തിരുവനന്തപുരം- പണിമുടക്കില്‍ പങ്കെടുക്കാത്ത കെഎസ്ആര്‍ടിസി ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി സിഎംഡിയുടെ നിര്‍ദ്ദേശം. ഒരു വിഭാഗം ജീവനക്കാര്‍ മാത്രം പണിമുടക്ക് നടത്തുന്ന ഇന്ന് സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്താനാണ് നിര്‍ദ്ദേശം. ഇതിന് വേണ്ടി പരമാവധി സൗകര്യം ചെയ്യാന്‍ യൂണിറ്റ് ഓഫീസര്‍മാരോട് സിഎം ഡി നിര്‍ദേശിച്ചു. സമരത്തില്‍ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സര്‍വ്വീസുകള്‍ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുന്‍കൂട്ടി നിയോഗിക്കണമെന്നുമാണ് നിര്‍ദ്ദേശം.
ശനിയാഴ്ച വാരാന്ത്യ ദിനത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും യാത്രക്കാര്‍ തിരികെ വീട്ടില്‍ എത്തേണ്ടതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സര്‍വീസുകള്‍ നടത്തും. ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്‍കി പരമാവധി ട്രിപ്പുകള്‍ ഓടിക്കും. ആവശ്യ റൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ദീര്‍ഘദൂര സര്‍വ്വിസുകള്‍, ഒറ്റപ്പെട്ട സര്‍വ്വീസുകള്‍, പ്രധാന റൂട്ടുകളിലെ സര്‍വ്വിസുകള്‍ എന്നിങ്ങനെ അയക്കുന്നതിനും റിസര്‍വേഷന്‍ നല്‍കിയിട്ടുള്ള സര്‍വ്വീസുകള്‍ എന്നിവ നടത്തുകയും ചെയ്യും.