തമിഴ്‌നാട്ടിൽ അധികാരത്തിലെത്താത്ത, ഒരിക്കലും അധികാരത്തിലെത്താനിടയില്ലാത്ത കമ്യൂണിസ്റ്റുകാർ നീതിക്കായുള്ള പല സമരങ്ങളംു നടത്തുന്നു എന്നത് ശരി തന്നെ. എന്നാൽ അവർ പലവട്ടം അധികാരത്തിലെത്തിയ, ഇപ്പോഴും അധികാരത്തിൽ തുടരുന്ന കേരളത്തെ അതുമായി താരതമ്യം ചെയ്യരുത്. ജനങ്ങളെ അടിച്ചമർത്താനുള്ള ഒന്നാണ് ഭരണകൂടമെന്നും അതിനുള്ള ഉപകരണമാണ് പോലീസെന്നുമുള്ള മാർക്‌സിസ്റ്റ് വീക്ഷണം ഭംഗിയായി നടപ്പാക്കുന്ന, ദളിതരുടെ രാഷ്ട്രീയ അസ്തിത്വം ഒരിക്കലും അംഗീകരിക്കാത്ത കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളത്തിൽ ഇതേ കുറിച്ചുള്ള അവകാശവാദങ്ങളെല്ലാം എത്രയോ അപഹാസ്യമാണ്.
നടന്ന സംഭവങ്ങളെ ആധാരമാക്കി നിർമിച്ചിരിക്കുന്ന തമിഴ് ചിത്രം ജയ് ഭീം ആണല്ലോ ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ച. തീർച്ചയായും അടിമുടി രാഷ്ട്രീയമായ ദൃശ്യാനുഭവം തന്നെയാണ് ജയ് ഭീം. ഈ പരമ്പരയിൽ പെടുത്താവുന്ന നിരവധി സിനിമകൾ അടുത്ത കാലത്ത് തമിഴ്‌നാട്ടിൽ നിന്നു വരുന്നുണ്ട്. ഒരു സമൂഹത്തിൽ സംഭവിക്കുന്ന സാമൂഹ്യ ചലനങ്ങളുടെ പ്രതിഫലനം സിനിമയിലും കലയിലും സാഹിത്യത്തിലുമൊക്കെ കാണാമെന്നുറപ്പ്. ഇപ്പോഴും പ്രത്യക്ഷമായ അയിത്തം നിലനിൽക്കുന്ന പ്രദേശങ്ങൾ തമിഴ്‌നാട്ടിലുണ്ടെങ്കിലും അതിനെതിരായ പ്രക്ഷോഭങ്ങളും സജീവമാണെന്നു കാണാം. അത്തരം പോരാട്ടങ്ങൾക്ക് അംബേദ്കറും മാർക്‌സുമെല്ലാം പ്രചോദനമാണെങ്കിലും അതിന്റെ അടിത്തറ തമിഴ്‌നാടിന്റെ ദ്രാവിഡ പാരമ്പര്യവും ദ്രാവിഡ രാഷ്ട്രീയവും തന്നെയാണ്. ചിത്രത്തിന് ജയ് ഭീം പേരു കൊടുത്തത് പ്രേക്ഷകരെ ആകർഷിക്കാനുള്ള തന്ത്രമാണെന്ന ആരോപണം പലയിടത്തുനിന്നും ഉയർന്നിട്ടുണ്ട്. അംബേദ്കറുടെ പ്രകടമായ സാന്നിധ്യം കാര്യമായിട്ടില്ലെങ്കിലും പരോക്ഷമായി ചിത്രത്തിലുടനീളം അംബേദ്കറെ കാണാൻ കഴിയും. പ്രകടമായി കാണാനാവുന്നത് മാർക്‌സിനെയും ചെങ്കൊടികളുമാണെങ്കിലും ചിത്രത്തിന്റെ ആത്മാവ് അംബേദ്കർ തന്നെ. അതിനാൽ ആ പേര് നൽകിയത് അനുചിതമാണെന്ന് പറയാനാകില്ല.
സിനിമയെ ചൂണ്ടിക്കാട്ടി, ദളിത് വിഭാഗങ്ങൾക്കായി പോരാടുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് കേരളത്തിൽ വ്യാപകമായി നടക്കുന്നത്. പ്രത്യേകിച്ച് രാജ്യമെങ്ങും ഉണ്ടായിട്ടുള്ള ദളിത് ഉണർവിന്റെ അലയൊലികൾ കേരളത്തിലുമെത്തുകയും ദളിത് വിഭാഗങ്ങളോടുള്ള കമ്യൂണിസ്റ്റ് നിലപാടിനെ നിരവധി ദളിത് പ്രവർത്തകർ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കമ്യൂണിസ്റ്റുകാർക്ക് ഈ സിനിമ ഒരു തുറുപ്പു ചീട്ടാണ്. ദളിത് രാഷ്ട്രീയം ഉന്നയിക്കുന്നവരെ സ്വത്വവാദികൾ എന്നാരോപിച്ച്, ഈ സിനിമ കാണാൻ ഉപദേശിച്ച് പലരും രംഗത്തെത്തിയിരിക്കുന്നത് കണ്ടു. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്.
വർഗസമര സിദ്ധാന്തവും തൊഴിലാളിവർഗ സർവാധിപത്യവും ലക്ഷ്യമാക്കുന്ന കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയവും അംബേദ്കർ രാഷ്ട്രീയവും തമ്മിൽ താൽക്കാലികമായി ചില സഖ്യങ്ങൾ ഉണ്ടാകാമെങ്കിലും ആത്യന്തികമായൊരു ഐക്യപ്പെടൽ എങ്ങനെയാണ് സാധ്യമാകുക? മനുഷ്യ സമൂഹത്തിന്റെ വികാസം വർഗ സമരത്തിലൂടെയാണെന്നും അതിലൂടെ മുൻ സാമൂഹ്യ സംവിധാനങ്ങളെ തകർത്ത് പുതിയ സംവിധാനങ്ങൾ രൂപം കൊടുക്കുകയാണെന്നും അതിന്റെ അനിവാര്യമായ തുടർച്ച മുതലാളിത്തത്തെ തകർത്ത് തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിക്കലാണെന്നും തൊഴിലാളി വർഗത്തിന് കീഴെ മറ്റൊരു വർഗവുമില്ലാത്തതിനാൽ പിന്നീട് തൊഴിലാളി വർഗ ഭരണകൂടം കൊഴിഞ്ഞുവീഴുമെന്നും കമ്യൂണിസ്റ്റ് സമൂഹം സ്ഥാപിക്കപ്പെടുമെന്നും വിശ്വസിക്കുന്ന വർഗ സമര സിദ്ധാന്തത്തിൽ അംബേദ്കർ ഏറ്റവുമധികം സംസാരിച്ച ജാതിക്കും ജാതീയ പീഡനങ്ങൾക്കും സ്ഥാനമെവിടെ, തൊഴിലാളി വർഗം തന്നെ ജാതീയമായി വിഭജിച്ചുകിടക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത്. ജാതീയമായ വിഭജനത്തിനും പീഡനത്തിനും സമാനമായ എന്തെങ്കിലും പീഡനം ലോക ചരിത്രത്തിലുണ്ടായിട്ടുണ്ടോ? ജനനം കൊണ്ടു തന്നെ മനുഷ്യർ തുല്യരല്ല എന്നും മേലാളരായി ജനിച്ചവർക്ക് കീഴാളരെ എന്തു ചെയ്യാനും അവകാശമുണ്ടെന്നു എല്ലാവരെയും വിശ്വസിപ്പിക്കുന്നതിൽ വിശ്വസിപ്പിച്ച മനുസ്മൃതിക്കു സമാനമായൊരു ആശയ സംഹിതയും ഇന്നോളമുണ്ടായി കാണില്ല. ആ മനുസ്മൃതി മൂല്യങ്ങൾ ഇപ്പോഴും ശക്തമായി നിലനിൽക്കുന്ന ഒരു രാജ്യത്ത് അതേക്കുറിച്ചു സംസാരിക്കാതെ സംഘടിത തൊഴിലാളി വർഗത്തിന്റെ സർവാധിപത്യം സ്ഥാപിക്കപ്പെട്ടാൽ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമായി എന്നു വിശ്വസിക്കുന്നവർക്ക് അംബേദ്കറെ മനസ്സിലാക്കാനാവുമോ?
ജനാധിപത്യത്തെ ഒരു ഭരണകൂട രൂപം മാത്രമായാണ് കമ്യൂണിസ്റ്റുകാർ കാണുന്നത്. വെറും ഭരണകൂട രൂപമല്ല, ബൂർഷ്വാ ഭരണകൂട രൂപം. അതിനെ തകർത്ത് തൊഴിലാളി വർഗ സർവാധിപത്യം സ്ഥാപിക്കുമെന്നു പറയുന്നതോടൊപ്പം കമ്യൂണിസ്റ്റുകാർ പറയുന്ന മറ്റൊരു വാചകമുണ്ട്. അത് തൊഴിലാളി വർഗത്തിന്റെ മുന്നണിപ്പോരാളി കമ്യൂണിസ്റ്റ് പാർട്ടിയാണ് എന്നതാണ്. അതായത് കമ്യൂണിസ്റ്റ് പാർട്ടി സർവാധിപത്യം തന്നെ. മറുവശത്ത് ഒരു സർവാധിപത്യത്തെയും അംഗീകരിക്കാത്ത വ്യക്തിയായിരുന്നു അംബേദ്കർ. അദ്ദേഹത്തിന് ജനാധിപത്യം ഒരു ഭരണകൂട രൂപം മാത്രമായിരുന്നില്ല. അതോടൊപ്പം അദ്ദേഹം ഊന്നിയത് സാമൂഹ്യ ജനാധിപത്യം എന്ന ആശയത്തിലുമായിരുന്നു. ജനാധിപത്യത്തിൽ സാമൂഹിക ഘടനക്ക് രാഷ്ട്രീയ ഘടനക്ക് മേൽ വലിയ സ്വാധീനമുണ്ടെന്ന് അംബേദ്കർ കണ്ടിരുന്നു. മനുഷ്യ സമൂഹത്തിന്റെ എല്ലാ നിയമങ്ങൾക്കും പിന്നിൽ മനുഷ്യനാണ്. സമൂഹമാണ് ഭരണകൂടത്തേക്കാൾ പ്രധാനപ്പെട്ടത്; മനുഷ്യനെ സേവിക്കാൻ മാത്രമുള്ളതാണ് ഭരണകൂടം എന്നാണ് അദ്ദേഹം വിശ്വസിച്ചത്. സാമൂഹ്യ ഘടനയിൽ ജനാധിപത്യ വികാസമില്ലാതെ, ബ്രിട്ടീഷുകാർ പോയി ഇന്ത്യക്കാർ ഭരിച്ചാലും തങ്ങൾക്ക് കാര്യമായ വ്യത്യാസമുണ്ടാകാനിടയില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഈ യാഥാർത്ഥ്യം തിരിച്ചറിയാതെ, വർഗ സമരത്തെ കുറിച്ച് ഘോരഘോരം സംസാരിച്ച കമ്യൂണിസ്റ്റുകാരെ അദ്ദേഹം വിശേഷിപ്പിച്ചത് ബ്രാഹ്മിൺ ബോയ്‌സ് എന്നായിരുന്നു. അതെത്ര ശരിയായിരുന്നു എന്ന് ഇപ്പോഴും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. തങ്ങൾ നിർദേശിച്ച സാമ്പത്തിക സംവരണമാണ് കേന്ദ്രം നടപ്പാക്കിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി അഭിമാനപൂർവം പറഞ്ഞിട്ട് അധിക കാലമായില്ലല്ലോ.
അധികാരത്തിൽ നിന്നും മുഖ്യധാരയിൽ നിന്നും സഹസ്രാബ്ദങ്ങൾ പുറത്തു നിർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക്, നിഷേധിക്കപ്പെട്ടയിടങ്ങളിലേക്ക് തിരിച്ചെത്താനുള്ള ഒരു ചെറിയ ആശ്വാസം എന്ന രീതിയിൽ മാത്രം നടപ്പാക്കപ്പെട്ട ജാതി സംവരണത്തിന്റെ രാഷ്ട്രീയത്തെ തകർക്കുന്ന സാമ്പത്തിക സംവരണമെന്നു പേരിട്ട, ഫലത്തിൽ സവർണ സംവരണമായ ഒന്നിനായി പോരാടിയതും സംഘപരിവാർ ഭരണകൂടത്തെക്കൊണ്ട് അംഗീകരിപ്പിച്ചതും തങ്ങളാണെന്ന് അഭിമാനിക്കുന്നവർക്ക് എന്ത് അംബേദ്കർ? ഹിന്ദു എന്നാൽ ഒന്നല്ല എന്നതിന്റെ ജീവിക്കുന്ന തെളിവായ ജാതി നിലനിൽക്കുന്നു എന്നു പറയാൻ സംഘപരിവാറുകാർക്ക് കഴിയാത്ത പോലെ തങ്ങളുടെ ഉദാത്ത വിപ്ലവ വർഗമായ സംഘടിത തൊഴിലാളി വർഗത്തെ വിഭജിക്കുന്ന ജാതി എന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ കമ്യൂണിസ്റ്റികാർക്കും കഴിയില്ലല്ലോ...
സിനിമയിലേക്കു തന്നെ തിരിച്ചുവരാം. തളർച്ചയോടെയല്ലാതെ ഈ സിനിമയിലെ ലോക്കപ്പ് മർദനങ്ങൾ ആർക്കും കാണാനാവില്ല. അടിയന്തരാവസ്ഥയിൽ കേരളത്തിൽ നടന്ന രാജൻ കേസും പലപ്പോഴും പരാമർശിക്കപ്പെടുന്നു. എന്നാൽ അടിയന്തരാവസ്ഥക്കാലത്തെ സർക്കാരിനു ശേഷം (ആ സർക്കാരിന്റെയും നേതൃത്വം കമ്യൂണിസ്റ്റ് നേതാവായ ഒരു മേനോനായിരുന്നു എന്നതവിടെ നിൽക്കട്ടെ) ഏറ്റവുമധികം ലോക്കപ്പ് മർദനവും കൊലകളും പോലീസ് അതിക്രമവും നടന്നത് കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്താണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അത്തരത്തിൽ പീഡിപ്പിക്കപ്പെട്ടവരിൽ വലിയൊരു വിഭാഗം വിനായകനെ പോലുള്ള ദളിതർ തന്നെ. കഴിഞ്ഞില്ല, നക്‌സൽ വർഗീസിനു ശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞ് ആദ്യമായി പോലീസ് വ്യാജ ഏറ്റുമുട്ടൽ കൊലകൾ നടത്തിയതും കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. ഈ സാഹചര്യത്തിൽ ലോക്കപ്പ് കൊലയെ പ്രമേയമാക്കിയ ഈ സിനിമയെക്കുറിച്ച് സംസാരിക്കാൻ എന്തവകാശമാണ് പിണറായി സർക്കാരിനെ പിന്തുണക്കുന്നവർക്കുള്ളത്?