Sorry, you need to enable JavaScript to visit this website.

ജി. സുധാകരനെതിരെ വീണ്ടും അച്ചടക്ക നടപടി, ഇത്തവണ പരസ്യശാസന

തിരുവനന്തപുരം- അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുണ്ടായ വീഴ്ചയില്‍ മുന്‍ മന്ത്രിയും സംസ്ഥാന കമ്മറ്റി അംഗവുമായ ജി. സുധാകരനെ പാര്‍ട്ടി പരസ്യമായി ശാസിക്കും.

അമ്പലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

സി.പി.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്ന ഏക നേതാവ് ജി. സുധാകരനാണ്. ആലപ്പുഴയിലെ  പ്രചാരണത്തില്‍ സുധാകരന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായി. ഇടത് സ്ഥാനാര്‍ഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സി.പി.എം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എളമരം കരീം, കെ.ജെ. തോമസ് എന്നിവരാണ് സുധാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ അംഗങ്ങള്‍.

സി.പി.എമ്മിന്റെ സംഘടനാ നടപടിയില്‍ മൂന്നാമത്തേതാണ്  പരസ്യശാസന. ഇതിന്റെ ഭാഗമായി സുധാകരനെതിരെ നടപടിയെടുത്ത കാര്യം പാര്‍ട്ടി കീഴ്ഘടകങ്ങളിലും മാധ്യമങ്ങളിലും അറിയിക്കും. രണ്ടാം തവണയാണ് ജി. സുധാകരന്‍ പാര്‍ട്ടി അച്ചടക്കനടപടി നേരിടുന്നത്.

 

Latest News