Sorry, you need to enable JavaScript to visit this website.

അഗതികൾക്കായി ഒരു ജീവിതം

കുഷ്ഠരോഗം ബാധിച്ച് ഒരു സ്ത്രീ മരിച്ചു. മൃതശരീരം കുളിപ്പിക്കാൻ പോലും ആരും തയ്യാറായില്ല. മക്കൾ രണ്ടുപേരും ഫാത്തിമയോട് ഇക്കാര്യം കരഞ്ഞുകൊണ്ടു പറഞ്ഞു. ചികിത്സയിലൂടെ പൂർണമായി ഭേദപ്പെടുമെന്ന് പറയുമ്പോഴും അറപ്പോടെയും അകൽച്ചയിലും മാത്രമേ സമൂഹം ഇപ്പോഴും കുഷ്ഠരോഗികളെ കാണുന്നുള്ളൂ. എന്നാൽ ഫാത്തിമ മുഖം തിരിച്ചില്ല. സാരിക്കു മുകളിൽ ഒരു തുണി ചുറ്റി ഫാത്തിമ മരിച്ച സ്ത്രീയെ കുളിപ്പിച്ചു. ഇതു കണ്ട് സംസ്‌കാര ചടങ്ങിനെത്തിയവർ ചെറിയൊരു തുക ഫാത്തിമയ്ക്കു നൽകിയെങ്കിലും അവർ നിരസിച്ചു. പ്രതിഫലത്തിനു വേണ്ടിയല്ല ഇതു ചെയ്തത്. മരിച്ചുകഴിഞ്ഞിട്ടും തൊടാൻ ആരുമില്ലെന്നു കണ്ടു ചെയ്തതാണെന്നായിരുന്നു ഫാത്തിമയുടെ മറുപടി. 


സ്രഷ്ടാവിന്റെ കയ്യൊപ്പ് പതിഞ്ഞ ചില ജീവിതങ്ങളുണ്ട്. കല്ലായി പുഴയോരത്തെ ഒറ്റ മുറി ലൈൻ മുറിയിൽ കഴിയുന്ന ഫാത്തിമ ഹജ്ജുമ്മയെ പോലുള്ളവർ. ആതുര സേവനം ജീവിത വ്രതമാക്കിയ ഒരു ജന്മം. കുഷ്ഠരോഗം പോലുള്ള മാറാവ്യാധികൾ പിടിപെട്ടവരെ സാന്ത്വന സ്പർശത്തിലൂടെ സുഖപ്പെടുത്തുകയാണ് ഫാത്തിമയുടെ ജീവിത ലക്ഷ്യം.
കല്ലായി പാലത്തിനടിയിലൂടെയുള്ള വഴിയിൽ പവിത്ര ഇൻഡസ്ട്രീസിനു പിന്നിലായി പഴകിയ ഒരു ലൈൻ മുറിയിൽ ഫാത്തിമ ഒറ്റയ്ക്കാണ്. മക്കൾ രണ്ടുപേരും രണ്ടു ദിക്കിൽ. പ്രായമേറെയായെങ്കിലും അവരെയൊന്നും ആശ്രയിക്കാതെ രോഗീ പരിചരണത്തിലൂടെ ജീവിതത്തിന് പൂർണത കണ്ടെത്തുകയാണവർ.

ഫാത്തിമ വെൽഫെയർ പാർട്ടിയുടെ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

സമ്പന്ന കുടുംബത്തിലായിരുന്നു ഫാത്തിമയുടെ ജനനം. കൊണ്ടോട്ടിയിലെ യാരത്ത് പറമ്പ് ആലങ്ങാടൻ കുടുംബത്തിൽ മുഹമ്മദിന്റെയും ഹജീമയുടെയും ഏഴു മക്കളിൽ മൂത്തയാളായിരുന്നു ഫാത്തിമ. പതിമൂന്നാം വയസ്സിലാണ് റെയിൽവേയിൽ പോർട്ടറായ പുഴവക്കത്ത് കുഞ്ഞിമൊയ്തീനെ വിവാഹം കഴിച്ച് അവർ കോഴിക്കോട്ടെത്തിയത്.
ഭർത്താവിന്റെ സഹോദരി മറിയക്കുട്ടിയെ ചികിത്സിച്ചുകൊണ്ടായിരുന്നു ഫാത്തിമ ആതുരസേവനം തുടങ്ങിയത്. ഭർത്തൃവീട്ടിലായിരുന്ന മറിയക്കുട്ടിയുടെ വിരൽ ഒരു ദിവസം മുറിഞ്ഞുവീണു. രണ്ടാമത്തെ വിരലും ഒടിഞ്ഞുതൂങ്ങിയപ്പോഴാണ് ഭർത്തൃസഹോദരിയെയും കൂട്ടി ഫാത്തിമ മേരിക്കുന്ന് ആശുപത്രിയിലെത്തിയത്. പരിശോധിച്ച ഡോക്ടറുടെ നിർദ്ദേശപ്രകാരം ത്വക്‌രോഗാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥലപരിചയമില്ലാത്ത ഫാത്തിമയെയും മറിയക്കുട്ടിയെയും ഡോക്ടർമാർ തന്നെയാണ് സൈക്കിൾ റിക്ഷ ഏർപ്പാടാക്കി ചേവായൂരിലെ ത്വക്‌രോഗാശുപത്രിയിലേയ്ക്ക് പറഞ്ഞുവിട്ടത്. പരിശോധിച്ചുകഴിഞ്ഞപ്പോൾ രോഗം മൂർധന്യാവസ്ഥയിലാണെന്നും അഡ്മിറ്റ് ചെയ്യണമെന്നുമായി. അല്ലെങ്കിൽ കാലു തന്നെ മുറിച്ചു മാറ്റേണ്ടിവരും. അതോടെ സഹോദരിക്കു തുണയായി പോയ ഫാത്തിമയും അവിടെ തങ്ങി.

ഫാത്തിമക്ക് ലഭിച്ച പുരസ്‌കാരങ്ങൾ.

ഒരു ദിവസം ആശുപത്രിയിലെത്തിയപ്പോൾ കണ്ട കാഴ്ച ഫാത്തിമയുടെ മനസ്സിളക്കുന്നതായിരുന്നു. കുഷ്ഠരോഗം ബാധിച്ച് ഒരു സ്ത്രീ മരിച്ചു. മൃതശരീരം കുളിപ്പിക്കാൻ പോലും ആരും തയ്യാറായില്ല. മക്കൾ രണ്ടുപേരും ഫാത്തിമയോട് ഇക്കാര്യം കരഞ്ഞുകൊണ്ടുപറഞ്ഞു. ചികിത്സയിലൂടെ പൂർണമായി ഭേദപ്പെടുമെന്ന് പറയുമ്പോഴും അറപ്പോടെയും അകൽച്ചയിലും മാത്രമേ സമൂഹം ഇപ്പോഴും കുഷ്ഠരോഗികളെ കാണുന്നുള്ളൂ. എന്നാൽ ഫാത്തിമ മുഖം തിരിച്ചില്ല. സാരിക്കു മുകളിൽ ഒരു തുണി ചുറ്റി ഫാത്തിമ മരിച്ച സ്ത്രീയെ കുളിപ്പിച്ചു. ഇതു കണ്ട് സംസ്‌കാര ചടങ്ങിനെത്തിയവർ ചെറിയൊരു തുക ഫാത്തിമയ്ക്കു നൽകിയെങ്കിലും അവർ നിരസിച്ചു. പ്രതിഫലത്തിനു വേണ്ടിയല്ല ഇതു ചെയ്തത്. മരിച്ചു കഴിഞ്ഞിട്ടും തൊടാൻ ആരുമില്ലെന്നു കണ്ടു ചെയ്തതാണെന്നായിരുന്നു ഫാത്തിമയുടെ മറുപടി.
അര നൂറ്റാണ്ടിലേറെയായി സമൂഹം അകറ്റി നിർത്തിയ രോഗികൾക്കിടയിലാണ് ഫാത്തിമയുടെ ജീവിതം. രോഗികളുടെ വ്രണങ്ങൾ കഴുകി വൃത്തിയാക്കി മരുന്നുവെച്ച് കെട്ടിയും കുളിപ്പിച്ചും കൂടപ്പിറപ്പുകളെ പോലെ ചേർത്തുപിടിച്ച് മാതൃസ്‌നേഹം പകർന്നുനൽകുകയുമാണ് ഫാത്തിമ. ആദ്യ കാലത്ത് എല്ലാ ദിവസവും രാവിലെ തന്നെ ആശുപത്രിയിലെത്തിയിരുന്നു. ഉച്ചവരെ രോഗികളെ പരിപാലിച്ചതിനു ശേഷമായിരുന്നു മടക്കം. ഇപ്പോൾ ആരോഗ്യ സ്ഥിതി മോശമായി. കാലിലെ വേദന കാരണം ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും പോകും. കൈയിലൊരു പ്ലാസ്റ്റിക് കവറുമായി ബസ് കയറി ചേവായൂരിലെ ത്വക്‌രോഗാശുപത്രിയിൽ എത്തും. തന്നെ കാത്തിരിക്കുന്ന കുറെ നിസ്സഹായ ജന്മങ്ങളുണ്ടവിടെ. അവരെ സ്‌നേഹിച്ചും പരിചരിച്ചും അവർക്കിടയിൽ കഴിയാൻ ഫാത്തിമയ്ക്ക് യാതൊരു മടിയുമില്ല. പലർക്കുമറിയില്ല ഈ അമ്മയുടെ നിശ്ശബ്ദ സേവനം. അറിയിക്കാൻ അവർക്ക് താൽപര്യവുമില്ല. എങ്കിലും അറിയാവുന്നവർ കഴിയും വിധം ഈ അമ്മയെ സഹായിക്കാനായി കൂടെയുണ്ട്. വീട്ടിൽ അവിടവിടെയായി കാണുന്ന കുറെ പുരസ്‌കാരങ്ങൾ തന്നെ അതിന് തെളിവ്. അവ കൃത്യമായി സൂക്ഷിക്കാൻ പോലും ആ വീട്ടിൽ ഇടമില്ല.
രോഗം പകരുമോ എന്ന ഭയമാണ് സമൂഹത്തെ ഇക്കൂട്ടരിൽനിന്നും മാറ്റി നിർത്തുന്നത്. എന്നാൽ ഫാത്തിമയ്ക്ക് അത്തരം പേടിയൊന്നുമില്ല. മുൻപൊരിക്കൽ പകരുന്ന ത്വക്‌രോഗമുള്ള കുറെ പട്ടാളക്കാർ ആശുപത്രിയിലുണ്ടായിരുന്നു. അവർക്ക് സക്കാത്ത് നൽകാനായി പോയപ്പോൾ ജീവനക്കാർ തടഞ്ഞത് ഇന്നും ഫാത്തിമയ്ക്ക് മറക്കാനാവില്ല.

ഫാത്തിമക്ക് ലഭിച്ച പുരസ്‌കാരങ്ങൾ.


ഭർത്തൃസഹോദരി മറിയക്കുട്ടിയെ മുപ്പത്തഞ്ചാം വയസ്സിലായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു വർഷം മുൻപ് തൊണ്ണൂറാം വയസ്സിൽ അവർ മരണമടയുന്നതു വരെ ഫാത്തിമയുടെ പരിചരണമുണ്ടായിരുന്നു. അവരോടൊപ്പം മറ്റു രോഗികളെയും സ്വന്തം കൂടപ്പിറപ്പുകളെപോലെ ഫാത്തിമ പരിചരിച്ചു. മരുന്നു വാങ്ങാനായി ലഭിക്കുന്ന പണത്തിൽനിന്നും മിച്ചം പിടിച്ച് എല്ലാ മാസവും രണ്ടു ചാക്ക് അരിയും രോഗികൾക്ക് കാലിലണിയാൻ സോക്‌സും ആശുപത്രിയിലെത്തിക്കാനും ഫാത്തിമ മറക്കാറില്ല.
ആദ്യ കാലത്ത് ആശുപത്രിയിലെത്തുമ്പോൾ തന്നെയും അകത്തേയ്ക്ക് കയറ്റിയിരുന്നില്ലെന്ന് ഫാത്തിമ ഓർക്കുന്നു. പാസ് വാങ്ങിയായിരുന്നു പ്രവേശനം. നിത്യസന്ദർശകയായതിനാൽ ആശുപത്രി കവാടങ്ങൾ അവർക്കായി തുറന്നുവെച്ചു.
മതത്തിന്റെ വേലിക്കെട്ടുകൾ ഈ മഹതിക്കു മുന്നിൽ വെല്ലുവിളിയാകുന്നില്ല. ജാതിമതഭേദമില്ലാതെ എല്ലാവരേയും സ്‌നേഹിക്കാനും സഹായിക്കാനും വെമ്പുന്ന ആ മനസ്സിൽ എവിടെയാണ് ജാതി ചിന്ത. 'ഭൂമിയിലെ ജീവിതത്തിനു ശേഷം അല്ലാഹുവിന്റെ സ്വർഗത്തിലെത്താൻ നല്ല കർമ്മങ്ങൾ ചെയ്യണം. മനുഷ്യന്മാരെയാണ് ഞാൻ പരിചരിക്കുന്നത്. എല്ലാവരും എന്റെ കൂടപ്പിറപ്പുകളാണ്. രോഗം ആർക്കും എപ്പോൾ വേണമെങ്കിലും വരാം. മനുഷ്യരെ മതം കൊണ്ട് ഒരിക്കലും വേർതിരിക്കരുത്.'' ഇതാണ് ഫാത്തിമയുടെ മതം.
രണ്ടാൺമക്കളാണ് ഫാത്തിമയുടെ സമ്പാദ്യം. മൂത്ത മകൻ ആലിക്കോയ മൈസൂരിലാണ് താമസം. പ്രവാസ ജീവിതത്തിനു ശേഷം ആരോഗ്യപരമായ അവശതകളാൽ മക്കളോടൊപ്പം അവിടെ കഴിയുന്നു. ഇളയ മകൻ ഹംസക്കോയ ഓട്ടോ ഡ്രൈവറാണ്. ഭാര്യയും മക്കളുമൊത്ത് കൊളത്തറയിലാണ് താമസം. ഫാത്തിമ ആരേയും ബുദ്ധിമുട്ടിക്കാതെ തന്റേതായ പ്രവൃത്തികളിൽ മുഴുകിക്കഴിയുന്നു.


ഫാത്തിമ ഹജ്ജുമ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ കോഴിക്കോട്ടുകാരും മടിക്കാറില്ല. 2011 ൽ ലഭിച്ച ഡോക്ടർ പി.കെ. അബ്ദുൾ ഗഫൂർ പുരസ്‌കാരം അക്കൂട്ടത്തിലൊന്നാണ്. എം.ഇ.എസ് ജില്ലാ യൂത്ത് വിംഗാണ് ഈ അംഗീകാരം നൽകിയത്. 2012 ൽ കോഴിക്കോട്ട് നടന്ന തന്റേടം ജെൻഡർ ഫെസ്റ്റിവലിൽ ആരോഗ്യ പരിരക്ഷയ്ക്കുള്ള മഹിളാ തിലകം അവാർഡിനും ഫാത്തിമ അർഹയായിരുന്നു. കൂടാതെ ഇക്കഴിഞ്ഞ ജനുവരി 24 ന് ടി.പി. മുസ്തഫ അവാർഡും ലഭിച്ചു. അയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഫാത്തിമയ്ക്കു സമ്മാനിച്ചത്. വെൽഫെയർ പാർട്ടിയും പുരസ്‌കാരം നൽകി ഫാത്തിമയെ ആദരിച്ചു.
പ്രായം എൺപത്തിയാറായെങ്കിലും വിശ്രമ ജീവിതത്തിന് ഫാത്തിമ തയ്യാറല്ല. അനാഥർക്ക് ആശ്രയവും ആശ്വാസവുമായി തന്റെ ജീവിതയാത്ര തുടരുകയാണവർ. ഫാത്തിമയുടെ ഫോൺ നമ്പർ: 9947304441.

 



 

Latest News