്പെടുക. അതാണല്ലോ 136 കൊല്ലമായിട്ടും സ്വന്തമായി ഒരു പ്രത്യയശാസ്ത്രത്തിന്റെ അത്യാവശ്യമൊന്നും അനുഭവപ്പെടാത്തതും! ചെറിയാൻ അംഗത്വമെടുക്കുന്ന മുഹൂർത്തത്തിൽ കേരളം ആഹ്ലാദം മൂത്ത് വിറയ്ക്കുകയായിരുന്നു. ദില്ലി ജൻപഥിലെ കോൺഗ്രസ് ഭവനിലും കോരിത്തരിപ്പ് അനുഭവപ്പെട്ടു. ഇരുപതു കൊല്ലം ഇടതുമുന്നണിയിൽ കഴിഞ്ഞിട്ടും കെ.ടി.ഡി.സി ചെയർമാനായിരുന്നിട്ടും ഒരു മെംബർഷിപ്പ് എടുക്കാതെ എ.കെ.ജി ഭവന്റെ ഉള്ളറകളിൽ വരെ സഞ്ചരിച്ച ചെറിയാൻ ഫിലിപ്പിനെ 'ആസ്ഥാന ബുദ്ധിജീവി'യായി പ്രഖ്യാപിക്കാൻ, നിർഭാഗ്യവശാൽ സംസ്ഥാന ഭരണം കൈവശമില്ലാതെ പോയി.
പിള്ള മനസ്സിൽ കള്ളമില്ല. രാഷ്ട്രീയ വിദ്യാർഥികൽക്കും ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കും പാഠപുസ്തകത്തിൽ ചേർക്കാൻ പറ്റിയ വരികളാണ് ചെറിയാന്റെ അമൂല്യ സംഭാവനകൾ. മന്ത്രിമാരായ ശിവൻകുട്ടിയും ബിന്ദു സഖാവും ഇതൊന്നു ശ്രദ്ധിക്കണം.
ഒന്ന്- പിണറായി വിജയൻ ദൃഢതയുള്ള നേതാവാണ്, ശുദ്ധനാണ്. ഈ വാചകം കേട്ട് എൽ.ഡി.എഫിലെ അമ്പതു ശതമാനം ആൾക്കാർ ഞെട്ടിയേക്കാം. എങ്കിലും സംഗതി ഫ്രെയിം ചെയ്ത് മുന്നണി ഓഫീസ് വാതിലിനു മുകളിൽ പ്രതിഷ്ഠിച്ചാൽ ദിനംപ്രതി ആരോഗ്യവും ഐശ്വര്യവും വർധിക്കും.
രണ്ട്- മുഖ്യമന്ത്രിയുടെ ഓഫീസിൽ ചീങ്കണ്ണികളാണ്. കെ.ടി.ഡി.സി ചെയർമാനായിരുന്ന കാലത്ത് അദ്ദേഹം കേരളത്തിലെ ചീങ്കണ്ണികളെക്കുറിച്ചു പഠിക്കുകയായിരുന്നു. ഇപ്പോൾ എഴുതാൻ തുടങ്ങുന്ന കേരള ചരിത്രത്തിൽ അതൊരു സുപ്രധാന അധ്യായമായിരിക്കും. സെക്രട്ടറിയേറ്റിനെ സംബന്ധിച്ച ഒരു പൊതുവിജ്ഞാന വിഷയമെന്ന നിലയിൽ അക്കാര്യം അംഗീകരിക്കപ്പെടുന്ന കാലം വിദൂരമല്ല.
മൂന്ന്- ഉമ്മൻ ചാണ്ടി തന്റെ രക്ഷകനാണ്. ആന്റണി ഗുരുവാണ്.
മുമ്പ് സരിത എസ്. നായർ എന്നൊരു മാന്യ മഹിളാരത്‌നം ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയ ശേഷമാണ് ഉമ്മൻജിയുടെ ഉറക്കവും ആരോഗ്യവും പടിയിറങ്ങിയത്. ആന്റണിച്ചായനെ ഒന്നും ബാധിക്കാറില്ല.
കോൺഗ്രസിൽ വെടിയൊച്ചകൾ ഇനിയും കേൾപ്പിക്കാൻ തക്കവിധം ഗ്രൂപ്പ് സംവിധാനം തലപൊക്കും എന്ന് ഉറപ്പായി.
നാല്- രാഷ്ട്രീയത്തിൽ നിൽക്കുന്നത് മോക്ഷത്തിനു വേണ്ടിയല്ല എന്ന ധീരോദാത്തമായ പ്രസ്താവനയോടെ മൊത്തം ഖദർധാരികൾ അങ്കലാപ്പിലാണ്. ഇന്ത്യൻ പ്രസിഡന്റ് വരെ ആകാൻ യോഗ്യതയുള്ളയാളാണ് ഇക്കാര്യം പ്രസ്താവിച്ചിരിക്കുന്നത് എന്ന വസ്തുത കാര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ആന്റണിയുടെ ശിഷ്യൻ എന്ന അപകടകരമായ സൂചനയും അതിലുണ്ട്. ആന്റണിയും ഒന്നും ആഗ്രഹിക്കാറില്ലല്ലോ!
****
ഇപ്പോഴിതാ ദൃശ്യം-2 , ബാഹുബലി-2 എന്ന മാതൃകയിൽ മുകുന്ദേട്ടനും നടത്തിയിരിക്കുന്ന പ്രസ്താവന 'കോലീബി' സഖ്യം മുമ്പ് യാഥാർഥ്യമായിരുന്നുവെന്നും അതിന് കേന്ദ്ര നേതൃത്വത്തിന്റെ ആശീർവാദം അഡ്വാൻസായി അയച്ചു തന്നിരിക്കുന്നുവെന്നും! പോരേ? കഴിഞ്ഞ കാലത്തെ കോടിയേരി സഖാവിന്റെ 'കോലീബി' പ്രസ്താവനകൾ മാത്രം ഒരു പുസ്തകമാക്കാൻ ആഘോഷിക്കുന്ന കാലമാണ്. അതിന്റെ വിശ്വാസ്യതയ്ക്ക് 'പാമ്പൻ പാലത്തി'ന്റെ ഉറപ്പുള്ള സിമന്റ് പാകിയിരിക്കുന്നു മുകുന്ദേട്ടൻ! വെറും ഒരു മൈതാന പ്രസംഗമാണെന്ന് ചില സഖാക്കൾ സംശയിച്ചിരുന്ന ആ സഖ്യത്തിന് കേന്ദ്ര ഭരണ പാർട്ടിയാപ്പീസിൽ നിന്നും ജനന സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നു. താഴെ പി.പി. മുകുന്ദൻ ഒപ്പ്. ഇന്നത്തെ കാലാവസ്ഥയിൽ ആർക്കും എവിടെയും സഞ്ചാര സ്വാതന്ത്ര്യമുണ്ട്. മുകുന്ദേട്ടൻ ഇനി കടുംകൈ വല്ലതും കാട്ടുമോ എന്നാണറിയേണ്ടത്. അദ്ദേഹം മാർക്‌സിസ്റ്റ് പാർട്ടിയിൽ ചേരുമോ?
എ.കെ.ജി സെന്ററിൽ പോകുമോ? ഹേയ്, അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. താൻ ബി.ജെ.പി ഓഫീസ് വരാന്തയിലെ 'ചവിട്ടി' ആയിത്തന്നെ തുടരുമന്ന്. തെക്കൻ ഭാഷയിൽ ചവിട്ടുമെത്ത. മുകുന്ദേട്ടൻ തന്നെ അതാണ് സുഖമെന്നു നിശ്ചയിച്ചാൽ പിന്നെ ആർക്കെന്തു ചെയ്യാൻ കഴിയും? പലർക്കും പല തരത്തിലാണല്ലോ സുഖം!
****
ഏട്ടിലെ പശു പുല്ലു തിന്നുകയില്ലെന്നും സജി ചെറിയാൻ മന്ത്രി 'സ്‌കോർ ചെയ്തു നിൽക്കുന്ന കാലമാണെന്നും ചുരുങ്ങിയ പക്ഷം കെ. സുധാകരനാശാനെങ്കിലും മനസ്സിലാക്കണം. ആണും പെണ്ണും ഒന്നിച്ചു കൂടുകൂട്ടും. സന്തതികളുണ്ടാകും. പിന്നീട് അവയെയൊക്കെ 'സ്റ്റേറ്റ്' വളർത്തും എന്നാണ് 'ചുകപ്പൻ തിയറി'. പക്ഷേ, നാട്ടിലെ കുടുംബത്തിലേക്കിറങ്ങിവരുമ്പോൾ ഒരു ട്രാൻസ്‌പോർട്ട് വണ്ടി ലാഭത്തിൽ ഓടിക്കാനോ കൈക്കൂലി വാങ്ങാതെ ജീവനക്കാരെക്കൊണ്ടു പണിയെടുപ്പിക്കാനോ 'സർക്കാരിനു' കഴിയാറില്ല. മൂന്നു പെൺമക്കളുടെ പിതാവായ സജി ചെറിയാൻ സഖാവ് അതു നിമിത്തമാണ് പേരൂർക്കടയിലെ പ്രസിദ്ധ കമ്യൂണിസ്റ്റ് കുടുംബത്തിലെ മാതാപിതാക്കൾക്കു പിന്തുണ പ്രഖ്യാപിച്ചത്.
പെൺകുട്ടി ഗർഭിണിയാണെന്നു കേട്ടാൽ കുടുംബത്തിനുണ്ടാകുന്ന തകർച്ചയും അപമാനവും 'തിയറി' പറഞ്ഞു ന്യായീകരിക്കാനാകില്ല. സംഗതി പി.ബി അറിഞ്ഞില്ലെന്നു തോന്നുന്നു. ബൃന്ദാ കാരാട്ടു സഖാവ് എന്തോ പറഞ്ഞു, തീരും മുമ്പ് വായടച്ചു. ഇപ്പോഴിതാ, സിനിമാ നടന്റെ വഴി തടയൽ പ്രതിഷേധത്തിന് 'ചുട്ട മറുപടി'യായി അങ്ങോരുടെ കാർ തല്ലിപ്പൊട്ടിച്ചിരിക്കുന്നു, കോൺഗ്രസുകാർ. അവർ നടനോടു മാപ്പു പറയണമെന്നാണ് സാംസ്‌കാരിക മന്ത്രിയുടെ ആവശ്യം. അവിടെയും മന്ത്രി 'സ്‌കോർ' ചെയ്തു. സിനിമയിലും സി.പി.എമ്മിന്റെ സമരങ്ങളിലും മാത്രം കണ്ടു ശീലിച്ച മുറകളാണ് കോൺഗ്രസുകാർ വൈറ്റിലയിൽ പരീക്ഷിച്ചത്. അവർക്കു വേണ്ടത്ര ക്ലാസും കളരി പരിശീലനവും നൽകാൻ സെമി കേഡർ ആശാൻ സുധാകർജി ഇനി വൈകരുത്. പഴയ പോലെ ജനപിന്തുണയുള്ള കാലമല്ല. കൊച്ചിക്കാരനായ മറ്റൊരു സെമി കാഡർ സതീശനാശാൻ പോലും വൈറ്റില സംഭവത്തിൽ മുഖം താഴ്ത്തിയും വീർപ്പിച്ചുമൊക്കെയാണ് നടക്കുന്നതെന്നതും മറക്കരുത്.