കുവൈത്ത് സിറ്റി - അറുപത് വയസ് പിന്നിട്ട വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് പുനരാരംഭിക്കാന്‍ മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. സെക്കണ്ടറിയും അതില്‍ കുറവും വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശികള്‍ക്കാണ് വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കുക. 60 പിന്നിട്ടവരെ വിലക്കി പതിനാലു മാസം മുമ്പ് പ്രഖ്യാപിച്ച തീരുമാനമാണ് മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് റദ്ദാക്കിയത്.
പ്രതിവര്‍ഷം 500 കുവൈത്തി ദീനാര്‍ വീതം ലെവി ഈടാക്കിയാണ് വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുക. കൂടാതെ ഇവര്‍ക്ക് പ്രതിവര്‍ഷം 500 കുവൈത്തി ദീനാര്‍ മുതല്‍ 700 കുവൈത്തി ദീനാര്‍ വരെ നിരക്കിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ ഏര്‍പ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.
അറുപതു വയസ് പിന്നിട്ടവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് വിലക്കാനുള്ള തീരുമാനം കുവൈത്തില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നിരവധി പേര്‍ ഇതിനെ എതിര്‍ത്ത് രംഗത്തെത്തി. ഇത്തരമൊരു തീരുമാനം കുവൈത്തിന് അപകീര്‍ത്തിയുണ്ടാക്കുമെന്ന് എതിര്‍ക്കുന്നവര്‍ പറഞ്ഞു. തീരുമാനത്തെ എതിര്‍ത്ത് കുവൈത്തികള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഫീസുകള്‍ പുനഃപരിശോധിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാനും മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.